Wayanad
ബാണാസുര ഗിരിനിരയിലെ ആദിവാസി ഭൂമികള്‍ ഖനനമാഫിയകള്‍ കൈയടക്കുന്നു

കല്‍പ്പറ്റ : ബാണാസുരമലയിലെ വാളാരംക്കുന്ന്, കൊയ്ത്തുപാറ പ്രദേശങ്ങളിലെ ആദിവാസി ഭൂമികള്‍ ഖനനമാഫിയകള്‍ കൈയ്യടക്കുന്നതായി കോളനി സംരക്ഷണ സമിതി കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പണിയ, കുറിച്ച്യ, കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട 75 ഓളം കുടുംബങ്ങളാണ് വെള്ളമുണ്ട പഞ്ചായത്തിലെ നാരോക്കടവ് വാര്‍ഡിലെ ഈ ഭാഗങ്ങളില്‍ താമസിക്കുന്നത്. മലമുകളില്‍ യാത്രാസൗകര്യങ്ങളോ മറ്റ് അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാതെയാണ് ഇവര്‍ താമസിക്കുന്നത്. വനത്തിനോട് ചേര്‍ന്നാണ് ആദിവാസി കോളനികള്‍. കൊയ്ത്ത്പാറയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറി ഇവരുടെ ഭൂമി കയ്യേറിയെന്നാണ് ആദിവാസികള്‍ ആരോപിക്കുന്നത്.
ഇവിടെനിന്നുള്ള കല്ലുകള്‍ അത്താണി ക്രഷറിലേക്ക് മലയുടെ മുകളിലൂടെ പ്രത്യേകം നിര്‍മ്മിച്ച പാതയിലൂടെയാണ് കൊണ്ടുപോകുന്നത്. പലരുടെയും ഭൂമി ക്വാറി മാഫിയ കയ്യേറിയിട്ടും പരാതി കൊടുക്കാന്‍ പോലും ഇവര്‍ക്ക് മുന്‍പ് കഴിഞ്ഞിട്ടില്ല. മുന്‍പ് നിര്‍ത്തലാക്കിയ ക്വാറിയുടെ പ്രവര്‍ത്തനം മാസങ്ങള്‍ക്ക് ശേഷം പുനരാരംഭിക്കുകയായിരുന്നു. ദിവസവും 70 ട്രിപ്പോളം കരിങ്കല്ലുകള്‍ കോളനിക്കാരുടെ റോഡിലൂടെയാണ് കൊണ്ടുപോകുന്നത്.
കോളനിക്കാര്‍ക്ക് ഇതുമൂലം കാല്‍നടയാത്രപോലും ദുസ്സഹമായിരിക്കുകയാണ്. ക്വാറിയില്‍ വെടിപൊട്ടിക്കുന്നത് മൂലം പല വീടുകള്‍ക്കും വിള്ളല്‍ വീണിട്ടുണ്ട്. കുട്ടികളുടെ സ്‌കൂള്‍പഠനത്തിനും സ്വസ്ഥമായ ജീവിതത്തിനുംവേണ്ടി വയനാട് ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് ഇവര്‍. പത്രസമ്മേളനത്തില്‍ അണ്ണന്‍ വാളാരംക്കുന്ന്, ബാബു വാളാരംക്കുന്ന്, രാജന്‍ വാളാരംക്കുന്ന്, അനീഷ് കൊയ്ത്തുപാറ തുടങ്ങിയവര്‍ പങ്കെടുത്തു. ക്വാറി നിര്‍ത്തലാക്കിയില്ലെങ്കില്‍ 75 കുടുംബങ്ങള്‍ ഒന്നടങ്കം വയനാട് ജില്ലാകലക്‌ട്രേറ്റില്‍ ധര്‍ണ്ണ നടത്തുമെന്നും ഇവര്‍ പറഞ്ഞു.