യു എസ് എംബസികള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു

Posted on: December 10, 2014 1:12 am | Last updated: December 9, 2014 at 11:12 pm

വാഷിംഗ്ടണ്‍: രാജ്യസുരക്ഷക്ക് ഭീഷണിയെന്ന് സംശയമുള്ളവരെ ചോദ്യം ചെയ്യാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടന സി ഐ എ 2011 സെപ്തംബര്‍ 11ന് ശേഷം നടത്തിയ ക്രൂര പീഡനത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടാനിരിക്കെ ലോകത്തെ മുഴുവന്‍ യു എസ് എംബസികള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന്റെ പശ്ചാത്തലത്തില്‍ അപകടസാധ്യത മുന്നില്‍ കണ്ടാണ് വൈറ്റ് ഹൗസിന്റെ ഈ നീക്കം. രാജ്യത്തെ എംബസികളില്‍ സുരക്ഷാ മുന്‍ കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. 480 പേജുവരുന്ന റിപ്പോര്‍ട്ട് സെനറ്റ് പാനല്‍ ഇന്ന് അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
സെപ്തംബര്‍ 11നു ശേഷം സി ഐ യുടെ അല്‍ഖാഇദ വിരുദ്ധ ക്യാമ്പയിനിന്റെ വിശദാംശങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമെന്ന് കരുതപ്പെടുന്നു. ഭീകരാക്രമണത്തിനു ശേഷം അല്‍ഖാഇദ ബന്ധം ആരോപിച്ച് നിരവധി ആളുകളെയാണ് സി ഐ എ ക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കിയിരുന്നത്. സംശയിക്കുന്നവരെ ഏഷ്യയിലെയും യൂറോപ്പിലെയും രഹസ്യ കേന്ദ്രങ്ങളില്‍ വെച്ചാണ് ക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കി ചോദ്യം ചെയ്തിരുന്നത്. റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ അമേരിക്കയുടെ ലോകത്തുള്ള സംവിധാനങ്ങള്‍ക്കെതിരെ യും പൗരന്‍മാര്‍ക്കെതിരെയും ആക്രമണങ്ങളുണ്ടാകാമെന്നും ഇതിനെ പ്രതിരോധിക്കാനാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നതെന്നും വൈറ്റ്ഹൗസ് പറഞ്ഞു. ചോദ്യം ചെയ്യല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സമയമായെന്നും ഇതിന് തയ്യാറാകണമെന്നും കഴിഞ്ഞ ദിവസം യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി അധ്യക്ഷ ഡയാന ഫെയ്‌നസ്ട്രീറ്റിനോട് ആവശ്യപ്പെട്ടിരുന്നു.
480 പേജുള്ളതാണ് സംഗ്രഹിച്ച റിപ്പോര്‍ട്ട്. യു എസ് സൈനികര്‍ പിടികൂടിയ നൂറിലധികം ആളുകളെ ചോദ്യം ചെയ്തതിന്റെയും ഇവരെ പീഡിപ്പിച്ചതിന്റെയും രേഖകളാണ് ഇതില്‍. മുഴുവന്‍ റിപ്പോര്‍ട്ടുകളും 6,200 പേജിലധികം വരും. കടുത്ത രൂപത്തിലുള്ള ചോദ്യം ചെയ്യല്‍ വേണ്ടത്ര ഗുണം ചെയ്തില്ലെന്നാണ് ഇത് വായിച്ച ശേഷം നിരവധി യു എസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ക്യൂബയിലെ ഗ്വാണ്ടാനാമോ തടവറയില്‍ സ്വീകരിച്ച കടുത്ത ചോദ്യം ചെയ്യല്‍ രീതികളും പീഡനങ്ങളും ഇവര്‍ക്കെതിരെയും അരങ്ങേറിയിട്ടുണ്ട്.