അറബ് ലോകത്തെ 50 സമ്പന്നരില്‍ ആറ് യുഎഇക്കാര്‍

Posted on: December 9, 2014 9:02 pm | Last updated: December 9, 2014 at 10:03 pm

അബുദാബി; അറബ് ലോകത്തെ അതിസമ്പന്നരായ 50 പേരുടെ പട്ടികയില്‍ ആറ് യു എ ഇക്കാര്‍ ഇടം പിടിച്ചു. അറേബ്യന്‍ ബിസിനസ് മാഗസിന്‍ പുറത്തിറക്കിയ കോടീശ്വരന്മാരുടെ പട്ടികയിലാണ് ആറ് യു എ ഇക്കാര്‍ സ്ഥാനം പിടിച്ചത്.

790 കോടി ഡോളറിന്റെ ആസ്തിയുമായി ദുബൈയിലെ മാജിദ് അല്‍ ഫുതൈമാണ് പട്ടികയില്‍ ഇടം നേടിയ യു എ ഇക്കാരില്‍ ഒന്നാമന്‍. മാജിദ് അല്‍ ഫുതൈമിന്റെ കഴിഞ്ഞ വര്‍ഷത്തെ ആസ്തി 610 കോടി ഡോളറായിരുന്നു. തൊട്ടുപിന്നില്‍ സ്ഥാനം പിടിച്ചത് ദുബൈയിലെ തന്നെ അല്‍ ഗുറൈര്‍ കുടുംബമാണ്. 700 കോടി ഡോളറാണ് ഇവരുടെ ആസ്തി. കഴിഞ്ഞ വര്‍ഷം ഇത് 630 കോടിയായിരുന്നു.
350 കോടി ഡോളറിന്റെ ആസ്ഥിയുമായി ഗര്‍ഗാഷ് കുടുംബവും 250 കോടിയുടെ ആസ്തിയുമായി അബ്ദുല്ല അല്‍ ഫുതൈമും കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം കണ്ടെത്തി. ഹസന്‍ അസ്മക് ആണ് പട്ടികയില്‍ ഇടം പിടിച്ച മറ്റൊരു യു എ ഇക്കാരന്‍. അബ്ദുല്ല അല്‍ ഫുതൈമും ഹസന്‍ അല്‍ അസ്മകും ഇതാദ്യമാണ് അറബ് ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടുന്നത്. പട്ടികയില്‍ ഈ പ്രാവശ്യവും ഒന്നാമത്തെത്തിയത് സഊദി രാജകുടുംബാംഗമായ വലീദ് ബിന്‍ തലാല്‍ രാജകുമാരനാണ്. 2,810 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വലീദ് രാജകുമാരന്റെ ആസ്തിയില്‍ 300 കോടിയിലധികം കുറവു വന്നിട്ടുണ്ടെന്ന് മാഗസിന്‍ വെളിപ്പെടുത്തുന്നുണ്ട്. 1,200 കോടിയുമായി സഊദിയിലെ തന്നെ അല്‍ ഉല്‍യാന്‍ കുടുംബമാണ് പട്ടികയില്‍ രണ്ടാമത്.