Connect with us

Kozhikode

ശമ്പളം മുടങ്ങിയതിനാല്‍ കൂട്ട അവധി കെ എസ് ആര്‍ ടി സി: ജില്ലയില്‍ നിരവധി സര്‍വീസുകള്‍ മുടങ്ങി

Published

|

Last Updated

കോഴിക്കോട്: കെ എസ് ആര്‍ ടി സിയില്‍ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ കൂട്ടഅവധിയില്‍ പ്രവേശിച്ചതിനാല്‍ ജില്ലയില്‍ നിരവധി സര്‍വീസുകള്‍ മുടങ്ങി.
പാവങ്ങാട് ഡിപ്പോയില്‍ നിന്നുള്ള 50 സര്‍വീസുകളില്‍ 32 സര്‍വീസുകള്‍ നിരത്തിലിറങ്ങിയില്ല. 18 ബസുകള്‍ മാത്രമാണു സര്‍വീസ് നടത്തിയത്. ദേശസാത്കൃത റൂട്ടായ കോഴിക്കോട്- വയനാട് റോഡില്‍ കെ എസ് ആര്‍ ടി സി മാത്രമാണ് യാത്രക്കാരുടെ പ്രധാന ആശ്രയം. എന്നാല്‍ കോഴിക്കോട് ഡിപ്പോയില്‍ നിന്ന് വയനാട്ടിലേക്കുള്ള ഭൂരിഭാഗം ബസുകളും ഇന്നലെ നിരത്തിലിറങ്ങിയില്ല. മുന്നറിയിപ്പൊന്നും ഇല്ലാതെ ബസ് മുടങ്ങിയതിനാല്‍ വയനാട്ടില്‍ നിന്നും ജില്ലയുടെ മലയോര മേഖലകളില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തിയ യാത്രക്കാര്‍ ദുരിതത്തിലായി. സ്ത്രീകളും കുട്ടികളും വിദ്യാര്‍ഥികളും അടക്കം നിരവധി യാത്രക്കാര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു.
കോഴിക്കോട് ഡിപ്പോയില്‍ നിന്ന് വയനാട്ടിലേക്കുള്ള ഏഴ് ബസുകള്‍ മാനന്തവാടിയിലേക്കാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ ഇന്നലെ രണ്ട് ബസുകള്‍ മാത്രമാണ് ഈ റൂട്ടില്‍ നിരത്തിലിറങ്ങിയത്. പാലക്കാട്, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലേക്കുള്ള രണ്ട് സര്‍വീസുകളും നിര്‍ത്തി. ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ തന്നെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. എങ്കിലും നിരവധി ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചതിനാല്‍ വരും ദിവസങ്ങളിലും സര്‍വീസ് മുടങ്ങാനാണ് സാധ്യത.
അതിനിടെ ശമ്പളവും പെന്‍ഷനും ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി എംപ്ലോയീസ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ നടത്തുന്ന അനിശ്ചത കാല റിലേ നിരാഹാര സത്യാഗ്രഹം രണ്ടാം ദിവസവും തുടര്‍ന്നു. നടക്കാവിലെ റീജ്യനല്‍ വര്‍ക്ക്‌ഷോപ്പില്‍ ജീവനക്കാരായ പി ബിജു, എം സന്തോഷ്‌കുമാര്‍, ഷിജിത്ത്കുമാര്‍, എം ബാലകൃഷ്ണന്‍ എന്നിവരാണ് നിരാഹാരമരിക്കുന്നത്. പാവങ്ങാട് ഡിപ്പോയില്‍ പി ബാബുരാജ്, എം ഷിജു, വി കെ ബാനിഷ്, പി ഷൈജു തുടങ്ങിയവരാണ് ഇന്നലെ സമരത്തില്‍ ഏര്‍പ്പെട്ടത്. ജില്ലയിലെ മറ്റ് ഡിപ്പോകളായ വടകര, താമരശ്ശേരി, തൊട്ടില്‍പാലം, തിരുവമ്പാടി എന്നിവിടങ്ങളിലും സമരം പൂര്‍ണമാണ്.
കെ എസ് ആര്‍ ടി സിയെ പൊതുമേഖലയില്‍ സംരക്ഷിക്കുക, പുനരുദ്ധാരണ പാക്കേജ് സംബന്ധിച്ച് യൂനിയനുകളുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കുക, പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായി വിതരണം ചെയ്യുക, എല്ലാ മാസവും നിശ്ചിത ദിവസം പെന്‍ഷന്‍ നല്‍കുക, എം പാനല്‍ വേതനം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിരാഹാര സമരം നടക്കുന്നത്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ഡിപ്പോകളിലെ സമരം. കെ എസ് ആര്‍ ടി സിയെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളിലും സമരം ശക്തമായി തുടരുമെന്ന് ജീവനക്കാര്‍ അറിയിച്ചു.