ക്ലാര്‍ക്കിനും സ്മിത്തിനും സെഞ്ച്വറി; ഓസീസ് കൂറ്റന്‍ സ്‌കോറില്‍

Posted on: December 11, 2014 12:02 am | Last updated: December 11, 2014 at 12:24 am

അഡലെയ്ഡ്: പരുക്കിനോട് പൊരുതി ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും കരിയര്‍ ബെസ്റ്റ് പ്രകടനത്തോടെ സ്റ്റീവ് സ്മിത്തും സെഞ്ച്വറി നേടിയതോടെ ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ ആസ്‌ത്രേലിയ കൂറ്റന്‍ സ്‌കോറില്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 517. 162 റണ്‍സോടെ സ്മിത്തും റണ്ണൊന്നുമെടുക്കാതെ മിച്ചല്‍ ജോണ്‍സനും ക്രീസില്‍. 128 റണ്‍സെടുത്ത മൈക്കല്‍ ക്ലാര്‍ക്ക് കരണ്‍ ശര്‍മയുടെ പന്തില്‍ പുജാരക്ക് ക്യാച്ച് നല്‍കി മടങ്ങി.
ക്രിസ് റോജേഴ്‌സ് (9), ഷെയിന്‍ വാട്‌സന്‍ (14), മിച്ചല്‍ മാര്‍ഷ് (41), ലിയോണ്‍ (3), ബ്രാഡ് ഹാഡിന്‍ (0) എന്നിവരാണ് പുറത്തായത്. ആദ്യ ദിനം സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണര്‍ (145) ആസ്‌ത്രേലിയന്‍ ഇന്നിംഗ്‌സിന് മികച്ച അടിത്തറ നല്‍കി. മുഹമ്മദ് ഷമി, വരുണ്‍ ആരോണ്‍, കരണ്‍ ശര്‍മ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഇശാന്ത് ശര്‍മക്ക് ഒരുവിക്കറ്റ്. മൂന്ന് തവണ മഴ തടസ്സം സൃഷ്ടിച്ച രണ്ടാം ദിനത്തില്‍ ആകെ എറിഞ്ഞത് മുപ്പത് ഓവറുകള്‍ മാത്രമാണ്. ആറ് വിക്കറ്റിന് 354 എന്ന നിലയില്‍ ഇന്നലെ ഒന്നാമിന്നിംഗ്‌സ് പുനരാരംഭിച്ച ആസ്‌ത്രേലിയക്ക് കരുത്തായത് സ്മിത്തിനൊപ്പം ക്യാപ്റ്റന്‍ ക്ലാര്‍ക്ക് ചേര്‍ന്നതാണ്.