ഫലസ്തീന് ഐ സി സി അംഗത്വം

Posted on: December 10, 2014 1:06 am | Last updated: December 9, 2014 at 11:12 pm

വാഷിംഗ്ടണ്‍: ഇസ്‌റാഈലിന് വീണ്ടും തിരിച്ചടി നല്‍കി, ഫലസ്തീന്‍ രാഷ്ട്ര പദവി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐ സി സി) അംഗീകരിച്ചു. ഇതോടെ ഇസ്‌റാഈല്‍ ഗാസയില്‍ നടത്തിയ യുദ്ധക്കുറ്റങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അന്വേഷണം സാധ്യമാകും. യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും ഫലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണയേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഐ സി സിയും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച് ഇസ്‌റാഈലിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഐ സി സിയില്‍ പദവി ലഭിക്കാന്‍ കുറേ കാലമായി ഫലസ്തീന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇനി ഫലസ്തീന്‍ അഭ്യര്‍ഥിക്കുകയാണെങ്കില്‍ ഐ സി സിക്ക് ഇസ്‌റാഈല്‍ ഫലസ്തീനില്‍ നടത്തിയ യുദ്ധക്കുറ്റങ്ങളെ കുറിച്ച് അന്വേഷണം ആരംഭിക്കാം. അന്താരാഷ്ട്ര സമൂഹത്തിന് നേരെ നടക്കുന്ന ഗുരുതരമായ മനുഷ്യത്വവിരുദ്ധ ആക്രമണങ്ങള്‍ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്താന്‍ വേണ്ടിയാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നിലവില്‍ വന്നത്. നെതര്‍ലാന്‍ഡിലെ ഹേഗിലാണ് ഐ സി സിയുടെ ആസ്ഥാന മന്ദിരം. ഇത് ഐക്യരാഷ്ട്ര സഭയുടെ ഭാഗമല്ലെങ്കിലും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ്. കോടതിയുടെ പ്രവര്‍ത്തനങ്ങളുടെ സുഗമമായ മുന്നേറ്റത്തിന്, സര്‍ക്കാറുകള്‍, അന്താരാഷ്ട്ര സംഘടനകള്‍, വ്യക്തികള്‍, കോര്‍പറേറ്റുകള്‍ തുടങ്ങിയവയില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം നടന്ന തുറന്ന ചര്‍ച്ചയിലാണ് ഫലസ്തീന്‍ രാഷ്ട്ര പദവി അംഗീകരിക്കാന്‍ ഐ സി സി അംഗങ്ങള്‍ തീരുമാനിച്ചതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഐ സി സി മാനദണ്ഡമനുസരിച്ച് ഫലസ്തീന്‍ ഇപ്പോള്‍ ഒരു സ്വതന്ത്ര രാഷ്ട്രമാണ്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പരിധിയില്‍ വരില്ലെന്നതിനാല്‍ ഇസ്‌റാഈല്‍ നിരവധി തവണ മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ ഫലസ്തീനിന് നേരെ നടത്തിയിരുന്നു. അതിനാല്‍ ഈ പദവിക്ക് വേണ്ടി കുറേ കാലമായി ഫലസ്തീന്‍ ശ്രമിച്ചുവരികയായിരുന്നു. ദീര്‍ഘകാലത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഐ സി സിയില്‍ ഫലസ്തീന്‍ അംഗമാകുന്നതോടെ ഇസ്‌റാഈല്‍ കൂടുതല്‍ പരുങ്ങലിലാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.