Connect with us

Wayanad

തേയില ഫാക്ടറികള്‍ക്ക് മുന്നില്‍ കര്‍ഷകരുടെ നിരാഹാര സമരം

Published

|

Last Updated

ഗൂഡല്ലൂര്‍: പച്ചതേയിലക്ക് ന്യായമായ വില നല്‍കണമെന്നാവശ്യപ്പെട്ട് ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്ക് ഇന്‍കോ മെമ്പേഴ്‌സ് മുന്നേറ്റ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ തേയില ഫാക്ടറികള്‍ക്ക് മുമ്പില്‍ നിരാഹാര സമരം നടത്തി.
ഗൂഡല്ലൂര്‍, പന്തല്ലൂര്‍, ബിദര്‍ക്കാട്, എരുമാട് ഇന്‍ഡികോ ഫാക്ടറികള്‍ക്ക് മുമ്പിലാണ് സമരം നടത്തിയത്. രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാല് വരെയാണ് നിരാഹാര സമരം നടത്തിയത്. നൂറുക്കണക്കിന് കര്‍ഷകര്‍ സമരത്തില്‍ പങ്കെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ക്ക് ഫാക്ടറികള്‍ക്ക് പച്ചതേയില നല്‍കിയില്ല. പച്ചതേയിലക്ക് 25 രൂപ തറ വില നിശ്ചയിക്കുക, ജില്ലാതല വില നിര്‍ണയ കമ്മിറ്റി തീരുമാനം നടപ്പിലാക്കുക, ജില്ലാതല വില നിര്‍ണയ കമ്മിറ്റി 05-11-14ന് നിര്‍ണയിച്ച വില ഹൈക്കോടതി സ്റ്റേ ഉത്തരവ് വാങ്ങാത്ത ഇന്‍ഡികോ ഫാക്ടറികള്‍ കര്‍ഷകര്‍ക്ക് നല്‍കുക, ഇന്‍ഡികോ ഫാക്ടറികളില്‍ ഉത്പാദിപ്പിക്കുന്ന ചായപ്പൊടിക്കുണ്ടാകുന്ന ചെലവ് സര്‍ക്കാരും, ടീബോര്‍ഡും വഹിച്ച് കര്‍ഷകര്‍ക്ക് ന്യായമായ വില ലഭ്യമാക്കുക, ഊട്ടി ചായപ്പൊടിക്ക് വേണ്ടി ശേഖരിക്കുന്ന ചായപ്പൊടി ഇന്‍ഡികോ ഫാക്ടറികളില്‍ നിന്ന് മാത്രം 100 രൂപക്ക് മേല്‍ സംഭരിക്കുക, ടീബോര്‍ഡിന്റെ എല്ലാ ആനുകൂല്യങ്ങളും കര്‍ഷകര്‍ക്ക് കൃത്യമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. പച്ചതേയിലയുടെ വില ഗണ്യമായി കുറയുന്നതിന് പ്രധാന കാരണം ഇന്‍ഡികോ ഫാക്ടറികളുടെ തലപ്പത്ത് ഇരിക്കുന്ന ഇന്‍ഡികോ സര്‍വ്വിലെ അധികാരികളുടെ കെടുകാര്യസ്ഥതയും അധികാര ദുര്‍വിനിയോഗവുമാണ്. തേയിലയുടെ ഉത്പാദനത്തിനെക്കാള്‍ വളരെ കുറഞ്ഞ വിലയാണ് കര്‍ഷകര്‍ക്ക് ലഭ്യമാകുന്നത്. ഇത് കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഗൂഡല്ലൂര്‍ സാലിബ്‌സ്വറി ഫാക്ടറിക്ക് മുമ്പില്‍ നടന്ന നിരാഹാര സമരം ലിംഗരാജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഗണപതി അധ്യക്ഷതവഹിച്ചു. പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, അസൈനാര്‍, രഘു, സുബ്രഹ്മണ്യന്‍, നാരായണന്‍ മാസ്റ്റര്‍, മുരുകന്‍ മാസ്റ്റര്‍, ശ്രീധരന്‍, അബ്ദുര്‍റസാഖ് ഹാജി എന്നിവര്‍ പ്രസംഗിച്ചു. ബിദര്‍ക്കാട് ഇന്‍ഡികോ ഫാക്ടറിക്ക് മുമ്പില്‍ നടന്ന നിരാഹാര സമരത്തില്‍ സെക്രട്ടറി ഷണ്‍മുഖന്‍ അധ്യക്ഷതവഹിച്ചു. പാപ്പച്ചന്‍, സിറിയക്, മാതപ്പ എന്നിവര്‍ പ്രസംഗിച്ചു. പന്തല്ലൂര്‍ ഇന്‍ഡികോ ഫാക്ടറിക്ക് മുമ്പില്‍ നടന്ന നിരാഹാര സമരത്തില്‍ അബ്ദുറഹ്മാന്‍ അധ്യക്ഷതവഹിച്ചു. എരുമാട് ഇന്‍ഡികോ ഫാക്ടറിക്ക് മുമ്പില്‍ നടന്ന നിരാഹാര സമരത്തില്‍ തോമസ് അധ്യക്ഷതവഹിച്ചു.

Latest