Connect with us

Gulf

ദേശീയ ദിനം: നിയമലംഘനത്തിന് പിടിയിലായത് 280 വാഹനങ്ങള്‍

Published

|

Last Updated

അബുദാബി: ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങള്‍ നടത്തിയ 280 വാഹനങ്ങള്‍ പിടിച്ചെടുത്തതായി അബുദാബി പോലീസ് വെളിപ്പെടുത്തി. ഇവര്‍ക്ക് 2,000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയന്റും ചുമത്തിയിട്ടുണ്ട്. ദേശീയ ദിനവുമായി ബന്ധപ്പെട്ട് പോലീസ് പ്രഖ്യാപിച്ച നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതാണ് നടപടിക്ക് കാരണമായത്. ഗതാഗത നിയമലംഘനങ്ങള്‍, ദേശീയ ദിനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വാഹനങ്ങള്‍ അലങ്കരിക്കുന്ന മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തല്‍ തുടങ്ങിയവക്കെതിരായാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് അബുദാബി ്ട്രാഫിക് പോലീസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ എഞ്ചി. ഹുസൈന്‍ അല്‍ ഹാരിസി വെളിപ്പെടുത്തി.
അപകടകരമാംവിധം വാഹനം ഓടിക്കുക, വാഹനങ്ങളുടെ രൂപമാറ്റം വരുത്തുക, വേഗം വര്‍ധിപ്പിക്കാന്‍ യന്ത്രം മാറ്റുക, ലൈസന്‍സില്ലാതെ വാഹനം ഓടിക്കുക, മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ശബ്ദമലിനീകരണം നടത്തുക, ദേശീയ ദിനത്തില്‍ സഭ്യമല്ലാത്ത രീതിയില്‍ പെരുമാറുക തുടങ്ങിയ കാരണങ്ങളാലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നു വാഹനം ഓടിക്കുന്നവര്‍ വിട്ടുനില്‍ക്കാന്‍ ലക്ഷ്യമിട്ട് ദേശീയ ദിനത്തിന്റെ മുന്നോടിയായി അബുദാബി പോലീസിന്റെ നേതൃത്വത്തില്‍ വ്യാപകമായ ബോധവത്കരണം നടത്തുകയും നിയമലംഘകര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷവും ഇത്രയും അധികം നിയമലംഘനങ്ങള്‍ നടത്തിയെന്നത് പോലീസ് ഗൗരവത്തോടെ കാണുന്നതിനാലാണ് മാതൃകാപരമായ ശിക്ഷ നിയമലംഘകര്‍ക്ക് നല്‍കുന്നത്.
ദേശീയ ദിനം ആഘോഷിക്കുന്നത് തടയാന്‍ പോലീസിന് ആഗ്രഹമില്ല, എന്നാല്‍ നിയമത്തിന്റെ ചട്ടക്കൂടുകളില്‍ ഒതുങ്ങിയവണം. നിയമങ്ങള്‍ സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കുമാണെന്ന് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നവര്‍ ചിന്തിക്കണം. റോഡുകള്‍ മറ്റുള്ളവര്‍ക്ക് കൂടി സുരക്ഷിതമായി സഞ്ചരിക്കാനുള്ളതാണെന്ന് ഇത്തരക്കാര്‍ മറന്നുകൂടാ. നിരോധിച്ച സ്‌പ്രേകള്‍ ഉപയോഗിച്ചതിനാണ് ഏറ്റവും കൂടുതല്‍ പേര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഡ്രൈവര്‍മാരും യാത്രക്കാരും വാഹനത്തിന്റെ ജനലിലൂടെയും മേല്‍ക്കുരയിലൂടെയുമായിരുന്നു സ്േ്രപ മറ്റുള്ളവരുടെ ദേഹത്തേക്ക് ചീറ്റിയത്. വാഹനങ്ങളില്‍ വലിയ സ്പീക്കറുകളും ചിലര്‍ ഘടിപ്പിച്ചിരുന്നു. ഇത് റോഡ് ഉപയോഗിക്കുന്നവര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ മാസം ഒന്നിനും അഞ്ചിനും ഇടയില്‍ 23 വാഹനാപകടങ്ങളാണ് അബുദാബിയില്‍ സംഭവിച്ചത്. ഇതില്‍ മൂന്നു പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി.

Latest