ബലാത്സംഗം: ഡല്‍ഹിയില്‍ യുബര്‍ ടാക്‌സി സംവിധാനം നിരോധിച്ചു

Posted on: December 9, 2014 12:27 am | Last updated: December 9, 2014 at 1:31 pm

300327-dpz-8dcmg-29ന്യൂഡല്‍ഹി: സ്വകാര്യ കാബ് സര്‍വീസ് ആയ യുബറിന്റെ പ്രവര്‍ത്തനം ഡല്‍ഹി സര്‍ക്കാര്‍ പൂര്‍ണമായി നിരോധിച്ചു. യുബറിന്റെ കീഴിലുള്ള ടാക്‌സിയില്‍ കഴിഞ്ഞ ദിവസം യുവതി ബലാത്സംഗം ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഇത്. ബലാത്സംഗം ചെയ്ത പ്രതി ശിവ്കുമാര്‍ യാദവിനെ ഞായറാഴ്ച മഥുരയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നേരത്തേ തന്നെ ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്ന് തെളിഞ്ഞിട്ടുണ്ട്.
യുബര്‍ ഡോട്ട് കോം നല്‍കുന്ന യാത്രാ സൗകര്യങ്ങള്‍ പൂര്‍ണമായി നിരോധിക്കുന്നുവെന്നും കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നുവെന്നും ഡല്‍ഹി ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. അതിനിടെ, പീഡനം നടന്ന ഡി എല്‍ വൈ ഡി 7910 ടാക്‌സിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. പ്രതി ശിവകുമാര്‍ യാദവിന്റെ ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്. ഇയാള്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചാണ് ഇവ നേടിയത്. തിരച്ചറിയല്‍ പരേഡിന് തയ്യാറാകാന്‍ ഇയാള്‍ വിസമ്മതിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
2012 ഡിസംബര്‍ 16ന് രാജ്യതലസ്ഥാനത്ത് ഓടുന്ന ബസില്‍ യുവതി ക്രൂരമായി ബലാത്സംഗത്തിനിരയാകുകയും പിന്നീട് മരിക്കുകയും ചെയ്ത സംഭവം രാജ്യ മനസ്സാക്ഷിയെ പിടിച്ചുലച്ചിരുന്നു. ഡല്‍ഹിയില്‍ രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് അന്ന് അരങ്ങേറിയത്. നിര്‍ഭയയെന്ന് വിളിക്കപ്പെട്ട ആ യുവതിയുടെ ഓര്‍മയുണര്‍ത്തി, വെള്ളിയാഴ്ച രാത്രി ഗുഡ്ഗാവിലായിരുന്നു ഉദ്യോഗസ്ഥയായ യുവതി യുബര്‍ കാബില്‍ മാനഭംഗത്തിനിരയായത്. ജോലി കഴിഞ്ഞ് രാത്രിയില്‍ വീട്ടിലേക്ക് ടാക്‌സിയില്‍ മടങ്ങുമ്പോഴാണ് മാനഭംഗത്തിനിരയായത്. യുബര്‍ ആപ്പ് ഉപയോഗിച്ച് വിളിച്ച ടാക്‌സി കാറില്‍ യുവതി വീട്ടിലേക്ക് മടങ്ങവേ ഡ്രൈവര്‍ യുവതിക്ക് മയക്കുമരുന്ന് കലര്‍ന്ന പാനീയം നല്‍കുകയായിരുന്നു. ഇതു കുടിച്ച യുവതി അബോധാവസ്ഥയിലായതോടെ ഡ്രൈവര്‍ മാനഭംഗപ്പെടുത്തുകയായിരുന്നു.
യുബര്‍ എന്നാല്‍
സ്മാര്‍ട്ട് ഫോണ്‍ വഴി ബന്ധപ്പെട്ടാല്‍ ടാക്‌സി കാറുകളുടെ സേവനം ലഭ്യമാക്കുന്ന ആപ്പാണ് യുബര്‍. അമേരിക്കന്‍ കമ്പനിയാണ് ഇത് നടത്തുന്നത്. ഡല്‍ഹിയില്‍ ഇത്തരത്തില്‍ ടാക്‌സികളുടെ സേവനം തേടുന്നവര്‍ നിരവധിയാണ്. യുബറുമായി സഹകരിക്കുന്ന ടാക്‌സി ഡ്രൈവര്‍മാരുടെ പശ്ചാത്തലം കമ്പനി ശരിയായി പരിശോധിക്കാറില്ല. ഇതാണ് കുറ്റകൃത്യങ്ങളിലേക്ക് വഴിതെളിക്കുന്നത്. ഇത്തരത്തില്‍ എത്തുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ ക്രിമിനലുകള്‍ ആണോയെന്ന് അറിയുവാന്‍ സാധിക്കില്ലെന്ന വിലയിരുത്തിലിലാണ് ഈ സംവിധാനം പൂര്‍ണമായി നിരോധിച്ചത്.

ALSO READ  ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 400ലേറെ പേര്‍ക്ക് കൊവിഡ്; മുന്നറിയിപ്പുമായി കേന്ദ്രം