മാവോയിസ്റ്റുകളെ നേരിടാന്‍ കോബ്രയുടെ സഹായം തേടാന്‍ സാധ്യത

Posted on: December 11, 2014 12:18 am | Last updated: December 11, 2014 at 12:18 am

കണ്ണൂര്‍: മാവോയിസ്റ്റുകളെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സി ആര്‍ പി എഫിന്റെ ഗറില്ലാ കമാന്‍ഡോ വിഭാഗമായ കോബ്രയുടെ സഹായം തേടുമെന്ന് സൂചന. തണ്ടര്‍ ബോള്‍ട്ടിന് വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തുന്നതിലുള്ള പരിശീലനക്കുറവ് മൂലമാണ് കോബ്രയുടെ സഹായം തേടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

വയനാട് വെള്ളമുണ്ടയില്‍ മാവോയിസ്റ്റുകളുമായി നേര്‍ക്കു നേര്‍ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തില്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാര്യം ഉന്നയിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ചിട്ടുണ്ട്. 2008ല്‍ സെപ്തംബര്‍ 12ന് മാവോയിസ്റ്റുകളെ നേരിടാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് രൂപം കൊടുത്ത സി ആര്‍ പി എഫിന്റെ കീഴിലുള്ള പ്രത്യേക കമാന്‍ഡോ യൂനിറ്റായ കോബ്രക്ക് കാട്ടിനുള്ളില്‍ ഗറില്ലാ യുദ്ധം നടത്താന്‍ പ്രത്യേകം പരിശീലനം ലഭിച്ചിട്ടുണ്ട്. രാജ്യത്ത് ആകെ 10 കോബ്ര യൂനിറ്റുകളാണ് ഉള്ളത്. ഇതില്‍ ഒന്നിന്റെ സേവനമാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
2008ലെ മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദ ആക്രമണങ്ങളെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ സഹായത്തോടെ രൂപം കൊടുത്തതാണ് തണ്ടര്‍ബോള്‍ട്ട്. 160 പേരടങ്ങുന്ന രണ്ട് കമ്പനി തണ്ടര്‍ ബോള്‍ട്ട് സംഘമാണ് കേരളത്തിനുള്ളത്. ഭീകരാക്രമണങ്ങളെ നേരിടാനുള്ള പരിശീലനം മാത്രമാണ് ഇവര്‍ക്കു ലഭിച്ചിരിക്കുന്നത്. എന്നാല്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ഇവരെ മാവോയിസ്റ്റ് വേട്ടക്കായി സര്‍ക്കാര്‍ നിയോഗിക്കുകയായിരുന്നു.
വനത്തിനുള്ളിലെ തിരച്ചിലിനു പരിശീലനം ലഭിക്കാത്തതിനാല്‍ പലപ്പോഴും ഇവരുടെ തെരച്ചില്‍ വനാതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. കൂടാതെ രാത്രിയില്‍ തിരച്ചില്‍ നടത്താനുള്ള ഉപകരണങ്ങളും തണ്ടര്‍ബോള്‍ട്ടിനു ലഭ്യമല്ല. രണ്ട് വര്‍ഷമാകാറായിട്ടും തണ്ടര്‍ബോള്‍ട്ടിന് മാവോയിസ്റ്റുകളെ പിടികൂടാന്‍ പോലും സാധിക്കാത്തതിനാല്‍ പോലീസിലെ ഒരു വിഭാഗത്തില്‍ അമര്‍ഷം ഉടലെടുത്തിരുന്നു. കേരളത്തില്‍ മാവോയിസ്റ്റ് ആക്രമണം ഇനിയും ഉണ്ടാകുമെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പും സര്‍ക്കാറിനെ കോബ്രയുടെ സഹായം തേടുന്നതിന് നിര്‍ബന്ധിതമാക്കുന്നു.