മോദി സര്‍ക്കാര്‍ തൊഴില്‍ സംഘടനകളെ തകര്‍ക്കുന്നു: കെ എം സുധാകരന്‍

Posted on: December 6, 2014 3:13 pm | Last updated: December 6, 2014 at 3:13 pm

പാലക്കാട്: നരേന്ദ്രമോദി അധികാരത്തില്‍ വന്നയുടന്‍ ആദ്യം തകര്‍ക്കുന്നത് സംഘടിത തൊഴിലാളിപ്രവര്‍ത്തനത്തെയാണെന്ന് സിഐടിയു സംസ്ഥാന ട്രഷറര്‍ കെ എം സുധാകരന്‍ പറഞ്ഞു.
സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ പാലക്കാട് നടന്ന മാര്‍ച്ചും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ വളരെക്കാലമായി ആവശ്യപ്പെടുന്നതാണ് തൊഴില്‍നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നയുടന്‍ ഇതിന് നടപടി തുടങ്ങി.
ഇതിനെതിരെ ഇന്ത്യയിലെ 11 തൊഴിലാളിസംഘടകള്‍ സംയുക്തമായാണ് സമരരംഗത്തിറങ്ങിയത്. എം എ മുസ്തഫ(എസ്ടിയു)അധ്യക്ഷത വഹിച്ചു. കെ അപ്പു (ഐഎന്‍ടിയുസി), വിജയന്‍ കുനിശേരി(എ ഐ ടി യു സി), അബ്ദുല്‍ അസീസ്(എ ഐ യു ടി യു സി), രാമചന്ദ്രന്‍(എച്ച് എം എസ്) എന്നിവര്‍ സംസാരിച്ചു. ടി എം നാരായണന്‍ (ബി എം എസ്)സ്വാഗതവും ടി കെ അച്യുതന്‍(സി ഐ ടി യു) നന്ദിയും പറഞ്ഞു. നേരത്തെ വിക്‌ടോറിയ കോളേജിനു സമീപം നൂറടിറോഡില്‍നിന്ന് ആരംഭിച്ച പ്രകടനം ചെറിയകോട്ടമൈതാനിയില്‍ സമാപിച്ചു. ഐ എന്‍ ടി യു സി, കേരള പത്രപ്രവര്‍ത്തക യൂനിയന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍, ബി എം എസ്, സി ഐടിയു എന്നിങ്ങനെയായിരുന്നു പ്രകടനത്തെ ക്രമീകരിച്ചത്.
എ ഐ ടി യു സി, എസ് ടി യു, എച്ച് എം എസ്, എ ഐ യുടി യു സി, ടി യു സി ഐ, ടി യു സി സി, എന്‍ എല്‍ സി, കെ ടി യു സി, ഐ എന്‍ എല്‍ സി, കെ ടി യു സി(എസ്), എസ് ഇഡബ്ല്യു എ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ അണിനിരന്നു.