അങ്ങാടിപ്പുറം എഫ് സി ഐ ഗോഡൗണ്‍ വാഗണ്‍ വഴിയും ലോറി മാര്‍ഗവും ഭക്ഷ്യധാന്യമെത്തി

Posted on: December 10, 2014 11:05 am | Last updated: December 10, 2014 at 11:05 am

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം എഫ് സി ഐ ഗോഡൗണിലേക്ക് വാഗണ്‍ വഴി അരിയെത്തി. ഇന്നലെ ആന്ധ്രയിലെ വെല്ലൂരില്‍ നിന്നും 20 വാഗണുകളിലായാണ് അങ്ങാടിപ്പുറത്ത് ഭക്ഷ്യധാന്യമെത്തിയെങ്കിലും ലോറി മാര്‍ഗം തൃശൂര്‍ മുളങ്കുന്നത്തുകാവില്‍ നിന്നും 18 ലോഡ് അരി അങ്ങാടിപ്പുറത്തെത്തിയിട്ടുണ്ട്.
ഇന്നലെ തന്നെ എത്തിയ ലോറി മാര്‍ഗമുള്ള ലോഡുകള്‍ എഫ് സി ഐ പരിസരത്ത് മാറ്റി നിര്‍ത്തിയിരിക്കുകയാണ്.
റെയില്‍വാഗണുകളിലെ അരി ഇറക്കിയതിന് ശേഷം മാത്രമേ ലോറിയിലെ അരി ഇറക്കുവാനിടയുള്ളൂ. ചൊവ്വാഴ്ച വാഗണ്‍ വഴി അരി എത്തും എന്ന് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടും 18 ലോഡ് അരി തൃശൂരില്‍ നിന്നും കൊണ്ടുവന്നത് ചോദ്യചിഹ്നമായി കിടക്കുകയാണ്. 1200 ടണ്‍ പുഴുക്കലരിയാണ് വാഗണ്‍ വഴി എത്തിയിട്ടുള്ളത്. ഇറക്കുന്ന നടപടികളാരംഭിച്ചിട്ടുണ്ട്. ഇത് ഏകദേശം 120 ലോഡ് വരുമെന്നാണ് പറയുന്നത്.
അങ്ങാടിപ്പുറത്ത് എത്തിക്കൊണ്ടിരിക്കുന്ന ഗുഡ്‌സ് ട്രെയ്ന്‍ തൃശൂരില്‍ എത്തിച്ച് അവിടെ നിന്ന് ലോറി മാര്‍ഗം അങ്ങാടിപ്പുറം എഫ് സി ഐ യില്‍ എത്തിക്കുന്നതിന്റെ പിന്നിലെ നിഗൂഡത ഗൗരവമേറിയ കാര്യമാണ്. കഴിഞ്ഞ മാസം അങ്ങാടിപ്പുറം എഫ് സി ഐയിലേക്ക് ആവശ്യമായ മുഴുവന്‍ അരിയും ഗോതമ്പും ലോറി മാര്‍ഗമാണ് എത്തിച്ചത്. തൃശൂരിലെ മുളങ്കുന്നത്തുകാവില്‍ നിന്നും ലോറി മാര്‍ഗം അരി എത്തിക്കാന്‍ പത്ത് ടണ്ണിന് കിലോമീറ്ററിന് 14.24 രൂപ പ്രകാരമാണ് കരാറുറപ്പിച്ചിട്ടുള്ളത്. ഇതുപ്രകാരം ഒരു ലോഡ് അരി എത്തിക്കാന്‍ (10 ടണ്‍) 9000 രൂപ ലോറി വാടക വരും. വാഗണ്‍ വഴി എത്തിക്കാന്‍ 3000 രൂപ ചെലവ് വരികയുള്ളൂവെന്നാണ് അറിയുന്നത്. മലപ്പുറം ജില്ലയിലെ പ്രധാന ഡിപ്പോകളില്‍ ഒന്നാണ് അങ്ങാടിപ്പുറത്തേത്. വാഗണ്‍ വഴി അരിയെത്തിക്കുന്ന സമ്പ്രദായത്തെ നിരുത്സാഹപ്പെടുത്തുന്ന പ്രവണതയാണ് നിലവില്‍ കണ്ട് വരുന്നത്. അങ്ങാടിപ്പുറം എഫ് സി ഐ കേന്ദ്രീകരിച്ചാണ് 66 ലോറികള്‍ സര്‍വീസ് നടത്തി വരുന്നുണ്ട്. വാഗണ്‍ വഴിയെത്തുന്ന ഭക്ഷ്യവസ്തുക്കള്‍ എഫ് സി ഐ ഗോഡൗണുകളിലേക്ക് ലോറികളില്‍ കയറ്റി എത്തിച്ചിരുന്നതും ഇവിടെ നിലനിന്നിരുന്ന സംവിധാനമായിരുന്നു. വാഗണ്‍ വഴി ചരക്ക് നീക്കം മന്ദഗതിയിലായതോടെ തൊഴിലാളികളുടെ തൊഴിലിന്റെ നല്ലൊരു ശതമാനവും നഷ്ടപ്പെട്ടിരിക്കുകയാണെന്നും പരാതിയുണ്ട്.