വന്യജീവികളുടെ കണക്കെടുക്കുന്നു

Posted on: December 9, 2014 9:38 pm | Last updated: December 9, 2014 at 9:38 pm

&MaxW=640&imageVersion=default&AR-141209307റാസല്‍ ഖൈമ: വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായുള്ള ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളുടെ സഹായത്തോടെ എമിറേറ്റിലെ വന്യജീവികളുടെ കണക്കെടുപ്പ് ആരംഭിച്ചു. മൂന്നു വര്‍ഷം നീളുന്ന കണക്കെടുപ്പിനാണ് സര്‍ക്കാര്‍ തലത്തില്‍ തുടക്കമായിരിക്കുന്നത്. വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് കണക്കെടുപ്പ് ആരംഭിച്ചിരിക്കുന്നത്. പര്‍വതപ്രദേശങ്ങളുടെ ദുര്‍ഘടമായ ഭാഗങ്ങളില്‍ പോലും ചെന്നെത്തിയാണ് വന്യജീവികളുടെ സാന്നിധ്യം പരിശോധിച്ച് ഉറപ്പാക്കുന്നത്. അതിദുര്‍ഘടമായ മേഖലകൡ നാലു ദിവസം നീളുന്ന പ്രത്യേക യജ്ഞത്തിനും തുടക്കമായിട്ടുണ്ട്. ജീവികളുടെ സാന്നിധ്യം ഉറപ്പാക്കുന്ന ജൈവാവശിഷ്ടങ്ങള്‍ ഉള്‍പെടെയുള്ളവ സംഘം വിശകലനം ചെയ്യും.
റാസല്‍ ഖൈമയുടെ അത്യപൂര്‍വമായ പ്രകൃതി സമ്പത്തിനെക്കുറിച്ച് കൂടുതല്‍ അറിയാനായാണ് ഇത്തരം ഒരു കണക്കെടുപ്പ് നടത്തുന്നതെന്ന് റാസല്‍ ഖൈമ വൈല്‍ഡ്‌ലൈഫ് പ്രൊജക്ട് ഹെഡ് ഡോ. ആനിലൈസ് ചേബര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക പഠനം പോലും ആരെയും അല്‍ഭുതപ്പെടുത്തുന്നതായിരുന്നുവെന്ന് അവര്‍ പറഞ്ഞു. മുമ്പ് റാസല്‍ ഖൈമയുടെ മലമടക്കുകള്‍ ഉള്‍പെടെയുള്ള പ്രദേശങ്ങളില്‍ ഏതെല്ലാം വന്യജീവികളാണ് ജീവിക്കുന്നതെന്ന് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. സര്‍വെ ആരംഭിച്ചതോടെ ഇതേക്കുറിച്ച് അറിയാനുള്ള തുടക്കമായിരിക്കയാണ്. കണ്ടെത്തുന്ന ഏതൊരു കാര്യവും താല്‍പര്യമുള്ളതാവുമെന്ന കാര്യത്തില്‍ സംശയമില്ല. ആദ്യം ഏതെല്ലാം ജീവികള്‍ എമിറേറ്റിന്റെ വന്യതയില്‍ ജീവിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായാലേ അവയുടെ പൂര്‍ണ സംരക്ഷണം എങ്ങനെയെല്ലാം സാധ്യമാക്കാമെന്ന് ചിന്തിക്കാന്‍ സാധിക്കൂ. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ പദ്ധതികള്‍ നടപ്പാക്കിവേണം വംശനാശം ഉള്‍പെടുയുള്ള ഭീഷണികളില്‍ നിന്നു ജീവജാലങ്ങളെ രക്ഷിക്കാന്‍.
പദ്ധതിയുടെ ആദ്യഭാഗമായി ജൈവിക വൈവിധ്യത്തെക്കുറിച്ചുള്ള സര്‍വെയാണ് നടത്തുന്നത്. ഇത് പൂര്‍ത്തിയാവുന്നതോടെ റാസല്‍ ഖൈമക്കാര്‍ക്ക് തങ്ങളുടെ എമിറേറ്റിന്റെ പരിസ്ഥിതിയെക്കുറിച്ചും ജീവിക്കുന്ന ജീവികളെക്കുറിച്ചും കൂടുതല്‍ അറിയാനാവും. കണക്കെടുപ്പില്‍ പ്രഥമ പരിഗണന ഇക്കാര്യത്തിനായിരിക്കും. രണ്ടാമത്തേത് പൊതുജനങ്ങളെ പരിസ്ഥിതി സന്തുലനം ഉറപ്പാക്കുന്ന കാര്യത്തില്‍ ബോധവാന്മാരാക്കുകയാണ്. കണക്കെടുപ്പിനെ ഭാവിയില്‍ പ്രത്യേക പദ്ധതിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു.
ഇത്തരത്തില്‍ ഒരു പഠന യാത്രക്ക് അവസരം കിട്ടിയത് വേറിട്ട അനുഭവമാണെന്ന് സായിദ് യൂണിവേഴ്‌സിറ്റിയിലെ എന്‍വയണ്‍മെന്റല്‍ സയന്‍സ് വിദ്യാര്‍ഥിനിയായ മറിയം അല്‍ ഹദ്ദാദ് വ്യക്തമാക്കി. യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഇത്തരം ഒരു യാത്രക്ക് ഞങ്ങളെ തിരഞ്ഞെടുത്തത്. അത് മഹാ ഭാഗ്യമായി കരുതുന്നു. എമിറേറ്റിന്റെ പര്‍വതപ്രദേശങ്ങളില്‍ പോകാന്‍ ഇത്തരം സന്ദര്‍ഭത്തിലേ അവസരം ലഭിക്കൂ. വന്യജീവികളെ സംരക്ഷിക്കേണ്ടത് ഏറെ പ്രാധാന്യമുള്ള കാര്യമാണെന്ന് മനസിലാക്കിയിട്ടുണ്ട്. മറിയം ഉള്‍പെട്ട സംഘം വാദികളിലെ പ്രാണികളെക്കുറിച്ചാണ് സര്‍വെയുടെ ഭാഗമായി പഠനം നടത്തുന്നത്. കൂടുതല്‍ സ്വദേശികള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്നും പ്രകൃതി നമ്മുടേതാണെന്നും അവര്‍ പറഞ്ഞു.