ബുര്‍ജ് ഖലീഫക്ക് ഗിന്നസ് ബുക്ക് അധികൃതരുടെ ആദരം

Posted on: December 10, 2014 5:54 pm | Last updated: December 10, 2014 at 5:54 pm

ദുബൈ: ഏഴ് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡുകള്‍ കരസ്ഥമാക്കിയ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫക്ക് ഗിന്നസ് ബുക്ക് അധികൃതരുടെ ആദരം. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡിന്റെ 60ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ബുര്‍ജ് ഖലീഫയെ ആദരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ഗിന്നസ് അധികൃതര്‍ ബുര്‍ജ് ഖലീഫ ഉള്‍പെടെയുള്ളവയെക്കുറിച്ച് ഹൃസ്വ ചിത്രങ്ങള്‍ ഇന്നലെ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ആറു പതിറ്റാണ്ടിനിടയില്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡിന് അര്‍ഹമായവയില്‍ നിന്നുള്ളവയെ ഉള്‍പെടുത്തിയാണ് ഹൃസ്വ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിനൊപ്പം ഉയരം കൂടിയ കൊടുമുടി, ആദ്യമായി ബലൂണില്‍ ട്രാന്‍സ് അറ്റ്‌ലാന്റിക് മുറിച്ചു കടന്ന യജ്ഞം, ലോകത്തിലെ ഏറ്റവും വേഗം കൂടിയ നൂറു മീറ്റര്‍ ഓട്ടം തുടങ്ങിയ നിരവധി സംഭവങ്ങള്‍ ഹൃസ്വ ചിത്രങ്ങളില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ടോളസ്റ്റ് ബില്‍ഡിംഗ് എന്ന പേരിലുള്ള ഹ്രസ്വ ചിത്രം ബുര്‍ജ് ഖലീഫയുടെ സമഗ്രമായ കഥയാണ് പറയുന്നത്. കെട്ടിടത്തിന്റെ രൂപകല്‍പന, നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളുമെല്ലാം ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.