ഐഎസ്എല്‍: പൂനെയെ ഒരു ഗോളിന് തോല്‍പിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ് സെമിയില്‍

Posted on: December 9, 2014 9:26 pm | Last updated: December 10, 2014 at 11:36 am

10556354_851642178211417_6244691025117053660_nകൊച്ചി: ഇയാന്‍ ഹ്യൂമിന്റെ തന്ത്രപരമായ ഫ്രീകിക്ക് ഗോള്‍, ഗോള്‍ കീപ്പര്‍ സന്ദീപ് നന്ദിയുടെ അസാധ്യമായ രക്ഷപ്പെടുത്തലുകള്‍, പിന്നെ വേണ്ടുവോളം ഭാഗ്യനിമിഷങ്ങളും….വിജയം അര്‍ഹിച്ചിരുന്ന പൂനെ എഫ് സിയെ തങ്ങളുടെ നാട്ടുകാര്‍ക്ക് മുന്നില്‍ അട്ടിമറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി ഫൈനലില്‍. 23-ാം മിനിറ്റില്‍ പൂനെയുടെ സൂപ്പര്‍താരം ഡുഡു ഇയാന്‍ ഹ്യൂമിനെ ഫൗള്‍ ചെയ്തതിലൂടെ ലഭിച്ച ഫ്രീകിക്കാണ് കേരളത്തിന് രക്ഷയായത്. ഹ്യൂമെടുത്ത കിക്ക് വളഞ്ഞു പുളഞ്ഞ് പ്രതിരോധ മതിലിനെ മറികടന്ന് വലകുലുക്കിയപ്പോള്‍ തകര്‍ന്നത് പൂനെയുടെ ഹൃദയമായിരുന്നു. നേരത്തെ ചെന്നൈയിന്‍ – ഡല്‍ഹി മത്സരം 2-2 സമനിലയില്‍ കലാശിച്ചതാണ് കേരളത്തിന് സെമിയിലേക്കുള്ള വഴി തുറന്നത്.
വിജയത്തോടെ 19 പോയിന്റ് നേടിയ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തെത്തി. ഡേവിഡ് ട്രിസഗെയുടെ പൂന മത്സരത്തില്‍ നിന്നു പുറത്തായി. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ സമനിലയില്‍ കുരുക്കിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയത്തോടെ ഡല്‍ഹിയും സെമി കാണാതെ പുറത്തായി. മുംബൈയ്ക്ക് ശേഷിച്ച മത്സരം ജയിച്ചാലും സെമിയിലെത്താനാകില്ല.
സെമിയിലെത്താന്‍ ജയത്തില്‍ കുറഞ്ഞ് ഒന്നും മതിയാവാത്ത മത്സരത്തില്‍ പെന്‍ ഓര്‍ജിക്ക് പകരം ബ്രസീലിയന്‍ താരം പെഡ്രോ അഡ്രിയാനോ ഗുസ്മാവോയെയും പ്രധിരോത നിരയില്‍ നിര്‍മ്മല്‍ ചേത്രിക്കു പകരം സന്ദേശ് ജിങ്കനെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യ മിനിറ്റു മുതലേ ആക്രമിച്ചു കളിക്കുന്ന പൂനയെയാണ് ഇന്നലെ കലൂര്‍ സ്റ്റേഡിയം കണ്ടത്. ബ്ലാസ്‌റ്റേഴസാകട്ടെ പൂര്‍ണമായും പ്രതിരോധത്തിലേക്ക് പിന്‍വലിഞ്ഞു. മധ്യനിരയില്‍ പൂനെ ആധിപത്യം സ്ഥാപിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍മുഖം കിടുങ്ങി. ഏതു നിമിഷവും ഗോള്‍ വീഴാവുന്ന അവസ്ഥ. ഗോളി സന്ദീപ് നന്ദി ഒരു ഡസന്‍ സേവെങ്കിലും ഇന്നലെ നടത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ മികവിനേക്കാളേറെ പൂനയുടെ ഭാഗ്യക്കേടായിരുന്നു നിഴലിച്ചു കണ്ടത്. ആദ്യ മിനിററില്‍ തന്നെ പന്തുമായി ബ്ലാസ്റ്റേഴ്‌സിന്റെബോക്‌സിനുള്ളിലേയ്ക്ക് കോസ്താസ് കറ്റ്‌സൗരാനാസ് ഇരച്ചു കയറിയങ്കിലും ഓഫ് സൈഡില്‍ കുരുങ്ങി.
മൂന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍മുഖത്തേയ്ക്ക് വീണ്ടും പന്തെത്തി. സെയ്‌ദോ മറിച്ചു കൊടുത്ത പന്ത് ഫ്രാങ്കോ കൊളംബയ്‌ക്കോ ഡുഡുവിനോ എത്തിപ്പിടിക്കാന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത നിമിഷത്തില്‍ ജര്‍മന്‍ പെനന്റ് വലതു വിംഗില്‍ നിന്നും നല്‍കിയ ക്രോസ് സന്ദീപ് നന്ദി കുത്തിയകറ്റി. തിരിച്ചെത്തിയ പന്ത് ഒന്നു തൊട്ടാല്‍ ഗോളാകുമെന്ന നിലയായിരുന്നെങ്കിലും ഡുഡു അവസരം പാഴാക്കി. എട്ടാമത്തെ മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യനീക്കമുണ്ടായത്. മധ്യഭാഗത്തു നിന്നും പിയേഴ്‌സണ്‍ ഗുസ്മാവോയെ ലക്ഷ്യമാക്കി നല്‍കിയെങ്കിലും പൂനയുടെ ബ്രൂണോ സെറില്ലോ അപകടമൊഴിവാക്കി. സെയ്‌ദോയുടെ ഒരു ക്രോസ് സന്ദീപ് നന്ദി ഏറെ പ്രയാസപ്പെട്ട് പിടിച്ചെടുത്തു. 17-ാം മിനിററില്‍ പൂനയുടെ മനീഷിന്റെ ഗോളായെന്നുറപ്പിച്ച ഷോട്ട് നന്ദി നിലത്തു വീണു കയ്യിലൊതുക്കി. 20-ാം മിനിറ്റില്‍ ഗുസ്മാവോയുടെ ഷോട്ട് പൂനയുടെ പോസ്റ്റിലുരസി പുറത്തു പോയി. കളിയുടെ ഗതിയ്ക്കു വിപരീതമായി ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍. പൂനയുടെ പോസ്റ്റിനു പുറത്തു വച്ച് ഇയാന്‍ ഹ്യൂമിനെ ഡുഡു തള്ളിയിട്ടതിനു ലഭിച്ച ഫ്രീകിക്ക് ഹ്യൂമാണ് എടുത്തത്. പൂനയുടെ പ്രതിരോധ മതില്‍ തുളച്ച് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പന്തു കയറിയപ്പോള്‍ ഗോളി അരിന്ദം ഭട്ടാചാര്യ നിസാഹായനായിരുന്നു. മഴവില്ലഴകില്‍ വളഞ്ഞു പുളഞ്ഞ് ലക്ഷ്യത്തിലെത്തിയ ഹ്യൂമിന്റെ ഗോള്‍ ടൂര്‍ണമെന്റ് കണ്ട മനോഹര ഗോളുകളിലൊന്നായിരുന്നു. ഗാലറി ആഹഌദത്തില്‍ ആറാടിയ നിമിഷം.
28-ാം മിനിറ്റില്‍ വീണ്ടും പൂനയ്ക്ക് അവസരം. പെനന്റ് ബോക്‌സിന്റെ തൊട്ടു പുറത്തു നിന്നും തൊടുത്ത ഫ്രീകിക്ക് മുന്നോട്ടു കയറിയ സന്ദീപ് നന്ദി പിടിച്ചെടുത്തെങ്കിലും കയ്യില്‍ നിന്ന് വഴുതി പോയി. സിറില്ലോ സമയം പാഴാക്കാതെ ഒഴിഞ്ഞ് പോസ്റ്റിലേക്ക് അടിച്ചെങ്കിലും സന്ദീഷ് ജിംഗന്‍ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. 33-ാം മിനിറ്റില്‍ മിലാഗ്രസിന്റെ ഒരു ഷോട്ട് ഗോള്‍ ബാറിനു മുകളിലൂടെ പോയി.
വലതു വിംഗില്‍ നിന്നും സെയ്‌ദോ നല്‍കിയ ഒരു ക്രോസ് ഡുഡു ഫിനിഷിംഗിനെത്തുന്നതിനു മുമ്പു തന്നെ സന്ദീപ് നന്ദി മുന്നോട്ടു കയറി പിടിച്ചെടുത്തു. ഒന്നാം പകുതിയുടെ അധിക നിമിഷത്തില്‍ വീണ്ടും പൂനയുടെ ഗോള്‍ ശ്രമം. ക്രിസ്റ്റിയന്‍ വഡ്‌കോസ് ബോക്‌സിനു സമീപം നിന്ന് പ്രതിരോധ നിരയുടെ മുകളിലൂടെ പോസ്‌ററിലേക്ക് വോളി പായിച്ചെങ്കിലും നന്ദിയെ കീഴടക്കാനായില്ല.
ഇടവേളയ്ക്കു ശേഷം ഗുസ്മാവോയ്ക്കു പകരം ഡേവിഡ് ജയിംസ് ബാരിസിച്ചിനെ ഇറക്കി. 70-ാം മിനിറ്റു മുതല്‍ പൂന സമ്മര്‍ദ്ദം ശക്തമാക്കി. തുടര്‍ച്ചയായി മൂന്നു കോര്‍ണറുകള്‍ വഴങ്ങിയാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം അപകടമൊഴിവാക്കിയത്. സന്ദീപ് നന്ദി തന്നെയായിരുന്നു ഇവിടേയും രക്ഷകനായത്. 87-ാം മിനിറ്റില്‍ മൈക്കേല്‍ ചോപ്രയെ ഫൗള്‍ ചെയ്തതിന് സിറില്ലോയ്ക്ക് മഞ്ഞക്കാര്‍ഡ് കിട്ടി. സിറില്ലോയ്‌ക്കെതിരേ ആക്രോശിച്ച ബ്ലാസ്‌റ്റേഴ്‌സിന്റെ മാനേജര്‍ ഡേവിഡ് ജയിംസിനെ റഫറി മൈതാനത്തിനു പുറത്താക്കി. എട്ട് മിനിറ്റ് അധിക സമയത്തും പൂനെയുടെ ആക്രമണത്തെ പ്രധിരോധിക്കാന്‍ കേരളത്തിന് മുഴുവന്‍ ആഴുധവും പുറത്തെടുക്കേണ്ടിവന്നു.