മദ്യനയം: പ്രത്യാഘാതങ്ങള്‍ പഠിക്കുമെന്ന് സര്‍ക്കാര്‍

Posted on: December 11, 2014 12:17 am | Last updated: December 11, 2014 at 12:17 am

കൊച്ചി: മദ്യനയത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. നയം നടപ്പാക്കിയതിലൂടെ ടൂറിസം, തൊഴില്‍, സാമ്പത്തിക മേഖലകളിലുണ്ടായ പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയതായി അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി കോടതിയെ രേഖാമൂലം അറിയിച്ചു.
മൂന്നാഴ്ചക്കകം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനാണ് വകുപ്പ് സെക്രട്ടറിമാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഐ ജി വിശദീകരിച്ചു. മദ്യനയത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വിശദീകരണമായാണ് ഐ ജി സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്. മദ്യനയത്തിന്റെ പ്രത്യാഘാത പഠനം സംബന്ധിച്ച് വകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാണ് ഡിവിഷന്‍ ബഞ്ചിന് കൈമാറിയത്. എന്നാല്‍ നയം മാറ്റം സംബന്ധിച്ച് വ്യക്തമായ നിലപാട് ഐ ജി കോടതിയില്‍ വ്യക്തമാക്കിയില്ല. മദ്യനയത്തിന്റെ പ്രത്യാഘാതം പഠിക്കാന്‍ വകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയ സാഹചര്യത്തില്‍ മദ്യനയ കേസുകള്‍ പരിഗണിക്കുന്നത് നാല് ആഴ്ചത്തേക്ക് മാറ്റണമെന്നും ഐ ജി ആവശ്യപ്പെട്ടു. അതേ സമയം ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് നീക്കണമെന്ന കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ ആവശ്യം ജസ്റ്റിസുമാരായ കെ ടി ശങ്കരനും, പി പി രാജനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് തള്ളി.
സര്‍ക്കാറിന്റെ മദ്യനയം നടപ്പാക്കാന്‍ അനുവദിക്കണമെന്നും ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് നീക്കണമെന്നുമായിരുന്നു കെ സി ബി സിയുടെ ആവശ്യം. എന്നാല്‍ ഹര്‍ജിയിലെ അപാകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഡിവിഷന്‍ ബഞ്ച് തള്ളിയത്. ത്രീ സ്റ്റാര്‍ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഡിവിഷന്‍ ബഞ്ച് ജനുവരി 20 വരെ നീട്ടി. അപ്പീലുകള്‍ കോടതി ജനുവരി 14 ലേക്ക് മാറ്റി.