Connect with us

Wayanad

സാംസ്‌കാരിക രംഗത്തും മൂല്യച്യുതി: ടി പത്മനാഭന്‍

Published

|

Last Updated

കല്‍പ്പറ്റ: ആധുനിക വയനാടിന്റെ ശില്‍പികളില്‍ പ്രമുഖനായ എം കെ പത്മപ്രഭാഗൗഡരുടെ പേരില്‍ ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ സി.വി. ബാലകൃഷ്ണന് സമ്മാനിച്ചു.
കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ കഥാകൃത്ത് ടി പത്മനാഭനാണ് പുരസ്‌കാരം നല്‍കിയത്. 75000 രൂപയും പത്മരാഗകല്ല് പതിച്ച ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 1996 മുതല്‍ തുടര്‍ച്ചയായി ഈ പുരസ്‌കാരം നല്‍കി വരുന്നു. മാതൃഭൂമി മാനേജിങ് ഡയറക്ടറും പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയര്‍മാനുമായ എം പി വീരേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്രസംവിധായകന്‍ രഞ്ജിത്ത് പത്മപ്രഭാ അനുസ്മരണ പ്രഭാഷണം നടത്തി. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രന്‍, എന്‍ പി ഹാഫിസ് മുഹമ്മദ്, ഡോ. മിനി പ്രസാദ്, ഡോ. പി. ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു.
സി വി ബാലകൃഷ്ണനെ മാതൃഭൂമി ഡയറക്ടര്‍ എം.ജെ. വിജയപത്മനും വിശിഷ്ടാതിഥി ടി പത്മനാഭനെ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ പി ശ്രീകുമാറും പൊന്നാടയണിയിച്ചു.
എല്ലാ രംഗത്തുമെന്നതുപോലെ സാംസ്‌കാരിക രംഗത്തും മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ടി പത്മനാഭന്‍ പറഞ്ഞു. അര്‍ഹിക്കുന്ന കൈകളിലാണ് പത്മപ്രഭാപുരസ്‌കാരം എത്തിയത്. വ്യക്തിത്വമുള്ള വേറിട്ട ശബ്ദമാണ് ബാലകൃഷ്ണന്റെത്. പണം ഉള്ളത് കുറ്റമല്ല. അത് എങ്ങിനെ ചെലവഴിക്കുന്നു എന്നതാണ് പ്രധാനമെന്ന് രാമകൃഷ്ണ പരമഹംസര്‍ പറഞ്ഞിട്ടുണ്ട്. പത്മപ്രഭ തന്റെ ധനം വിനിയോഗിച്ചത് സമൂഹത്തിനു വേണ്ടിയാണ്.
സാഹിത്യരംഗത്ത് തനിക്കും പല പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മലയാള ചെറുകഥയുടെ കുലപതി എന്ന് വീരേന്ദ്രകുമാര്‍ നല്‍കിയ വിശേഷണം മികച്ച പുരസ്‌കാരമായി കാണുന്നുവെന്ന് പത്മനാഭന്‍ പറഞ്ഞു.

Latest