Connect with us

Kozhikode

വേണ്ടത് നിത്യഹരിത വിപ്ലവം: എം എസ് സ്വാമിനാഥന്‍

Published

|

Last Updated

കോഴിക്കോട്: കൃഷിഭൂമി കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന് ഇന്ന് ആവശ്യം നിത്യഹരിത വിപ്ലവമാണെന്ന് പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. എം എസ് സ്വാമിനാഥന്‍. ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തില്‍ നടക്കുന്ന അന്താരാഷ്ട്ര തോട്ടവിള സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ ശാസ്ത്ര മേഖലയിലെയും വിദഗ്ധര ഉള്‍പ്പെടുത്തി രാജ്യത്ത് ജൈവവൈവിധ്യ സുരക്ഷാ അതോറിറ്റി രൂപവത്കരിക്കണം. ജനിതകമാറ്റം വരുത്തിയ വിളകളുടെ ഫീല്‍ഡ് ടെസ്റ്റിനായി സര്‍വകലാശാലകള്‍ മുന്‍കയൈടുക്കണം. ജനസംഖ്യ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം വിളകള്‍ നിരോധിക്കുകയല്ല, ജനങ്ങളുടെ ആശങ്കയകറ്റി കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുകയാണ് വേണ്ടത്.
തോട്ടവിളയോടൊപ്പം ഔഷധസസ്യങ്ങളും ഇടകലര്‍ത്തി കൃഷിചെയ്ത് ആയുര്‍വേദ മേഖലയിലും ഉണര്‍വുണ്ടാക്കണം. കാര്‍ഷിക മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കി ഉത്പാദനസ്ഥിരത ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടനാട് പാക്കേജിന് കേന്ദ്രം എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും കേന്ദ്ര കൃഷിമന്ത്രി വൈകാതെ കേരളത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഹോട്ടികള്‍ച്ചറല്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. എന്‍ കെ കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്രവാണിജ്യ മന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറി രജനീരഞ്ജന്‍ രശ്മി, ഡോ. എം ആനന്ദരാജ്, ഡോ. എസ് ദേവസഹായം പ്രസംഗിച്ചു.
“തോട്ടവിളകളുടെ സുസ്ഥിര ഉത്പാദനത്തില്‍ സാങ്കേതികവിദ്യയുടെ പ്രാധാന്യം” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ത്രിദിന സെമിനാറില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള 350 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
സിംപോസിയത്തിന്റെ ഭാഗമായി ആധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ത്രിദിന കാര്‍ഷിക പ്രദര്‍ശനവും നടക്കുന്നുണ്ട്.