ഫലസ്തീനെ അംഗീകരിക്കാന്‍ ഐറിഷ് എം പിമാരുടെ പിന്തുണ

Posted on: December 12, 2014 12:13 am | Last updated: December 11, 2014 at 11:14 pm

അയര്‍ലാന്‍ഡ്: ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്ന് ഐറിഷ് എം പിമാര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പാര്‍ലിമെന്റില്‍ ആരുടെയും എതിര്‍പ്പുകളില്ലാതെയാണ് പ്രതീകാത്മകമായി എം പിമാര്‍ ഈ ആവശ്യം മുന്നോട്ട് വെച്ചത്. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി, 1967ലെ അതിര്‍ത്തിപ്രകാരം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കണമെന്ന് എം പിമാര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. രണ്ട് രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താന്‍ ഈ നടപടി അനിവാര്യമാണെന്നും എം പിമാര്‍ പാര്‍ലിമെന്റില്‍ വ്യക്തമാക്കി. എന്നാല്‍, സര്‍ക്കാര്‍ ഈ നീക്കത്തെ എത്രത്തോളം പിന്തുണക്കുമെന്ന് ഉറപ്പായിട്ടില്ല.
അതേസമയം, ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന നടപടി വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് വിദേശകാര്യ മന്ത്രി ചാര്‍ലി ഫഌനഗ്‌നര്‍ പറഞ്ഞു. കഴിഞ്ഞ ഒക്‌ടോബര്‍ മൂതല്‍ വിവിധ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ ഫലസ്തീന്റെ രാഷ്ട്രപദവി അംഗീകരിച്ചുനല്‍കുമെന്ന് വ്യക്തമാക്കി മുന്നോട്ടുവന്നിരുന്നു. ഫ്രാന്‍സ്, ബ്രിട്ടന്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് ഇസ്‌റാഈലിനെ പ്രകോപിപ്പിക്കുന്ന ഈ നീക്കവുമായി നേരത്തെ രംഗത്തെത്തിയിരുന്നത്. ഇതിന് ശേഷമാണ് യുറോപ്യന്‍ യൂനിയനില്‍ അംഗമായ അയര്‍ലാന്‍ഡും സമാനമായ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. സ്വീഡന്‍ ഒരു പടികൂടി മുന്നോട്ടുപോയി, ഔദ്യോഗികമായി തന്നെ ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കിയിരുന്നു. ഈ നടപടിയില്‍ പ്രകോപിതരായി ഇസ്‌റാഈല്‍ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചിരുന്നു. കഴിഞ്ഞ ഒക്‌ടോബര്‍ 30നാണ് സ്വീഡന്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നത്. ഇതോടെ ഫലസ്തീനെ അംഗീകരിക്കുന്ന ലോക രാജ്യങ്ങളുടെ എണ്ണം 135 ആയി. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ആദ്യമായി ഫലസ്തീന് ഔദ്യോഗിക അംഗീകാരം നല്‍കിയതും സ്വീഡനായിരുന്നു. എന്നാല്‍ യൂറോപ്യന്‍ യൂനിയനില്‍ അംഗമാകുന്നതിന് മുമ്പ് തന്നെ, ബള്‍ഗേറിയ, സൈപ്രസ്, ചെക് റിപ്പബ്ലിക്, ഹംഗറി, മാല്‍ട്ട, പോളണ്ട്, റുമാനിയ, സ്ലോവാക്യ എന്നീ രാജ്യങ്ങള്‍ ഫലസ്തീന് അംഗീകാരം നല്‍കിയവരാണ്.