Connect with us

International

ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടന ഇനി ചൈനയുടേത്

Published

|

Last Updated

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടന എന്ന പദവി ചൈന സ്വന്തമാക്കുന്നു. അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) ഏറ്റവും പുതിയ കണക്കു പ്രകാരം അമേരിക്കയെ പിന്തള്ളി ചൈന ഒന്നാമതെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ചൈനയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി) 17.63 ലക്ഷം ഡോളറിലെത്തും. അതേസമയം അമേരിക്കയുടേത് 17.41 ലക്ഷം കോടി ഡോളറിലേ എത്തൂ.
ഏറെ പിന്നിലാണെങ്കിലും ഇന്ത്യയാണ് മൂന്നാമത്. ഇന്ത്യയുടെ ജിഡിപി 7.28 ലക്ഷം കോടി ഡോളറിലെത്തുമെന്നാണ് ഐഎംഎഫ് കണക്കാക്കുന്നത്. ജപ്പാനും ജര്‍മനിയുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. യഥാക്രമം 4.79ലക്ഷം കോടി ഡോളര്‍, 3.62 ലക്ഷം ഡോളര്‍ എന്നിങ്ങനെയായിരിക്കും ഇവരുടെ ജിഡിപി. ക്രയശേഷി കണക്കാക്കിയുള്ള (പര്‍ച്ചേസിങ് പവര്‍ പാരിറ്റി) ജിഡിപിയുടെ കണക്കാണിത്. 15 വര്‍ഷം മുമ്പ് ചൈനയേക്കാള്‍ മൂന്ന് മടങ്ങായിരുന്നു അമേരിക്കയുടെ ജിഡിപി. 1870കളുടെ തുടക്കത്തില്‍ ബ്രിട്ടനെ പിന്തള്ളി ഒന്നാമതെത്തിയ ശേഷം ഇതാദ്യമായാണ് അമേരിക്ക പിന്തള്ളപ്പെടുന്നത്. ഒളിമ്പിക്‌സ് അടക്കമുള്ള മറ്റുമേഖലകളിലും അമേരിക്കയ്ക്ക് ചൈന വെല്ലുവിളി ഉയര്‍ത്തുകയാണിപ്പോള്‍.