മാവോയിസ്റ്റ് സാന്നിധ്യം; ചപ്പ കോളനിക്കാര്‍ ഭീതിയില്‍

Posted on: December 9, 2014 12:24 pm | Last updated: December 9, 2014 at 12:24 pm

maoiമാനന്തവാടി: ദുരിതക്കയത്തിലായ കോളനിക്കാര്‍ക്ക് മാവോയിസ്റ്റ് സാന്നിധ്യം കൂടുതല്‍ പ്രയാസം സൃഷ്ടിക്കുന്നു. മനസ്സമാധാനമായി ജീവിക്കണമെന്ന് ചപ്പ നിവാസികള്‍.
നിരന്തരമായി മാവോ സംഘം എത്തുകയും മാവോയിസ്റ്റും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ നേര്‍ക്ക് നേര്‍ വെടിവെപ്പ് നടന്ന വന പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്നതുമായ ചപ്പുനിവാസികള്‍ക്ക് പറയാനുള്ളത് ഞങ്ങളെ ശല്യം ചെയ്യരുത് എന്ന് മാത്രം. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍പ്പെട്ട നിരവില്‍പ്പുഴ നിന്നും ആറ് കിലോമീറ്റര്‍ അകലെ ചുറ്റും വനത്താല്‍ ചുറ്റപ്പെട്ടതും എത്തിപ്പെടാന്‍ കഴിയാത്തതുമാണ് ചപ്പ കോളനി. അഞ്ച് കുടുബങ്ങളിലായി 20 ഓളം പേരാണ് താമസിക്കുന്നത്. സര്‍ക്കാറിന്റെ യാതൊരു ആനുകൂല്യവും ഈ കോളനിക്കാര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല കോളനിയിലെത്തിപ്പെടാന്‍ ഒരു പാതപോലുമില്ല.
ഒരു വര്‍ഷം മുമ്പ് വരെ കോളനിയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് പോലീസിന്റേയും മറ്റ് അധികൃതരുടേയും ശ്രദ്ധപതിഞ്ഞത്. ഇപ്പോള്‍ താല്‍കാലികമായാണെങ്കിലും മണ്ണ റോഡ് ഗതാഗത യോഗ്യമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ കോളനിയിലേത്താന്‍ അരക്കിലോമീറ്റര്‍ നടക്കണം.
പഴകിയ വീടുകളാണ് കോളനിക്കാര്‍ക്കുള്ളത്. കാളിയന്‍മൂല ബാബു,രാമന്‍ എന്നിവരുടെ വീടുകളാണ് കോളനിയിലുള്ളത്. കൃഷി ചെയ്ത് ഉപജീവന മാര്‍ഗം കണ്ടെത്തുന്ന ആദിവാസികള്‍ക്ക് പുറം ലോകവുമായി വലിയ ബന്ധവുമൊന്നുമില്ല. കഴിഞ്ഞ ദിവസം വൈകിട്ട് ഒരു കിലോമീറ്റര്‍ അകലെയുള്ള വനത്തില്‍ വെച്ചാണ് മാവോവാദികള്‍ വെടിയുതിര്‍ത്തത്.
വെടിയൊച്ച കേട്ടിരുന്നെങ്കിലും ഗൗരവമായി എടുത്തില്ല. എന്നാല്‍ പിന്നീട് പോലീസ് സംഘം കോളനിയിലെത്തിയപ്പോഴാണ് ഏറ്റുമുട്ടല്‍ നടന്ന വിവരം അറിയുന്നതെന്നാണ് കോളനിക്കാര്‍ പറയുന്നത്. 2013 നവംബറിലാണ് സ്ത്രീകളടക്കമുള്ള സംഘം കോളനിയിലെത്തിയത്.
ചപ്പ കോളനിക്കാരുമായി സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തതായി കോളനിക്കാര്‍ പറയുന്നു. അടുത്തുള്ള കോളനിയിലും സംഘം ലഘു ലേഖകള്‍ വിതരണം ചെയ്തതായും കോളനിക്കാര്‍ പറയുന്നു. മാവോ സാന്നിധ്യമുണ്ടായതോടെ ചാപ്പ കോളനി പോലീസ് നിരീക്ഷണത്തിലായി.മാവോ സംഘം പലപ്പോഴും എത്തിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. മാവോയിസ്റ്റുകളെ തള്ളിപ്പറയാനോ മറ്റോ തയ്യാറാകാത്തതാണ് പോലീസിന് ഏറെ സംശയങ്ങള്‍ ഉടലെടുത്തത്. കോളനിക്കാര്‍ പോലീസിനോടും മാധ്യമങ്ങളോടും ഒന്നും തുറുന്ന് പറയാന്‍ തയ്യാറാവുന്നില്ല.
ഇതിന്റെ പേരില്‍ പോലീസും ജനങ്ങളും ദൃശ്യമാധ്യമ പ്രവര്‍ത്തകരും കോളനിയിലെത്തുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് കോളനിക്കാരുടെ പരാതി.