മുല്ലപ്പെരിയാര്‍: 5.68 ഹെക്ടര്‍ വനം വെള്ളത്തിലായി

Posted on: December 9, 2014 12:24 am | Last updated: December 9, 2014 at 12:24 am

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നപ്പോള്‍ വെള്ളത്തിനടിയിലായത് 5.68 ഹെക്ടര്‍ വനപ്രദേശം. വനനശീകരണത്തിന് കാരണമായ പ്രധാനപ്പെട്ട നാല് നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി ഹരിത ട്രൈബ്യൂണലിനെ സമീപിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. വന സംരക്ഷണ നിയമം, വന്യജീവി സംരക്ഷണ നിയമം, വനാവകാശ നിയമം, പരിസ്ഥിതി സംരക്ഷണം എന്നീ നിയമങ്ങളാണ് ലംഘിക്കപ്പെട്ടത്. കേരളത്തിന്റെ ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേസ് ഫയല്‍ ചെയ്യും. മൂന്ന് ആദിവാസി കോളനികള്‍ വെള്ളത്തിനടിയിലായി. പേപ്പാറ അണക്കെട്ടിന് മൂന്ന് അടി ഉയരം കൂട്ടുന്നതിന് പരിസ്ഥിതി മന്ത്രാലയം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അതേ ഭരണകൂടം തന്നെയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മറിച്ച് ഒരു അഭിപ്രായം സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഇതേ വാദങ്ങള്‍ തന്നെയാണ് സുപ്രീം കോടതിയില്‍ അവതരിപ്പിച്ച് പരാജയപ്പെട്ടതെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഏക കച്ചിത്തുരുമ്പ് സുപ്രീം കോടതിയില്‍ ഈ കേസ് റീ ഓപ്പണ്‍ ചെയ്യുക മാത്രമാണ്. സുപ്രീം കോടതിയില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ ഗൗരവമായ മറുപടി നമുക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഭരണഘടനാപരമായ രൂപത്തില്‍ ഹരിത ട്രൈബ്യൂണലിന് മുന്നിലേക്ക് പോകാമെന്നും മന്ത്രി അറിയിച്ചു.