Connect with us

Malappuram

ന്യൂനപക്ഷ വിദ്യാഭ്യാസ പുരോഗതി ചര്‍ച്ച ചെയ്ത് സെമിനാര്‍

Published

|

Last Updated

തേഞ്ഞിപ്പലം: വിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ നേടിയെടുത്ത പുരോഗതിയും സാധ്യതകളും ഈ വഴിയില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്ത് ന്യൂനപക്ഷ വിദ്യാഭ്യാസ സെമിനാര്‍.
മര്‍കസ് മുപ്പത്തിയേഴാം വാര്‍ഷിക പതിനേഴാം ബിരുദദാന സമ്മേളനത്തിന്റെ ഭാഗമായാണ് കാലിക്കറ്റ് സര്‍വകലാശാല ടാഗോര്‍ നികേതന്‍ ഹാളില്‍ തിങ്ങി നിറഞ്ഞ സദസിന് മുന്നിലാണ് കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും സാമൂഹ്യപ്രവര്‍ത്തകരും ചരിത്രകാരന്‍മാരും മത പണ്ഡിതരും ഒരേ വേദിയില്‍ അഭിപ്രായങ്ങള്‍ പങ്ക് വെച്ചത്. ചുരുങ്ങിയ കാലത്തിനുളളില്‍ വിദ്യാഭ്യാസ രംഗത്ത് വലിയ കുതിച്ചു ചാട്ടമാണ് നടത്തിയിട്ടുള്ളത്. ഇതിന് മര്‍കസ് നല്‍കിയ സംഭാവന തുല്യതയില്ലാത്തതാണ്. വിദ്യാഭ്യാസം നേടുന്നതോടൊപ്പം ധാര്‍മികമായ മുന്നേറ്റംകൂടി ഉണ്ടാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ വിദ്യാഭ്യാസത്തിന് ശേഷം പുറത്തിറങ്ങുന്നവര്‍ക്ക് മനുഷ്യത്വമുളള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുകയെന്ന് ഉദ്ഘാടനം നടത്തിയ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം അബ്ദുസലാം പറഞ്ഞു. ന്യൂനപക്ഷ വികസനത്തിന് വേണ്ടിയുള്ള വിപ്ലവമാണ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. കേരളം ന്യൂനപക്ഷ വിദ്യാഭ്യാസ പുരോഗതിയുടെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയാണ്. ഇറാനിലെപോലെ അമ്മമാര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെ കുറിച്ച് കേരളത്തില്‍ ആലോചനകള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
രംഗത്തെ നേട്ടങ്ങള്‍ മലയാളം പിറക്കുന്നതിന് മുമ്പെ അറബി മലയാളത്തില്‍ പുറത്തിറങ്ങിയ ഖാസി മുഹമ്മദിന്റെ മുഹ്‌യുദ്ദീന്‍ മാല മുസ്‌ലികളുടെ സംഭാവനയാണ്. വിദ്യാഭ്യാസം നേടുന്നതിനും അതിനെ പ്രോത്സാഹിപ്പിക്കുകയുമാണ് ഇസ്‌ലാമിക പണ്ഡിതര്‍ ചെയ്തിട്ടുള്ളതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍കസും കാന്തപുരവും നടത്തിയ മുന്നേറ്റമാണ് മാതൃകാപരമാണെന്ന് വിഷയാവതരണം നടത്തിയ ഡോ. ഹുസൈന്‍ രണ്ടത്താണി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് ഉപരിവര്‍ഗത്തിന്റെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെട്ടതാണ് പലരുടെയും വിമര്‍ശനത്തിനിടയാക്കിയത്. താഴെ തട്ടിലുള്ള ജനങ്ങളെ ഉയരങ്ങളിലേക്ക് ഉയര്‍ത്തുകയാണ് മര്‍കസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ രൂപപ്പെടുന്ന സൗഹൃദം സജീവമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉയര്‍ത്തികൊണ്ടുവരേണ്ടതെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ സാംസ്‌കാരികതലം നഷ്ടമാകുന്ന വാണിജ്യവത്കരിക്കപ്പെടുന്ന പ്രതിഭാസമാണ് കേരളത്തിലുള്ളത്. മൂലധനാധിപത്യത്തിന്റെ ഭവിഷ്യത്ത് കൂടുതല്‍ നേരിടേണ്ടി വരുന്നത് പാര്‍ശ്വവത്കരിക്കപ്പെട്ടവരാണ്. മതപഠനം പരിമിതമായ തലത്തിലേക്ക് ചുരുക്കേണ്ടതില്ലെന്നും സര്‍വതലത്തിലേക്കും വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകള്‍ നയപരിപാടികള്‍ എന്താണെന്ന് പോലുമറിയാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്യാഭ്യാസ മേഖലയില്‍ ഉടച്ച്‌വാര്‍ക്കല്‍ അനിവാര്യമാണെന്നും ചരിത്രകാരനായ ഡോ. കെ കെ എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു.

Latest