Connect with us

Kerala

'ആരോപണ'വുമായി വിലപേശി; തടയാന്‍ കടുത്ത സമ്മര്‍ദവും

Published

|

Last Updated

തിരുവനന്തപുരം: “ആരോപണം” മുന്നില്‍ നിര്‍ത്തിയുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് കെ ബി ഗണേഷ്‌കുമാര്‍ ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചതെന്ന് സൂചന. ഗണേഷിനെ തടയാന്‍ ഭരണപക്ഷത്തെ പ്രമുഖര്‍ തന്നെ രംഗത്തിറങ്ങിയെങ്കിലും വിജയിച്ചതുമില്ല. ഭരണപക്ഷ എം എല്‍ എ തന്നെ കടുത്ത ആരോപണം ഉന്നയിച്ച സാഹചര്യം മുന്നണി നേതൃത്വം ഗൗരവത്തിലെടുക്കണമെന്നാണ് ലീഗിന്റെ നിലപാട്. എന്നാല്‍, കെ ബി ഗണേഷ്‌കുമാറിനെ ആര്‍ ബാലകൃഷ്ണപിള്ള തന്നെ തള്ളിപറഞ്ഞ സാഹചര്യത്തില്‍ മുന്നണി യോഗത്തില്‍ ഇക്കാര്യം ലീഗ് ശക്തമായി ഉന്നയിക്കില്ല.

മുന്നണി യോഗത്തിലോ നേരിട്ടോ പറയാതെ നിയമസഭയില്‍ ആരോപണം ഉന്നയിച്ചതില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കടുത്ത അതൃപ്തിയുണ്ട്. അഴിമതി വിരുദ്ധ ദിനത്തില്‍ തന്നെ അഴിമതി ആരോപണം ഉന്നയിച്ചത് സര്‍ക്കാറിനെ വെട്ടിലാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നാണ് യു ഡി എഫിലെ പൊതുവികാരം. നിയമസഭ പിരിഞ്ഞയുടന്‍ അടിയന്തരമായി ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗത്തിലാണ് ലീഗ് നിലപാടറിയിച്ചത്.
പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ലീഗ് ആവശ്യപ്പെട്ടെങ്കിലും ആര്‍ ബാലകൃഷ്ണപിള്ള ഗണേഷിനെ തള്ളിപറഞ്ഞതോടെ നിലപാട് മയപ്പെടുത്തി. ഉചിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പതിനഞ്ചിന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.
പൊതുമരാമത്ത് മന്ത്രിക്കെതിരെ ഗണേഷ്‌കുമാര്‍ ആരോപണം ഉന്നയിക്കുമെന്ന സന്ദേശം മുസ്‌ലിം ലീഗിനും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കും നേരത്തെ ലഭിച്ചിരുന്നു. ഇതോടെയാണ് ആരോപണം ഉന്നയിക്കുന്നതില്‍ നിന്ന് ഗണേഷ്‌കുമാറിനെ തടയാന്‍ ശ്രമം തുടങ്ങിയത്. ടി ഒ സൂരജിനെതിരെ വിജിലന്‍സ് കേസെടുത്തപ്പോഴാണ് രണ്ട് അഴിമതിക്കാരുടെ പേര് നിയമസഭയില്‍ പറയുമെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞത്. ഇതിന് പിന്നാലെ ഇതിന്റെ വിശദാംശങ്ങള്‍ യു ഡി എഫിലെ പലപ്രമുഖരും അദ്ദേഹത്തോട് ആരായുകയും ചെയ്തു. അഴിമതി വിരുദ്ധ ദിനമായിരുന്ന ഇന്നലെ തന്നെ വിഷയം ഉന്നയിക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ഒന്നാം തിയതി ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ക്ക് നോട്ടീസും നല്‍കി.
ഗണേഷിന്റെ നീക്കം മനസ്സിലാക്കിയ കോണ്‍ഗ്രസിലെ ചിലപ്രമുഖരാണ് അദ്ദേഹവുമായി ബന്ധപ്പെട്ടത്. ചീഫ്‌വിപ്പ് പി സി ജോര്‍ജും ഗണേഷുമായി സംസാരിച്ചു. മന്ത്രിപദവിയിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങളുണ്ടായാല്‍ പിന്മാറുമെന്ന സന്ദേശം ഗണേഷ് നല്‍കിയെന്നാണ് വിവരം. മന്ത്രിപദവി നല്‍കണമെന്ന ആവശ്യം മുസ്‌ലിംലീഗിനെ കൊണ്ട് ഉന്നയിപ്പിക്കുകയായിരുന്നു ലക്ഷ്യം. മന്ത്രിസഭാപുനഃസംഘടന ആഗ്രഹിക്കുന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗം വഴി ഈ സന്ദേശം കൈമാറിയെങ്കിലും അങ്ങിനെയൊരു ഒത്തുതീര്‍പ്പ് വേണ്ടെന്ന് ലീഗ് മറുപടി നല്‍കി.
ഇതോടെ സമവായ നീക്കങ്ങളും പാളി. ആരോപണം ഉന്നയിക്കരുതെന്ന് കാണിച്ച് യു ഡി എഫിലെ പലപ്രമുഖരും ഗണേഷിനെ സമീപിച്ചിരുന്നു. ആര്‍ ബാലകൃഷ്ണപിള്ള വഴിയും ഗണേഷിനെ തടയാന്‍ ശ്രമം നടന്നു. ഇതനുസരിച്ച് തിങ്കളാഴ്ച വൈകുന്നേരം പ്രത്യേക ദൂതന്‍ വഴി പിള്ള ഗണേഷിനെ സമീപിച്ച് സഭയില്‍ ആരോപണം ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇനി ഗണേഷിനെതിരെ എന്ത് നടപടിയെന്നതാണ് ഉറ്റുനോക്കുന്നത്. ഒരു എം എല്‍ എയുടെ പിന്തുണ നിര്‍ണായകമാണെന്നതിനാല്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് യു ഡി എഫ് പോകുമോയെന്ന് കണ്ടറിയണം. മന്ത്രി പദവി തിരികെ ലഭിക്കാത്തതിനാല്‍ അസംതൃപ്തനായി നില്‍ക്കുന്ന ഗണേഷ്‌കുമാര്‍ നിര്‍ണായക വോട്ടിംഗ് സമയത്ത് ഉള്‍പ്പെടെ സഭയില്‍ ഉണ്ടാകാറില്ല. അതിനാല്‍, പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും ഒന്നും സംഭവിക്കില്ലെന്നാണ് ഇവരുടെ പക്ഷം. എന്നാല്‍, അച്ചടക്ക നടപടിയെടുത്ത് ഗണേഷിനെ പ്രകോപിപ്പിക്കേണ്ടെന്ന വികാരവും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. മറ്റൊരു മന്ത്രിക്കെതിരായ തെളിവ് കൂടി കൈവശമുണ്ടെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണിത്. യു ഡി എഫ് എന്തെങ്കിലും നടപടി സ്വീകരിക്കുകയാണെങ്കില്‍ സ്വതന്ത്ര നിലപാടുമായി മുന്നോട്ടുപോകാനാണ് ഗണേഷിന്റെ തീരുമാനം. തന്റെ സഹപ്രവര്‍ത്തകരില്‍ ചിലരുമായി ഇക്കാര്യം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

Latest