മോക്ഡ്രില്ലിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത യുവാവിന് ജോലി പോയി

Posted on: December 10, 2014 2:21 am | Last updated: December 9, 2014 at 11:22 pm

തിരുവനന്തപുരം: മോക്ക്ഡ്രില്ലിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ടെക്‌നോപാര്‍ക്ക് സുരക്ഷാ ജീവനക്കാരന് ജോലി നഷ്ടമായി. കിളിമാനൂര്‍ സ്വദേശി എന്‍ ബിജുവാണ് പോലീസിനെതിരെ പരാതിയുമായി രംഗത്തുവന്നത്.
സംഭവം വിവാദമായതോടെ പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് പോലീസ് ആസ്ഥാനത്ത് ബോംബ് ഭീഷണിയുണ്ടെന്ന് പറഞ്ഞ് ദ്രുതകര്‍മസേനയും ബോംബ് സ്‌ക്വാഡും എത്തി പരിശോധന നടത്തിയത്. ഒന്നിലധികം ഫയര്‍ഫോഴ്‌സ് വാഹനങ്ങളും സ്ഥലത്തെത്തി. ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടാക്കിയും വിദ്യാര്‍ഥികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിച്ചുമായിരുന്നു പരിശോധന.
പരിശോധനയില്‍ രണ്ട് കാര്‍ട്ടണ്‍ ബോക്‌സും ഒരു ബാഗും കണ്ടെത്തി. ഡി ജി പിക്കു മുറിക്ക് സമീപത്തുള്ള കോണ്‍ഫറന്‍സ് ഹാളില്‍ നിന്നാണ് ബാഗ് ലഭിച്ചത്. തുടര്‍ന്ന് വ്യാജ ബോംബു ഭീഷണി സന്ദേശം വന്നത് കിളിമാനൂര്‍ സ്വദേശി ബിജുവിന്റെ ഫോണില്‍ നിന്നാണെന്ന് സ്ഥിരീകരിച്ച പോലീസ് ടെക്‌നോപാര്‍ക്കിലെത്തി നാല് മണിയോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തിച്ച് ഇയാളെ ചോദ്യം ചെയ്തു. ഇതുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ബിജു പറഞ്ഞെങ്കിലും വീണ്ടും മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് മൊഴി എഴുതി വാങ്ങി രാത്രി ഏഴരയോടെയാണ് വിട്ടയച്ചത്. പിന്നീടാണ് പോലീസ് ആസ്ഥാനത്ത് നടന്നത് മോക്ഡ്രില്‍ ആയിരുന്നുവെന്ന് മാധ്യമങ്ങളെ പോലീസ് ആറിയിച്ചത്. ബിജുവിനെ സംശയത്തിന്റെ പേരില്‍ ചോദ്യം ചെയ്തതാണെന്നും വിട്ടയച്ചതായും പോലീസ് അറിയിച്ചു. എന്നാല്‍ ഇന്നലെ പ്രമുഖ പത്രങ്ങളിലെല്ലാം ബിജുവിന്റെ പേര് പരാമര്‍ശിച്ച് വാര്‍ത്ത വന്നതോടെയാണ് ഇയാള്‍ക്ക് ജോലി നഷ്ടമായത്.
അതേസമയം, ഫോണ്‍ സന്ദേശം വന്നത് ബിജുവിന്റെ ഫോണില്‍ നിന്നുതന്നെ എന്നാണ് ഇപ്പോഴും പോലീസിന്റെ നിലപാട്. യുവാവിന് തൊഴില്‍ നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പോലീസ് ആസ്ഥാനത്ത് നടന്നത് മോക്ഡ്രില്‍ ആയിരുന്നുവെന്നും എല്ലാവരെയും അറിയിച്ചുകൊണ്ട് മോക്ഡ്രില്‍ നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.