Connect with us

Gulf

ഡെസര്‍ട്ട് സഫാരി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ലൈസന്‍സ്

Published

|

Last Updated

ദുബൈ: ഡെസര്‍ട്ട് സഫാരിക്കു പോകുന്ന ഡ്രൈവര്‍മാര്‍ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കി അനുമതിപത്രം വാങ്ങിയിരിക്കണമെന്ന് ആര്‍ടിഎ വ്യക്തമാക്കി. മരുഭൂമിയിലെ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും ഡ്രൈവിങ് മികവും ഇവര്‍ക്കുണ്ടായിരിക്കണം.
സഫാരി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ലൈസന്‍സ് ആണ് നല്‍കുന്നതെന്ന് ലൈസന്‍സിംഗ് വിഭാഗം ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ മര്‍സൂഖീ പറഞ്ഞു. അംഗീകാരമുള്ള ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇവര്‍ക്കു മികച്ചപരിശീലനം നല്‍കും. തുടര്‍ന്ന് പരീക്ഷ നടത്തി വിജയികള്‍ക്ക് ലൈസന്‍സ് വിതരണം ചെയ്യും. ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് വിഭാഗവുമായി സഹകരിച്ചാണിതു നടത്തുക.
പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡ്, ടൂറിസം വകുപ്പില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
ഡെസര്‍ട്ട് ഗൈഡ് എന്ന പ്രത്യേക നിര്‍ദ്ദേശസൂചിക തയ്യാറാക്കിയാണ് പരിശീലനം നല്‍കുന്നത്. ഡ്രൈവര്‍മാര്‍ മികവ് പുലര്‍ത്തുന്നവരാണെന്ന് അതത് ടൂര്‍ കമ്പനികളും ഉറപ്പാക്കണം. സ്‌പോണ്‍സറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും അപേക്ഷയോടൊപ്പം ഉണ്ടാകണം.
പരിശീലനം പൂര്‍ത്തിയാക്കാത്തവരെ വാഹനമോടിക്കാന്‍ അനുവദിക്കില്ല. യാത്രക്കാരുടെ ശാരീരിക-മാനസികാവസ്ഥ, മരുഭൂമിയിലെ സാഹചര്യങ്ങള്‍, കാലാവസ്ഥ, വാഹനത്തിന്റെ സാങ്കേതികമികവ് തുടങ്ങിയവ കണക്കിലെടുക്കണം. യു എ ഇയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ വിനോദസഞ്ചാരികള്‍ക്കു നല്‍കാന്‍ ഡ്രൈവര്‍ പ്രാപ്തനായിരിക്കണം. രാജ്യാന്തര നിലവാരമുള്ള സേവനം യാത്രക്കാര്‍ക്ക് ഉറപ്പാക്കും.
സേവനത്തിന്റെ മികവ് ഉയര്‍ത്തുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് ടൂറിസം വകുപ്പ് കോര്‍പ്പറേറ്റ് സപ്പോര്‍ട്ട് വിഭാഗം സി ഇഒ ഇബ്രാഹിം യാഖൂത് പറഞ്ഞു.

Latest