അധ്യാപക യോഗ്യതാ പരീക്ഷയില്‍ 10.54 ശതമാനം വിജയം

Posted on: December 9, 2014 5:47 am | Last updated: December 8, 2014 at 11:47 pm

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക യോഗ്യതാ (കെ-ടെറ്റ്) പരീക്ഷാഫലം പ്രഖ്യാപിച്ചു. എല്‍ പി, യു പി, എച്ച് എസ്, സ്‌പെഷ്യലിസ്റ്റ്/ ഭാഷാ യു പി എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി ആകെ 10. 54 ശതമാനമാണ് വിജയം. 43,930 പേര്‍ പരീക്ഷ എഴുതിയതില്‍ 4631 പേരാണ് വിജയിച്ചത്.
ഏഴുപേര്‍ 75 ശതമാനത്തില്‍ അധികം മാര്‍ക്ക് നേടി. ഇവര്‍ക്ക് 10,000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് ഫലം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അറിയിച്ചു. ഫലം വെബ്‌സൈറ്റില്‍ ലഭിക്കും. എല്‍ പി വിഭാഗത്തില്‍ പരീക്ഷയെഴുതിയ14,971 പേരില്‍ 1714 പേരും, യു പി വിഭാഗത്തില്‍ 10,597ല്‍ 1326 പേരും, എച്ച് എസ് വിഭാഗത്തില്‍ 15,581 ല്‍ 1199 പേരും സ്‌പെഷ്യലിസ്റ്റ്/ ഭാഷ യു പി വിഭാഗത്തില്‍ പരീക്ഷയെഴുതിയ 2781 ല്‍ 392 പേരും വിജയിച്ചു.എല്‍ പി വിഭാഗത്തില്‍ മലപ്പുറം ജില്ലയിലെ റയ്ഹാനത്ത് അമ്പലപ്പള്ളി, കാസര്‍കോട് ജില്ലയിലെ വി കെ ലിമ്യ, യു പി വിഭാഗത്തില്‍ കോട്ടയത്തെ രമ്യ ജി കൃഷ്ണന്‍, കോഴിക്കോട് ജില്ലയിലെ എം കെ സിമി, എച്ച് എസ് വിഭാഗത്തില്‍ തിരുവനന്തപുരം സ്വദേശിനി എലിസബത്ത് ജോസഫ്, സ്‌പെഷ്യലിസ്റ്റ് /ഭാഷ (യു പി) വിഭാഗത്തില്‍ മലപ്പുറം വി ടി അബ്ദുല്ല, കോഴിക്കോട് ജില്ലയിലെ ടീന ജോയ് എന്നിവരാണ് 75 ശതമാനത്തില്‍ അധികം മാര്‍ക്ക് നേടിയവര്‍. കഴിഞ്ഞ വര്‍ഷത്തെ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റില്‍ 80 ശതമാനത്തിലധികം മാര്‍ക്ക് നേടിയ രണ്ടുപേര്‍ക്കും 75 ശതമാനത്തിലധികം മാര്‍ക്ക് നേടിയ 23 പേര്‍ക്കുമുള്ള ക്യാഷ് അവാര്‍ഡ് കരിക്കുലം കമ്മിറ്റിയുടെയും വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും സാന്നിധ്യത്തില്‍ എസ് സി ഇ ആര്‍ ടിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നല്‍കും. തീയതി ബന്ധപ്പെട്ട പരീക്ഷാര്‍ഥികളെ ഉടന്‍ അറിയിക്കും.
അധ്യാപകരുടെ ഗുണനിലവാരത്തിലും നിയമന പ്രക്രിയയിലും ദേശീയതലത്തില്‍ ബഞ്ച്മാര്‍ക്ക് ഉണ്ടാക്കുക, അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അവയില്‍ പഠിച്ച് പുറത്തിറങ്ങുന്ന അധ്യാപക വിദ്യാര്‍ഥികളുടെയും ശേഷി നിലവാരം ഉയര്‍ത്തുക, അധ്യാപക ഗുണനിലവാരം ഉയര്‍ത്തുക എന്നിവയാണ് ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.