ദേശാടന പക്ഷികള്‍ കൂട്ടത്തോടെ ചത്തു

Posted on: December 6, 2014 10:41 am | Last updated: December 6, 2014 at 10:41 am

കല്‍പ്പറ്റ: ദേശാടനപക്ഷികള്‍ വീണ്ടും കൂട്ടത്തോടെ ചത്തത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. തിരുനെല്ലി ക്ഷേത്രത്തോടു ചേര്‍ന്നുള്ള പഞ്ചതീര്‍ത്ഥം ഗസ്റ്റ്ഹൗസിനു മുമ്പിലാണ് ദേശാടന പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ചുവന്ന ചുണ്ടും ചിറകടക്കം പച്ചക്കളറും ഉള്ള തത്തയോട് സാമ്യമുള്ള പക്ഷികളെയാണ് ഇന്നലെ രാവിലെ നാട്ടുകാര്‍ ചത്തനിലയില്‍ കണ്ടത്. ഓരേ വിഭാഗത്തില്‍പെട്ട അഞ്ചു പക്ഷികള്‍ ചത്ത വിവരമറിഞ്ഞ് വനപാലകരും കല്‍പ്പറ്റയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സാംക്രമികരോഗ വിദഗ്ധന്‍ ഡോ.ഇ.എം മുഹമ്മദ്, വെറ്ററിനറി സര്‍ജന്‍ ഡോ.മിഥുന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പ്രാഥമിക പരിശോധനയില്‍ പക്ഷിപ്പനിയല്ലെന്ന് വിലയിരുത്തി. സ്ഥിരീകരണത്തിനായി കല്‍പ്പറ്റയിലെത്തിച്ച പക്ഷികളുടെ ജഡത്തിന്റെ സാമ്പിള്‍ പാലക്കാട് റീജ്യണല്‍ ഡിസീസ് ഡയഗ്നോസിസ് ലബോറട്ടറിയിലേക്കയച്ചു.
വ്യാഴാഴ്ചയും തിരുനെല്ലി പഞ്ചതീര്‍ഥം ഗസ്റ്റ്ഹൗസിന് മുമ്പില്‍ ദേശാടന കിളിയെ ചത്തനിലയില്‍ കണ്ടെത്തിയെങ്കിലും നാട്ടുകാര്‍ ഗൗരവത്തിലെടുത്തിരുന്നില്ല. എന്നാല്‍ ഇന്നലെ പക്ഷികള്‍ കൂട്ടത്തോടെ ചത്തത് നാട്ടുകാരില്‍ ഭീതി പരത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുനെല്ലി നടുവന്താര്‍ തോടിനു സമീപവും ദേശാടന കൊക്കിനെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. പരിശോധനയില്‍ പക്ഷിപ്പനിയല്ലെന്ന് തെളിഞ്ഞിരുന്നുവെങ്കിലും പക്ഷികള്‍ വീണ്ടും കൂട്ടമായി ചാവുന്നത് പക്ഷിപ്പനി മൂലമാണെന്നാണ് നാട്ടുകാരുടെ സംശയം. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയില്‍ ഇരുപതിലേറെ ദേശാടന പക്ഷികളാണ് പലസ്ഥലങ്ങളിലായി ചത്തത്. നേരത്തെ അയച്ച സാമ്പിളുകളുടെ പരിശോധനയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല.