Connect with us

Kerala

ബാര്‍കോഴ: കേസെടുത്തു, മാണി ഒന്നാം പ്രതി

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. പൂജപ്പുര സ്‌പെഷല്‍ വിജിലന്‍സ് സെല്‍ ആണ് കേസെടുത്തത്. ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയ സംഘമായിരിക്കില്ല ഇനി കേസ് അന്വേഷിക്കുക. വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിനായിരിക്കും ഇനി അന്വേഷണ ചുമതല. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കാര്യം കോടതിയെ അറിയിക്കും.
കോഴ ആരോപണം ഉയര്‍ത്തിയ ബാര്‍ ഉടമ ബിജുരമേശിന്റെ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.പൂട്ടിയ ബാറുകള്‍ തുറക്കുന്നതിന് അനുകൂലമായ മന്ത്രിസഭാ തീരുമാനം ഉണ്ടാക്കാന്‍ ധനമന്ത്രി കെ എം മാണിക്ക് കോഴ നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.
മാണിക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് രണ്ട് നിയമോപദേശങ്ങളാണ് വിജലന്‍സിന് ലഭിച്ചത്. വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ കേസെടുക്കാമെന്ന് നിയമോപദേശം നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കേണ്ടെന്നായിരുന്നു വിജിലന്‍സ് പ്രോസിക്യൂഷന്‍ മേധാവിയുടെ നിയമോപദേശം. നിയമോപദേശം ഉള്‍പ്പെടുത്തിയുള്ള പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് ഇന്നലെ വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു. വിജിലന്‍സ് അന്വേഷണം നേരിടുന്ന മൂന്നാമത്തെ മന്ത്രിയാണ് മാണി. എം കെ മുനീര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ നേരത്തെ വിജിലന്‍സ് കേസെുണ്ട്.

Latest