Connect with us

Gulf

ലോകത്തെ വികസിത രാജ്യങ്ങളുടെ പട്ടികയില്‍ യു എ ഇ

Published

|

Last Updated

അബുദാബി: ലോകത്തെ മുന്‍നിര വികസിത രാജ്യങ്ങളുടെ പട്ടികയില്‍ യു എ ഇയും ഇടംപിടിച്ചു. രാജ്യം 43ാം ദേശീയ ദിനത്തിന്റെ നിറവില്‍ നില്‍ക്കുന്ന അവസരത്തിലാണ് ഇത്തരം ഒരു നേട്ടം കൂടി പൊന്‍തൂവലായി യു എ ഇക്ക് ലഭിച്ചിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഏറ്റവും മികച്ച മത്സരക്ഷമതയുള്ള രാജ്യങ്ങളുടെ മുന്‍നിരയില്‍ യുഎ ഇ എത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനങ്ങള്‍ അധിവസിക്കുന്ന രാജ്യം ഉള്‍പെടെ ഒട്ടേറെ നേട്ടങ്ങളാണ് ഇക്കാലയളവിനുള്ളില്‍ രാജ്യത്തിന് കരഗതമായിരിക്കുന്നത്. സാമ്പത്തികം, വാണിജ്യം, നിക്ഷേപം, വാര്‍ത്താവിനിമയം, ഐ ടി, വിനോദസഞ്ചാരം, പശ്ചാത്തല വികസനം, സാമൂഹികപരമായ വികസനം തുടങ്ങിയ ഒരു രാജ്യത്തെ വികസന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പെടുത്തുന്നതിനുള്ള വിവിധ മാനദണ്ഡങ്ങളെല്ലാം മികച്ച രീതിയില്‍ മറികടന്നാണ് രാജ്യം ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ പ്രതിശീര്‍ഷ വരുമാനം 1971ല്‍ 650 കോടി ദിര്‍ഹമായിരുന്നുവെങ്കില്‍ 2014ല്‍ ഇത് 1.54 ലക്ഷം കോടിയായി വര്‍ധിച്ചിരിക്കയാണ്. പ്രതിശീര്‍ഷ ചെലവ് 1971ല്‍ 20.1 കോടിയായിരുന്നുവെങ്കില്‍ 2015 ആവുമ്പോഴേക്കും ഇത് 10,000 കോടി ദിര്‍ഹമായി ഉയരും. യു എ ഇ രാഷ്ട്രപിതാവ് ശൈഖ്, സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെയും മറ്റ് രാഷ്ട്രശില്‍പികളുടെയും പാത പിന്‍പറ്റി, പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും നടപ്പാക്കുന്ന ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തനങ്ങളാണ് നേട്ടത്തിന് ആധാരം.