Connect with us

Articles

ചപ്പ കോളനിയില്‍ എങ്ങനെ മാവോയിസ്റ്റുകള്‍ വരാതിരിക്കും?

Published

|

Last Updated

വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ നിന്ന് 45 കിലോമീറ്റര്‍ റോഡ് യാത്ര. പിന്നെ ജീപ്പ് മാത്രം സഞ്ചരിക്കുന്ന ഇടവഴി. അതുകഴിഞ്ഞാല്‍ ഒരു കിലോമീറ്ററോളം നടപ്പ്. കുഞ്ഞോം വനത്തോട് ചേര്‍ന്നുള്ള ചപ്പ ആദിവാസി കോളനിയിലെത്തേണ്ടത് ഇങ്ങനെയാണ്. ഇവിടെ ജീവിക്കുന്ന കുടുംബങ്ങളില്‍ ആര്‍ക്കെങ്കിലും അടിയന്തര വൈദ്യസഹായം വേണ്ടി വന്നാല്‍ ഇതേ വഴി തിരികെ സഞ്ചരിക്കേണ്ടിവരും. അവര്‍ക്ക് വേണ്ട സമയത്ത് ജീപ്പ് കിട്ടിക്കൊള്ളണമെന്നില്ല. ജീപ്പ് കിട്ടിയാല്‍ തന്നെ അതിന്റെ കൂലി നല്‍കാന്‍ കൈയില്‍ പണമുണ്ടാവണമെന്നുമില്ല. ജീപ്പ് യാത്ര അനിവാര്യമായ നാലോ അഞ്ചോ കിലോമീറ്റര്‍ ഇവര്‍ നടന്നോ, രോഗിയെ ചുമന്നോ താണ്ടേണ്ടിവരും. ഇവരുടെ കുടിലുകളിലാണ് കഴിഞ്ഞ കുറേ നാളുകളായി സി പി ഐ (മാവോയിസ്റ്റ്) യുടെ, സായുധരായ പ്രവര്‍ത്തകര്‍ വന്നുപൊയ്‌ക്കൊണ്ടിരിക്കുന്നുവെന്ന് സംസ്ഥാന പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗം പറയുന്നത്. കഴിഞ്ഞ ദിവസം ചപ്പ കോളനിയോട് ചേര്‍ന്നുള്ള വനത്തില്‍ വെച്ച് തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളും (മാവോയിസ്റ്റുകളെ നേരിടാന്‍ കേരള സംസ്ഥാന പോലീസ് പ്രത്യേകം പരിശീലനം നല്‍കി തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നവര്‍) സി പി ഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നത് ഈ പറച്ചിലിന്റെ ക്ലൈമാക്‌സാണ്.
പല പഞ്ചവത്സര പദ്ധതികള്‍ കടന്നുപോകുകയും പട്ടിക വര്‍ഗക്കാര്‍ക്കായുള്ള പ്രത്യേക പദ്ധതികള്‍ പലത് നടപ്പാക്കപ്പെടുകയുമൊക്കെ കഴിഞ്ഞതിന് ശേഷമാണ് ചപ്പ കോളനി ഈ വിധമിരിക്കുന്നത്. പൊതുസമൂഹവുമായി യോജിച്ച് പോകുന്നതില്‍ ആദിവാസികള്‍ക്കുള്ള വിമുഖത, അവരുടെ പരമ്പരാഗത ജീവിതരീതി നിലനിര്‍ത്തുകയും ആ വംശം അന്യം നിന്ന് പോകാതെ നോക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത, വനവിഭവങ്ങള്‍ ശേഖരിക്കുകയോ പരമ്പരാഗത കൃഷി നടത്തുകയോ ചെയ്യുക എന്നതിനപ്പുറത്തെ തൊഴിലവസരങ്ങളിലേക്ക് അവര്‍ എത്താതിരിക്കുന്നത്- എന്നിങ്ങനെ പലതും സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് തടസ്സമായി പറയാനാകും. പക്ഷേ, അവരുടെ ജൈവവ്യവസ്ഥക്ക് ദോഷമുണ്ടാക്കാത്ത വിധത്തില്‍ ഈ കോളനിയിലേക്കൊരു റോഡ് നിര്‍മിക്കുന്നതിന് ഇതൊന്നും തടസ്സമല്ല. സ്വത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ വികസിത സമൂഹമായി വളരാന്‍ പാകത്തില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനും ഇതൊന്നും തടസ്സമല്ല. ഇത് ചപ്പ കോളനിയുടെ മാത്രം സ്ഥിതിയല്ല. ആദിവാസി വിഭാഗങ്ങളുള്ള എല്ലാ പ്രദേശങ്ങളിലേയും സ്ഥിതിയാണ്. പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങള്‍ മരിക്കുന്ന അട്ടപ്പാടിയുടെ കാര്യമെടുക്കുക. മരണം തുടര്‍ക്കഥയാകുമ്പോള്‍ വാര്‍ത്തയുണ്ടാകും. ഉടന്‍ ഭരണ സംവിധാനത്തിന്റെ പ്രതിനിധികളുടെ സന്ദര്‍ശനമുണ്ടാകും. പ്രതിപക്ഷത്തിന്റെ സമര/ആരോപണ പ്രഹസനങ്ങളുണ്ടാകും. ഇത് രണ്ടും അവസാനിക്കുന്നതോടെ മരണങ്ങളുടെ അടുത്ത പരമ്പരക്കുള്ള കാത്തിരിപ്പ് തുടങ്ങും.
കുഞ്ഞോം വനമേഖല, സി പി ഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകരുടെ ഒളിത്താവള കേന്ദ്രങ്ങളിലൊന്നാണെന്ന് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കുകയും ഏറ്റുമുട്ടല്‍ നടന്നതായി തണ്ടര്‍ബോള്‍ട്ട് സംഘം ആണയിടുകയും തീവ്രവാദികളുടെ തൊപ്പിയും കുപ്പായവും കിട്ടിയെന്ന് ഉത്തര മേഖലാ ഡി ഐ ജി സര്‍ട്ടിഫൈ ചെയ്യുകയും അതിനൊക്കെ വലിയ പ്രചാരം മാധ്യമങ്ങളിലൂടെ ലഭിക്കുകയും ചെയ്തതോടെ ഇവിടങ്ങളിലേക്ക് പോലീസിനോ അര്‍ധ സൈനിക വിഭാഗങ്ങള്‍ക്കോ എളുപ്പത്തില്‍ എത്തിപ്പെടേണ്ട ആവശ്യമുണ്ടായിരിക്കുന്നു. അതുകൊണ്ട് ഇവിടങ്ങളിലേക്ക് ഗതാഗത സൗകര്യം മെച്ചപ്പെടുത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം. മാവോയിസ്റ്റുകളെ നേരിടാന്‍ സംസ്ഥാനം പൂര്‍ണസജ്ജമാണെന്ന് പ്രഖ്യാപിച്ച ആഭ്യന്തര മന്ത്രി, നേരിടലിന് തടസ്സമായേക്കാവുന്ന ഗതാഗത പ്രശ്‌നം ഇല്ലാതാക്കാന്‍ ബദ്ധശ്രദ്ധനാകേണ്ടതുണ്ട്. മാവോയിസ്റ്റുകളക്കൊണ്ട് ചപ്പ പോലുള്ള കോളനി നിവാസികള്‍ക്ക് ഏറ്റമെളുപ്പത്തിലുണ്ടാകുന്ന നേട്ടം ഇതായിരിക്കും.
ചപ്പ കോളനിയില്‍ മാവോയിസ്റ്റുകള്‍ വന്നുംപോയുമിരിക്കുന്നുവെന്നാണ് ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. ഈ പോക്കുവരത്തുകാരെക്കൊണ്ട് എന്തെങ്കിലും പ്രയാസം നേരിട്ടതായി കോളനിവാസികളിലാരും ഇതുവരെ പറഞ്ഞിട്ടില്ല. കൊല്ലുമെന്ന് ഭീഷണിയുള്ളതിനാല്‍ പുറത്ത് പറയുന്നില്ല എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, ബോള്‍ട്ടായും അല്ലാതെയും കോളനികളിലേക്ക് എത്തുന്ന പോലീസുകാരെക്കൊണ്ട് പ്രയാസങ്ങളുണ്ടെന്ന് പറയാന്‍ കോളനിക്കാര്‍ മടിക്കുന്നില്ല. പോലീസുകാര്‍ ഭീഷണിപ്പെടുത്താത്തതുകൊണ്ട്, കോളനിവാസികള്‍ക്ക് അത് തുറന്ന് പറയാന്‍ സാധിക്കുന്നുവെന്ന്, രാജ്യത്തെ പോലീസുകാരെക്കുറിച്ച് കേട്ടറിവുള്ളവരാരും പറയാനിടയില്ല. മാവോയിസ്റ്റ് അനുകൂലിയെന്ന മുദ്രകുത്തി ആരെയും കേസില്‍ക്കുടുക്കാന്‍ പോലീസുകാര്‍ക്ക് മടിയില്ലെന്നതിന് ജീവിക്കുന്ന തെളിവുകളുണ്ട്. അനുകൂലിയെന്ന മുദ്രക്ക് തെളിവായി ലഘുലേഖകളോ നോട്ടീസുകളോ ഒക്കെ “കണ്ടെടുക്കുന്ന”തില്‍ പോലീസുകാര്‍ക്ക് ബുദ്ധിമുട്ടേറെയൊട്ടില്ലതാനും. എന്നിട്ടും മാവോയിസ്റ്റുകളെക്കൊണ്ടുള്ള ഉപദ്രവത്തെക്കുറിച്ച് പറയാതിരിക്കുന്ന കോളിനിവാസികള്‍ പോലീസുകാരെക്കൊണ്ടുള്ള ഉപദ്രവത്തെക്കുറിച്ച് പറയുന്നുവെങ്കില്‍ പ്രശ്‌നം ആര്‍ക്കെന്ന ചോദ്യം ഉത്തരമില്ലാതെ പ്രധാനമായി നില്‍ക്കും.
കുഞ്ഞോം വനത്തിലുണ്ടെന്ന് പറയുന്ന മാവോയിസ്റ്റുകളില്‍ കേരള പോലീസ് ചിത്ര സഹിതവും അല്ലാതെയും നല്‍കിയ പട്ടികയിലുള്ളവരുണ്ടാകാമെന്നും അവര്‍ വനത്തിലൂടെ കുറ്റിയാടിയിലേക്കിറങ്ങാനിടയുണ്ടെന്നും പറഞ്ഞാണ് താഴ്‌വരയിലും തെരച്ചില്‍ ആരംഭിച്ചത്. താഴ്‌വരയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്വാറിക്കുനേര്‍ക്ക് മുന്‍കാലത്ത് നടന്ന ആക്രമണവും അതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മാവോയിസ്റ്റുകള്‍ പുറപ്പെടുവിച്ച ദൃശ്യ – അച്ചടി സന്ദേശങ്ങളും ഓര്‍മയിലുള്ളതിനാല്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. തിരച്ചിലിനിടെ മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടുവെന്നതിന് തെളിവായി പക്രന്തളത്തു നിന്ന് വെടിയൊച്ച ഉയര്‍ന്നതായി ആകാശവീഥിയില്‍ അരുളപ്പാടുമുണ്ടായി. രാജ്യത്തെ ഭരണ സംവിധാനങ്ങളെയാകെ ഒളിച്ച്, വനാന്തരത്തില്‍ നിന്ന് വനാന്തരങ്ങളിലേക്ക് യാത്ര തുടരുന്ന മാവോയിസ്റ്റുകള്‍, തെരയുന്ന ബോള്‍ട്ട് സംഘാംഗങ്ങളില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആനന്ദാതിരേകത്താല്‍ വെടിയുതിര്‍ത്തുവെന്ന റിപ്പോര്‍ട്ട്, എല്ലാ വിവരങ്ങളും മുന്‍കൂട്ടി അറിയുന്ന ഇന്റലിജന്‍സ് വിഭാഗക്കാരില്‍പ്പോലും ഉള്‍പ്പുളകമുണ്ടാക്കിയത്രെ!
കേരളത്തിലെത്ര ക്വാറികളുണ്ട്? അതില്‍ അധികൃതമെത്ര, അനധികൃതമെത്ര? കണക്ക് കൃത്യമായുണ്ട് സംസ്ഥാന സര്‍ക്കാറിന്റെ പക്കല്‍. പലജാതി വ്യവഹാരങ്ങളുടെ ഭാഗമായി ഈ കണക്ക് ഉന്നത നീതിപീഠത്തിന്റെ മുന്നില്‍ എത്തിയിട്ടുമുണ്ട്. എന്നിട്ടും അനധികൃതങ്ങള്‍ അധികൃതങ്ങളേക്കാള്‍ വേഗത്തിലും താളത്തിലും പ്രവര്‍ത്തിക്കുന്നു. ഈ ഖനന പ്രക്രിയ, പരിസരവാസികള്‍ക്കുണ്ടാക്കുന്ന പ്രയാസങ്ങളെക്കുറിച്ച് പരാതികളുടെ പ്രളയമുണ്ട്. പരിസ്ഥിതിക്കേല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് പഠനങ്ങളുണ്ട്. ഇല്ലാതാകുന്ന ജൈവവൈവിധ്യം വരുംതലമുറകള്‍ക്കുണ്ടാക്കുന്ന പ്രയാസങ്ങളെക്കുറിച്ച് മുന്നറിയിപ്പുകളുമുണ്ട്. എന്നിട്ടും അനധികൃതങ്ങള്‍ക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ സര്‍ക്കാറുകള്‍ തയ്യാറാകാറില്ല. അതിന് കാരണമെന്തെന്ന് അറിയണമെങ്കില്‍ പത്തനംതിട്ടയിലെ ക്വാറികളാല്‍ സമൃദ്ധമായ പഞ്ചായത്തിലെത്തിയാല്‍ മതി. പഞ്ചായത്തംഗങ്ങളുടെയൊക്കെ സ്വത്ത് നാല് വര്‍ഷം കൊണ്ട് പലമടങ്ങ് ഇരട്ടിച്ചു. അനധികൃത ക്വാറികള്‍, അത് നടത്തുന്നതിന് ഭരണതലത്തില്‍ നിന്ന് ലഭിക്കുന്ന ഒത്താശ, അതിന് വേണ്ടി നല്‍കപ്പെടുന്ന കൈക്കൂലി, ക്വാറികള്‍ അനധികൃതമായതുകൊണ്ട് തന്നെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുമ്പോള്‍ വെട്ടിക്കപ്പെടുന്ന നികുതി എന്നിങ്ങനെ പല കാരണങ്ങളാല്‍ വിപണി, അധോലോകത്തേതാണ്. അതുകൊണ്ട് തന്നെ ക്രയവിക്രയം ചെയ്യപ്പെടുന്ന പണം കള്ളപ്പണമാണ്.
അനധികൃത പ്രവര്‍ത്തനങ്ങളേയും അധോലോക വിപണിയേയും സംരക്ഷിക്കാന്‍ യാതൊരു മടിയും കാട്ടാത്ത ഭരണകൂടമാണ്, അനധികൃത ക്വാറിക്കു നേര്‍ക്ക് ആക്രമണം നടത്തിയെന്നതിന്റെ പേരില്‍ മാവോയിസ്റ്റുകളെന്ന് ആരോപിക്കപ്പെടുന്നവരുടെ പേരില്‍ (അവരാണെന്നതിന് അവരുടെ അവകാശവാദമല്ലാതെ പോലീസിന്റെ പക്കല്‍ തെളിവൊന്നുമില്ലെന്നാണ് ഇതുവരെയുള്ള വിവരം) നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ചുമത്തുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ക്കുമേലല്ലേ ഈ നിയമത്തിലെ വ്യവസ്ഥകള്‍ ചുമത്തേണ്ടത് എന്ന് തിരികെച്ചോദിക്കരുത്. കാരണം, ആ ചോദ്യം മാവോയിസ്റ്റുകളെ ന്യായീകരിക്കുന്നതും അവരെ ഭരണകൂടം ഭീകരവാദികളായി പ്രഖ്യാപിച്ചിരിക്കയാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതുമാകും.
സംസ്ഥാനത്തെ ആദിവാസിക്കുട്ടികളൊഴിച്ചാല്‍, ബാക്കി പ്രദേശങ്ങളൊക്കെ ഏറെക്കുറെ നഗരവത്കരിക്കപ്പെടുകയും സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലങ്ങളെ ആവോളം പാനം ചെയ്യാന്‍ പാകത്തില്‍ ജനം പാകപ്പെടുകയും ചെയ്തതാണ് കേരളം. ഇതിനകം കിട്ടിയതിന് പുറത്തുള്ള സുഖസൗകര്യങ്ങളെന്തൊക്കെ എന്ന് അന്വേഷിക്കുന്നതില്‍ മുഴുകിക്കഴിയുന്ന ജനതയും പീഡനക്കേസില്‍ പ്രതികളാകാന്‍ മത്സരിക്കുന്ന പുരുഷന്‍മാരുമുള്ള നാട്. അവര്‍ക്കിടയില്‍ സായുധ വിപ്ലവത്തിന്റെ വിത്ത് പാകാന്‍ മാവോയിസ്റ്റുകളെത്തുമെന്ന് പ്രതീക്ഷിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അബദ്ധമാണ്. അഥവാ എത്തിയാല്‍ തന്നെ, അവരെ ഒറ്റുകൊടുത്ത് ഭരണകൂടം പ്രഖ്യാപിച്ച പാരിതോഷം കൈപ്പറ്റാന്‍ വരിനില്‍ക്കും നമ്മുടെ ജനം. ചപ്പ പോലുള്ള കോളനികളിലൊക്കെ, സി പി ഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകര്‍ വന്നുപോയിട്ടുണ്ടാകാം. ഉള്ളതിലോരി കോളനിവാസികള്‍ കൊടുത്തിട്ടുമുണ്ടാകാം. അത് മാവോയിസ്റ്റുകളാണെന്ന് അറിഞ്ഞിട്ടോ, ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് “ഞാളു”ടെ ദുരിതം മാറി, നല്ലകാലം വരുമെന്ന് പ്രതീക്ഷിച്ചിട്ടോ ആകണമെന്നില്ല. അലഞ്ഞെത്തി, അന്നം ചോദിക്കുന്നവര്‍ക്ക് മുന്നില്‍ ഇല്ലെന്ന് പറയാനുള്ള പ്രയാസം കൊണ്ടാകണം. അല്ലെങ്കില്‍ ഇവരുടെ പക്കലുണ്ടെന്ന് പറയുന്ന തോക്കു കണ്ട് ഭയന്നിട്ടാകണം. കാട്ടില്‍ വേട്ടക്കോ കഞ്ചാവ് കൃഷിക്കോ ഇറങ്ങിയവര്‍ തോക്കുമായെത്തിയാലും ഇവര്‍ അന്നം കൊടുത്തുപോകും. അട്ടപ്പാടി മലനിരകളില്‍ കഞ്ചാവ് കൃഷിക്കിറങ്ങിയവര്‍ (ഇതിനും ഭരണകൂടത്തിന്റെ ഒത്താശ ഇല്ലെന്ന് കരുതാനാകില്ല) ഊരുകളിലെ സ്ത്രീകള്‍ക്ക് കുഞ്ഞുങ്ങളെ സമ്മാനിച്ച് മടങ്ങുന്നത് പഴങ്കഥയല്ലാത്തതിനാല്‍ ഈ സാധ്യതയും കാണാതിരിക്കാനാകില്ല.
ഇതൊക്കെ മുന്നില്‍ നില്‍ക്കെയാണ് മാവോയിസ്റ്റുകളെ നേരിടാന്‍ സര്‍വ സജ്ജമെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിക്കുന്നത്. ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കിയ പരേതരുടെതടക്കം ചിത്രങ്ങളുമായി വാര്‍ത്തകള്‍ ഊയലാടുന്നത്. വാഗ്ദത്ത ഭൂമി എവിടെ എന്ന് ചോദിച്ച് ആദിവാസികള്‍ സെക്രട്ടേറിയറ്റ് നടയില്‍ നില്‍പ്പ് തുടരുന്നത്.!

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest