പുതിയ മുനിസിപ്പാലിറ്റി, പഞ്ചായത്ത് രൂപവത്കരണം എളുപ്പമാകില്ല

Posted on: December 11, 2014 5:12 am | Last updated: December 10, 2014 at 11:12 pm

തിരുവനന്തപുരം; സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിഭജിക്കാനുള്ള നീക്കം എളുപ്പമാകില്ല. ഒരു കോര്‍പറേഷനും 21 മുനിസിപ്പാലിറ്റിയും 53 പഞ്ചായത്തുകളും പുതുതായി രൂപവത്കരിക്കണമെന്നാണ് യു ഡി എഫ് ഉപസമിതിയുടെ ശിപാര്‍ശയെങ്കിലും ഇത് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്. വന്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന നിര്‍ദേശങ്ങളാണ് പരിഗണിക്കുന്നതെന്നതിനാല്‍ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനും സാധ്യതയേറെയാണ്. തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒമ്പത് മാസം ശേഷിക്കെ കുറ്റമറ്റ രീതിയിലുള്ള ഡീ ലിമിറ്റേഷന്‍ സാധ്യമാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പു തന്നെ ഡീ ലിമിറ്റേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നാണ് വ്യവസ്ഥ.

ഇതിനെല്ലാം പുറമെയാണ് ധനവകുപ്പിന്റെ എതിര്‍പ്പ്. വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന നിര്‍ദേശങ്ങളാണ് യു ഡി എഫ് ഉപസമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് യു ഡി എഫ് അംഗീകരിച്ചാല്‍ മന്ത്രിസഭായോഗം തീരുമാനം എടുത്ത് ഡീ ലിമിറ്റേഷന്‍ കമ്മിറ്റി രൂപവത്കരിക്കണം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അധ്യക്ഷനും സെക്രട്ടറി റാങ്കിലുള്ള നാല് ഐ എ എസ് ഉദ്യോഗസ്ഥര്‍ അംഗങ്ങളുമായാണ് ഡി-ലിമിറ്റേഷന്‍ കമ്മിറ്റി. പുതുതായി രൂപവത്കരിക്കുന്ന വാര്‍ഡുകളിലെ ജനസംഖ്യയും തനത് വരുമാനവും സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കണം. സര്‍ക്കാര്‍ വിഭജിക്കാന്‍ നിര്‍ദേശിക്കപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ഇതിന് അനുകൂലമായി പ്രമേയം പാസാക്കണം. നിലവിലുള്ള പഞ്ചായത്ത,് മുനിസിപ്പല്‍ സെക്രട്ടറിമാര്‍ വിഭജനം സംബന്ധിച്ച മാപ്പ് തയ്യാറാക്കി കലക്ടര്‍ക്ക് സമര്‍പ്പിക്കണം. ഇതിന്മേല്‍ പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ അവസരം നല്‍കണം. തുടങ്ങി സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
കുറ്റമറ്റ രീതിയില്‍ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു വര്‍ഷമെങ്കിലും സമയം വേണ്ടിവരുമെന്ന് തദ്ദേശ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ഡി ലിമിറ്റേഷന്‍ പ്രക്രിയകള്‍ പൂര്‍ത്തീകരിക്കണമെന്ന് കാണിച്ച് ഒരു വര്‍ഷം മുമ്പ് തന്നെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സര്‍ക്കാറിന് കത്ത് നല്‍കിയതാണ്. വിഭജനം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനും സാധ്യതയേറെയാണ്. കോര്‍പറേഷനുകള്‍ വിഭജിച്ച് മുനിസിപ്പാലിറ്റി രൂപവത്കരിക്കുന്ന പതിവില്ല. പഞ്ചായത്ത് മുനിസിപ്പാലിറ്റിയോ കോര്‍പറേഷനോ ആയി ഉയര്‍ത്തുന്നതാണ് നിലവിലുള്ള രീതി. എന്നാല്‍, കോഴിക്കോട്, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള കോര്‍പറേഷനുകള്‍ വിഭജിച്ച് മുനിസിപ്പാലിറ്റിയാക്കാന്‍ യു ഡി എഫ് ഉപസമിതി നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും രൂപവത്കരിക്കുമ്പോഴുണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയാണ് മറ്റൊരു തടസ്സം. ഒരു മുനിസിപ്പാലിറ്റിയില്‍ ചുരുങ്ങിയത് 60 ജീവനക്കാരെങ്കിലും വേണം. വാഹനം, ഡ്രൈവര്‍ തുടങ്ങിയ ചെലവുകള്‍വേറെയും.
തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ ഓണറേറിയം ഉള്‍പ്പെടെയുള്ള ബാധ്യതയും വരും. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ധനവകുപ്പ് എതിര്‍പ്പുയര്‍ത്തുമെന്ന് ഉറപ്പാണ്.കണ്ണൂര്‍ മുനിസിപ്പാലിറ്റിയെ കോര്‍പറേഷനാക്കാനും കഴക്കൂട്ടം, കൊട്ടാരക്കര, പന്തളം, ഏറ്റുമാനൂര്‍, പിറവം, കൂത്താട്ടുകുളം, വടക്കാഞ്ചേരി, പയ്യോളി, കൊടുവള്ളി, ചെറുവണ്ണൂര്‍- നല്ലളം, വളാഞ്ചേരി, പരപ്പനങ്ങാടി, കൊണ്ടോട്ടി, താനൂര്‍, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, ആന്തുര്‍, കോടിയേരി, കീഴൂര്‍ചാവശേരി, ചെറുവത്തൂര്‍, ഹരിപ്പാട്, അമ്പലപ്പുഴ എന്നീ മുനിസിപ്പാലിറ്റികള്‍ രൂപവത്കരിക്കാനുമാണ് യു ഡി എഫ് ഉപസമിതി ശിപാര്‍ശ ചെയ്തിരിക്കുന്നത്. മരട്, തൃക്കാക്കര, കളമശേരി മുനിസിപ്പാലിറ്റികളും കുമ്പളം, ചേരാനെല്ലൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെടുത്തി കൊച്ചി കോര്‍പറേഷനെ മെട്രോപോളിറ്റന്‍ നഗരമാക്കാനും നിര്‍ദേശമുണ്ട്.
കണ്ണൂര്‍ മുനിസിപ്പാലിറ്റിക്ക് പുറമെ വള്ളിക്കുന്ന്, പുഴാതി, എടക്കാട്, എളയാവൂര്‍ പഞ്ചായത്തുകളാണ് നിര്‍ദിഷ്ട കണ്ണൂര്‍ കോര്‍പറേഷനില്‍ വിഭാവനം ചെയ്തിരിക്കുന്നത്. കാസര്‍കോഡ്, കണ്ണൂര്‍ തൃശൂര്‍ ജില്ലകളില്‍ നാലും വയനാട്ടില്‍ മൂന്നും തൃശൂര്‍, എറണാകുളം ജില്ലകളില്‍ ആറും മലപ്പുറത്ത് ഒമ്പതും ഇടുക്കിയിലും കൊല്ലത്തും അഞ്ചും പാലക്കാടും കോട്ടയത്തും രണ്ടും പഞ്ചായത്തുകള്‍ പുതുതായി രൂപവത്കരിക്കാനും യു ഡി എഫ് ശിപാര്‍ശ ചെയ്തിട്ടുള്ളത്.