Connect with us

Kozhikode

സംസ്ഥാന സ്‌കൂള്‍ കലോത്സവം: ഒരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍

Published

|

Last Updated

കോഴിക്കോട്: 55 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇനി 37 ദിവസം മാത്രം ബാക്കിയിരിക്കെ ഒരുക്കങ്ങള്‍ ജില്ലയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍. പെട്ടന്നുള്ള തീരുമാന പ്രകാരമാണ് കലോത്സവം ജില്ലയിലേക്കെത്തുന്നത്. അതിനാല്‍ കാര്യങ്ങളുടെ നടത്തിപ്പിന് സമയപരിമിതി ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു.
കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസിലെ സംഘാടക സമിതിയില്‍ ഉള്‍പ്പെട്ട ഒരു വിഭാഗം ജീവനക്കാര്‍ ഇപ്പോള്‍ തന്നെ മുഴു സമയവും യുവജനോത്സവവുമായി ബന്ധപ്പെട്ട ജോലിയിലാണ്. ഭക്ഷണം, പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് തുടങ്ങിയവക്കുള്ള ക്വട്ടേഷന്‍ നടപടികള്‍ പൂര്‍ത്തിയായി.
ഈ മാസം 13ന് ഡി പി ഐ എല്‍ രാജന്റെ നേതൃത്വത്തില്‍ സബ് കമ്മിറ്റി കണ്‍വീനര്‍മാരുടെ അന്തിമ അവലോകന യോഗം നടക്കും. 54 പേര്‍ ഉള്‍പ്പെടുന്ന 15 സബ് കമ്മിറ്റികളില്‍ നിന്നായി 810 പേര്‍ യോഗത്തില്‍ പങ്കെടുക്കും. ഈ യോഗത്തില്‍ ടെന്‍ഡറുകള്‍ പൊട്ടിച്ച് പരിശോധിക്കും. അന്ന് തന്നെ ടെന്‍ഡറുകളില്‍ തീരുമാനമാകും. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അതേദിവസം കോഴിക്കോട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തും. ബി ഇ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യും.
മീഡിയ കമ്മിറ്റി ഓഫീസും ഇവിടെത്തന്നെയാണ് ഒരുക്കുന്നത്. ഇവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വിശിഷ്ട വ്യക്തികളെ ക്ഷണിക്കല്‍ മുതലുള്ള ജോലികള്‍ ഡി ഡി ഓഫീസ് കേന്ദ്രീകരിച്ച് നടന്നുവരികയാണ്.