Connect with us

Wayanad

മാവോയിസ്റ്റ് വെടിവെപ്പ്; അയല്‍സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കോളനിയില്‍ പരിശോധന നടത്തി

Published

|

Last Updated

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം വെടിവെപ്പുണ്ടായ വെള്ളമുണ്ട ചപ്പകോളനിയില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തി. തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരാണ് കോളനിയിലെത്തിയത്.
കേരളം,തമിഴ്‌നാട്, കര്‍ണാടക, ഛാര്‍ഖണ്ഡ് ഈ സംസ്ഥാനങ്ങള്‍ ചേര്‍ന്ന് സംയുക്ത അന്വേഷണ സംഘത്തിന് രൂപം നല്‍കാനും നീക്കമുണ്ട്. വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത വസ്തുക്കള്‍ സംഘം പരിശോധിച്ചു.
വെള്ളമുണ്ടയിലെ വെടിവെപ്പിനെത്തുടര്‍ന്ന് അയല്‍സംസ്ഥാനങ്ങളിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. തമിഴ്‌നാട്ടിലെ പാട്ടവയല്‍, ബിദര്‍ക്കാട്, കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട, എന്‍ബേഗൂര്, ബൈരക്കുപ്പ, മച്ചൂര്‍, കുട്ട, മടിക്കേരി വനപ്രദേശത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും പോലീസ് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നക്‌സല്‍ ബാരി, പോരാട്ടം, തീവ്രഇടതുപക്ഷസംഘടനകള്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാനായി അയല്‍സംസ്ഥാന രഹസ്യാന്വേഷണസേന പ്രത്യേകസംഘത്തെ നിയോഗിക്കും.
ഇവരുടെ കുടുംബാംഗങ്ങള്‍ അയല്‍സംസ്ഥാനത്ത് ജോലി ചെയ്യുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരും.
കേരളത്തില്‍ കബനീദളം അടക്കമുള്ള നാല് പേരുകളിലാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും 45 പേരോളം കേരളത്തുലുണ്ടെന്നുമാണ് കേരള രഹസ്യാന്വേഷണ സംഘത്തിന്റെ നിഗമനം.