സുരക്ഷാ ഭീഷണി: കൈറോയിലെ എംബസി കാനഡയും അടച്ചു

Posted on: December 9, 2014 12:10 am | Last updated: December 9, 2014 at 12:13 am

ഒട്ടാവ : ബ്രിട്ടനൊപ്പം ചേര്‍ന്ന് കാനഡയും കൈറോയിലെ എംബസി പൂട്ടി. സുരക്ഷാ കാരണങ്ങളാലാണ് എംബസി അടച്ചതെന്ന് പറഞ്ഞ കാനഡ ഏതെങ്കിലും പ്രത്യേക ഭീഷണി സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. തീവ്രവാദ ആക്രമണം വര്‍ധിച്ചതും പാശ്ചാത്യരെ ലക്ഷ്യമിടാന്‍ തീവ്രവാദ സംഘങ്ങള്‍ ആഹ്വാനം ചെയ്തതുമാണ് കാനഡയുടെ നീക്കത്തിനു പിന്നിലെന്ന് കരുതുന്നു. സുരക്ഷാ കാരണങ്ങളാല്‍ എംബസി അടക്കുന്നുവെന്നാണ് എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഞായറാഴ്ച മുതല്‍ ബ്രിട്ടീഷ് എംബസിയും അടച്ചിരിക്കുകയാണ്. എംബസിയുടെയും ഇതിലെ ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താനാണ് എംബസി അടച്ചതെന്ന് ബ്രിട്ടീഷ് അംബാസഡര്‍ ജോണ്‍ കാസ്സന്‍ പറഞ്ഞു. സാധ്യമാകുന്ന എത്രയും വേഗത്തില്‍ സേവനം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്തിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്‍മാരോട് ഇരു രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അമേരിക്കന്‍ എംബസി ഇന്നലെയും തുറന്നു പ്രവര്‍ത്തിച്ചു.