Connect with us

International

ഇസ്‌റാഈലിനെ ജൂതരാഷ്ട്രമായി അംഗീകരിക്കില്ല: അബ്ബാസ്‌

Published

|

Last Updated

റാമല്ല: ഇസ്‌റാഈലിനെ ജൂത രാഷ്ട്രമായി അംഗീകരിക്കില്ലെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ഈജിപ്തിലെ ദിനപത്രം അഖ്ബാര്‍ അല്‍ യൗമുമായി നടത്തിയ അഭിമുഖത്തിലാണ് മഹ്മൂദ് അബ്ബാസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്‌റാഈലിനെ ജൂതരാഷ്ട്രമാക്കി ചിത്രീകരിക്കാനുള്ള ഉദ്യമങ്ങളെ തങ്ങള്‍ എന്നും എതിര്‍ക്കും. ഫലസ്തീന്‍ ജനതയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നീക്കം. താനടക്കം ഫലസ്തീനില്‍ 60 ലക്ഷം അഭയാര്‍ഥികളുണ്ട്. 1948മുതല്‍ ഇസ്‌റാഈല്‍ ആരംഭിച്ച അധിനിവേശത്തെ തുടര്‍ന്നാണ് ഇത്രയും വലിയ ജനവിഭാഗം വീടില്ലാത്തവരായി മാറിയത്. ഫലസ്തീന്‍ അഭയാര്‍ഥികളെ തിരികെ അവരുടെ ജന്മസ്ഥലത്തേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും ഈ നീക്കം തടസ്സമാണ്. ചര്‍ച്ചയുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത രാജ്യമാണ് ഇസ്‌റാഈല്‍. കാരണം അവര്‍ക്കൊരിക്കലും സമാധാനത്തില്‍ താത്പര്യം ഇല്ല. ഇസ്‌റാഈലിനോടൊപ്പം പ്രവര്‍ത്തിക്കല്‍ വളരെ പ്രയാസമേറിയ കാര്യമാണ്. എന്നിട്ടും സമാധാനം ആഗ്രഹിക്കാത്ത ഇസ്‌റാഈലുമായി തങ്ങള്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. സമാധാനം ആവശ്യപ്പെടുമ്പോള്‍ അവരതിനെ തള്ളിക്കളയുന്നു. ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കാനും 1967ന് മുമ്പുള്ള അതിര്‍ത്തി പ്രകാരമുള്ള ഒരു ഫലസ്തീന്‍ രാഷ്ട്രവുമാണ് തങ്ങളുടെ ആവശ്യം. ഇതിന്റെ തലസ്ഥാനം ജറൂസലമായിരിക്കണം. അധിനിവേശം അവസാനിപ്പിക്കാന്‍ സമയക്രമം പ്രഖ്യാപിക്കണം. ഈ ആവശ്യങ്ങളെല്ലാം ഇസ്‌റാഈല്‍ അംഗീകരിക്കുകയാണെങ്കില്‍ അവരുമായി ചര്‍ച്ചക്ക് ഫലസ്തീന്‍ സന്നദ്ധമാണെന്നും അബ്ബാസ് അഭിമുഖത്തിനിടെ വ്യക്തമാക്കി.
1967ലാണ് ഇസ്‌റാഈല്‍ വെസ്റ്റ്ബാങ്കും കിഴക്കന്‍ ജറൂസലമും ഗാസാ മുനമ്പും പിടിച്ചടക്കിയത്. പക്ഷേ 2005ല്‍ ഗാസയില്‍ നിന്ന് ഇസ്‌റാഈല്‍ പിന്മാറാന്‍ നിര്‍ബന്ധിതരായി.
തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനാകാത്തപക്ഷം മറ്റു ചില നടപടികള്‍ക്ക് മുന്നോട്ടുവരും. അതിന്റെ ആദ്യത്തെ പടിയാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന 520 സംഘടനകളുടെ പിന്തുണ ഈ വിഷയത്തിലുണ്ടാകും. ഐ സി സിയില്‍ ഇസ്‌റാഈലിനെതിരെ ഒരു കേസ് ഫയല്‍ ചെയ്യുന്നത് ഇസ്‌റാഈലുകാര്‍ക്ക് ഭയമാണെന്നും അബ്ബാസ് കൂട്ടിച്ചേര്‍ത്തു.

Latest