ഗൃഹപ്രവേശം അബ്ദുര്‍റസാഖിനും കുടുംബത്തിനും അവയവ ദാനത്തിനുള്ള വേദി

Posted on: December 10, 2014 10:20 am | Last updated: December 10, 2014 at 10:20 am

പയ്യോളി: ആവിക്കല്‍ ഉതിരുപറമ്പില്‍ അബ്ദുര്‍റസാഖും കുടുംബവും ഈ മാസം 14ന് പുതിയ വീട്ടിലേക്ക് താമസം മാറുമ്പോള്‍ ഗൃഹപ്രവേശം നടക്കുന്ന വീട് അവയവ ദാന ചടങ്ങിനും വേദിയാകും. ഗൃഹപ്രവേശന സത്ക്കാരത്തിന് എത്തുന്നവരെ സാക്ഷി നിര്‍ത്തി റസാഖും ഭാര്യ സറീനയും മക്കളായ റജ്‌നാസ്, അര്‍ഷിദ, റമിനാസ്, റസല്‍, റഹ്മത്തുല്ല എന്നിവരും അവയവദാന പ്രഖ്യാപനം നടത്തും. ഗൃഹപ്രവേശ ക്ഷണക്കത്തില്‍ രക്തദാനത്തിന്റെയും അവയവ ദാനത്തിന്റെയും പ്രാധാന്യവും റസാഖ് അച്ചടിച്ചിട്ടുണ്ട്. ഗൃഹപ്രവേശനത്തിനെത്തുന്നവരെയും അടുത്ത കുടുംബങ്ങളെയും ഉള്‍പ്പെടെ 100 പേരെയെങ്കിലും അന്ന് അവയവ ദാനത്തിന് സന്നദ്ധമാക്കാന്‍ റസാഖ് ശ്രമം നടത്തുന്നുണ്ട്.
അവയവ ദാനത്തിനായുള്ള സമ്മത പത്രങ്ങളും മറ്റും ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതരുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായം തേടിയിട്ടുണ്ട്.
പതിനാലാം വയസ്സില്‍ ജോലിയന്വേഷിച്ച് ചെന്നൈയിലെത്തിയ അബ്ദുര്‍റസാഖ് കപ്പലണ്ടി വില്‍പ്പനയും ബേക്കറി വിതരണവുമായി കഴിയുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ചെന്നൈയില്‍ നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ചെന്നൈ ജീവിതം മതിയാക്കി നാട്ടില്‍ എത്തുകയായിരുന്നു. കഠിനമായ ജോലിയൊന്നും ചെയ്യാനാകാത്ത റസാഖ് ഇപ്പോള്‍ മൊബൈല്‍ സാമഗ്രികള്‍ വില്‍പ്പന നടത്തുകയാണ്. പാവപ്പെട്ട കുടുംബാംഗമായ അബ്ദുര്‍റസാഖ് ഗ്രാമപഞ്ചായത്തില്‍ നിന്ന് ലഭിച്ച തുകയും മറ്റ് സഹായങ്ങളും സ്വരൂപിച്ചാണ് വീട് പണിതത്.