നാടിന് അഭിമാനമായി മുഹമ്മദ് അനസ്

Posted on: December 10, 2014 11:19 am | Last updated: December 10, 2014 at 11:19 am

ഒറ്റപ്പാലം: സംസ്ഥാന മീറ്റില്‍ നാനൂറ് മീറ്ററില്‍ സ്വര്‍ണമെഡല്‍ നേടി നാടിന്റെ അഭിമാനമായി കണ്ണിയംപുറം സ്വദേശിമുഹമ്മദ് അനസ്. കല്ലടി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനസ് ജൂനിയര്‍ വിഭാഗം നാനൂറ് മീറ്ററിലാണ് വ്യക്തിഗത ചാമ്പ്യനായത്. കണ്ണിയംപുറം ലക്ഷം വീട് കോളനിയിലെ മുഹമ്മദ് ഹനീഫ -ആയിഷ ദമ്പതികളുടെ മൂത്തമകനാണ് അനസ്.

കണ്ണിയംപുറം എ യു പി സ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുന്ന സമയത്ത് സ്‌കുള്‍ അധ്യാപകന്‍ കെ കെ രാമകൃഷ്ണനാണ് അനസിന്റെ പ്രതി’യെ കണ്ടെത്തുന്നത്. തുടര്‍ന്ന് അധ്യാപകന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വാണിയംകുളം ടി ആര്‍ കെ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ കുടുംബം തീരുമാനിച്ചു. ടി ആര്‍ കെ യില്‍ കോച്ച് രാമചന്ദ്രന്റെ പരിശീലനമായിരുന്നു അനസിന് മുതല്‍ക്കൂട്ടായത്. ഇവിടത്തെ പഠന സമയത്ത് ജില്ലാതല മത്സരങ്ങളില്‍ പങ്കെടുത്ത് മെഡല്‍ നേടിയിരുന്നു. കോച്ച് രാമചന്ദ്രന്‍ കല്ലടിസ്‌കൂളിലേക്ക് മാറിയപ്പോള്‍ ദേശീയ സ്‌കൂള്‍ മെഡല്‍ജേതാവ് ബബിതക്കൊപ്പം അനസിനെയും അങ്ങോട്ട് കൊണ്ട് പോകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ മത്സരിച്ച അനസ് രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
കോച്ചിന്റെയും മാനേജ്‌മെന്റിന്റെയും പിന്തുണ ഒന്ന് കൊണ്ട്മാത്രമാണ് തങ്ങളുടെ മകന് മെഡല്‍ നേടാനായതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ലക്ഷം വീട് കോളനിയിലെ ഓട്ടം ഷീറ്റും മേഞ്ഞ ചെറിയ വീട്ടിലാണ് അനസും കുടുംബവും താമസിക്കുന്നത്. 200മീറ്റല്‍ റിലേയിലും ഹാര്‍ഡില്‍സിലും അനസിന് ഇനി മത്സരങ്ങളുണ്ട്.
മെഡല്‍ നേടിയ വിവരമറിഞ്ഞ് ആശംസകളുമായി നഗരസഭ ചെയര്‍പേഴ്‌സണ്‍ പി സുബൈദ, വൈസ് ചെയര്‍മാന്‍ സി ശ്രീകുമാരന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ജാനകി ദേവി എന്നിവര്‍വീട്ടിലെത്തി. മത്സരം കഴിഞ്ഞെത്തുന്ന അനസിന് സ്വീകരണം നല്‍കാന്‍ ഒരുങ്ങുകയാണ് നഗരസഭയും കണ്ണിയംപുറംപൗരാവലിയും