Connect with us

International

യു എസില്‍ ഒരു കറുത്ത വര്‍ഗക്കാരനെ കൂടി വെടിവെച്ച് കൊന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയിലെ അരിസോണയില്‍ നിരായുധനായ മറ്റൊരു കറുത്തവര്‍ഗക്കാരനെ കൂടി വെളുത്ത വര്‍ഗക്കാരനായ പോലീസ് വെടിവെച്ച് കൊന്നു. ഫെര്‍ഗൂസന്‍ ഉള്‍പ്പെടെയുള്ള വെടിവെപ്പ് കേസുകളില്‍ വെളുത്തവര്‍ഗക്കാരായ പോലീസ് ഉദ്യോഗസ്ഥരെ ജൂറി കുറ്റവിമുക്തമാക്കിയ നടപടിയില്‍ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് വീണ്ടും കറുത്തവര്‍ഗക്കാരന് നേരെ ആക്രമണം. നാല് വയസ്സുള്ള കുട്ടിയുടെ പിതാവായ റുമൈന്‍ ബ്രിസ്ബണെയാണ് പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. കടുത്ത കുടിയേറ്റ നിയമത്തിന്റെ പേരില്‍ ഇപ്പോള്‍ തന്നെ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് അരിസോണ. കറുത്തവര്‍ഗക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഫെര്‍ഗൂസന്‍, ക്ലവലന്‍ഡ്, ചിക്കാഗോ, ന്യൂയോര്‍ക്ക് തുടങ്ങിയ നഗരങ്ങളില്‍ ഇപ്പോഴും പ്രതിഷേധം നടക്കുന്നുണ്ട്.
സംഭവത്തെ ന്യായീകരിച്ച് പോലീസ് വീണ്ടും രംഗത്തെത്തി. ഇദ്ദേഹത്തെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നതായും മയക്കുമരുന്ന് വിതരണത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നതായും പോലീസ് വാദിക്കുന്നു. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞ പോലീസ് പിടികൂടാനായി പിന്നാലെ ഓടിയപ്പോള്‍ ഇയാള്‍ തോക്ക് ചൂണ്ടിയെന്നും ഇതാണ് വെടിവെക്കാന്‍ കാരണമായതെന്നും പോലീസ് പറയുന്നു. എന്നാല്‍ മക്കള്‍ക്ക് ഭക്ഷണം കൊടുത്ത് കൊണ്ടിരിക്കുന്നതിനിടെ പോലീസ് വളഞ്ഞ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബ്രിസ്‌ബെന്റെ സുഹൃത്ത് ചൂണ്ടിക്കാട്ടി. വെടിവെക്കുന്ന സമയത്ത് ഇദ്ദേഹം നിരായുധനുമായിരുന്നു. ഇദ്ദേഹത്തില്‍ നിന്ന് കണ്ടെടുത്തത് ചില ഗുളികകള്‍ ആയിരുന്നുവെന്നും എന്നാല്‍ പോലീസ് പിന്നീട് പറഞ്ഞത് മയക്കുമരുന്നുകള്‍ കണ്ടെത്തിയെന്നായിരുന്നുവെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു.

Latest