പൊടിശല്യം മറയ്ക്കാന്‍ ഓട്ടയടയ്ക്കല്‍

Posted on: December 9, 2014 12:27 pm | Last updated: December 9, 2014 at 12:27 pm

കൊപ്പം: കൊപ്പം – വളാഞ്ചേരി റോഡില്‍ മണ്ണിട്ട് ഉയര്‍ത്തിയ ഭാഗങ്ങളില്‍ പൊടിശല്യം രൂക്ഷമായതോടെ നാട്ടുകാരുടെ കണ്ണില്‍ പൊടിയിട്ട് അധികൃതരുടെ ഓട്ടയടയ്ക്കല്‍ തുടങ്ങി.
ടൗണ്‍ മുതല്‍ നടുവട്ടം വരെയാണ് ഓട്ടയടയ്ക്കാന്‍ ലക്ഷ്യമിട്ടതെങ്കിലും ഒരു കിലോമീറ്റര്‍ ദൂരം മാത്രമാണ് ഇപ്പോള്‍ കുഴികളടയ്ക്കുന്നത്. പാതയില്‍ കുഴികള്‍ രൂപപ്പെട്ട ഭാഗങ്ങളില്‍ മണ്ണിട്ടുഉയര്‍ത്തിയുള്ള നിര്‍മാണപ്രവൃത്തികള്‍ രായിരനെല്ലൂര്‍മല കയറ്റത്തിന് മുന്നോടിയായിപൂര്‍ത്തിയായിരുന്നു. മഴമാറിയിട്ടും ഇവിടെ പണി തുടങ്ങാത്തതിനാല്‍ പൊടിശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു.
പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഭാഗങ്ങളിലെ കുഴികളിലാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഓട്ടയടക്കുന്നത്. റോഡ് പൂര്‍ണ്ണമായും ടാറിംഗ് നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും—ടാര്‍ കിട്ടാനില്ലെന്നാണ് അതികൃതര്‍ പറയുന്നത്. ടാര്‍ ലഭ്യമാക്കുന്ന മുറയ്ക്ക് കൊപ്പം മുതല്‍ നടുവട്ടം വരെ റീടാറിംഗ് നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ വാസുദേവന്‍ പറഞ്ഞു. റോഡ് തകര്‍ന്നതിനാല്‍ ഇത് വഴിയുള്ള യാത്ര ദുഷ്‌കരമാണ്. വന്‍ ഗര്‍ത്തങ്ങളില്‍ ചാടി അപകടങ്ങള്‍ പതിവായതോടെ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട വിവിധ രാഷ്ട്രീയ പാര്‍ടികളും സംഘടനകളും സമരങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ തകര്‍ന്ന കൊപ്പം – വളാഞ്ചേരി റോഡിന്റ ശാപമോക്ഷം അനിശ്ചിതമായി തുടരുകയാണ്.