ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം സംസ്ഥാനങ്ങളിലും നിരോധിക്കുന്നു

Posted on: December 10, 2014 1:40 am | Last updated: December 9, 2014 at 11:40 pm

ന്യൂഡല്‍ഹി: കാറില്‍ ഉദ്യോഗസ്ഥ പീഡനത്തിനിരയായ സംഭവത്തില്‍ യുബര്‍ ടാക്‌സി സര്‍വീസിനുള്ള നിയമപരമായ ബാധ്യതകള്‍ പരിശോധിച്ചു വരികയാണെന്ന് ഡല്‍ഹി കമ്മീഷണര്‍ ബി എസ് ബാസി പറഞ്ഞു. അതേസമയം, ഓണ്‍ലൈന്‍ ടാക്‌സി സേവനം നിര്‍ത്തലാക്കാന്‍ സംസ്ഥാന, കേന്ദ്ര ഭരണപ്രദേശ ഭരണകൂടങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കര്‍ശന നിര്‍ദേശം നല്‍കി. ലൈസന്‍സ് ഇല്ലാത്തവയാണ് നിരോധിക്കുക. 27കാരിയെ ബലാത്സംഗം ചെയ്ത ഡ്രൈവര്‍ക്ക് എങ്ങനെയാണ് വ്യാജ പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും അന്വേഷിക്കുമെന്ന് ബാസി കൂട്ടിച്ചേര്‍ത്തു. യുബര്‍ ടാക്‌സി സര്‍വീസിന്റെ പ്രവര്‍ത്തനം നിരോധിച്ചു കൊണ്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ട യുബര്‍ സര്‍വീസിനെതിരെ എന്ത് നടപടിയെടുക്കണമെന്നും പരിശോധിക്കും.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഡല്‍ഹി പോലീസ് ശക്തമായ നടപടികള്‍ കൈകൊള്ളുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കമ്മീഷണര്‍ ബാസി പറഞ്ഞു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 5,000 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 10,000 ക്യാമറകള്‍ കൂടി സ്ഥാപിക്കാനിരിക്കുന്നു. വിവിധ നടപടികള്‍ വനിതകളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
വെള്ളിയാഴ്ച രാത്രി ഗുഡ്ഗാവിലായിരുന്നു ഉദ്യോഗസ്ഥയായ യുവതി യുബര്‍ കാബില്‍ മാനഭംഗത്തിനിരയായത്. ജോലി കഴിഞ്ഞ് രാത്രിയില്‍ വീട്ടിലേക്ക് ടാക്‌സിയില്‍ മടങ്ങുമ്പോഴാണ് മാനഭംഗത്തിനിരയായത്. യുബര്‍ ആപ്പ് ഉപയോഗിച്ച് വിളിച്ച ടാക്‌സി കാറില്‍ യുവതി വീട്ടിലേക്ക് മടങ്ങവേ ഡ്രൈവര്‍ യുവതിക്ക് മയക്കുമരുന്ന് കലര്‍ന്ന പാനീയം നല്‍കുകയായിരുന്നു. ഇതു കുടിച്ച യുവതി അബോധാവസ്ഥയിലായതോടെ ഡ്രൈവര്‍ മാനഭംഗപ്പെടുത്തുകയായിരുന്നു. പ്രതി ശിവകുമാര്‍ യാദവിനെതിരെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്.