Connect with us

Wayanad

തൊഴില്‍ മേഖലയിലെ അസ്ഥിരതക്കെതിരെ തൊഴിലാളികളുടെ പ്രതിഷേധം ഇരമ്പി

Published

|

Last Updated

കല്‍പ്പറ്റ: തൊഴില്‍ മേഖലയിലെ അസ്ഥിരതക്കും വിലക്കയറ്റത്തിനും എതിരെ കക്ഷി വ്യത്യാസമില്ലാതെ ആയിരക്കണക്കില്‍ തൊഴിലാളികള്‍ അണിനിരന്ന റാലി കേന്ദ്ര സര്‍ക്കാറിന് താക്കീതായി. രാജ്യത്തെ തൊഴില്‍ മേഖലയില്‍ നിലവിലുള്ള നിയമങ്ങള്‍ പോലും അസ്ഥിരപ്പെടുത്തുക്കൊണ്ട് നടപ്പാക്കുന്ന നിയമ പരിഷ്‌ക്കരണ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയുക, വിലക്കയറ്റം തടയുക, മിനിമം വേതനം പ്രതിമാസം 15000 രൂപയായി നിശ്ചയിക്കുക തുടങ്ങി പതിനൊന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശവ്യാപകമായി സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ പ്രതിക്ഷേധ ദിനത്തിന്റെ ഭാഗമായിട്ടായിരുന്നു കല്‍പറ്റയില്‍ റാലിയും പൊതുസമ്മേളനവും. എ ഐ ടി യു സി, സി ഐ ടി യു, ഐ എന്‍ ടി യു സി, എച്ച് എം എസ്, ബി എം എസ്, എസ് ടി യു, ടി യു സി ഐ തുടങ്ങിയ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്കൊപ്പം കേരള പത്രപ്രവര്‍ത്തക യൂണിയന്‍, കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയവും റാലിയില്‍ അണിനിരന്നു. കല്‍പറ്റ മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് കേന്ദ്രീകരിച്ചാരംഭിച്ച റാലി വിജയ പമ്പ് പരിസരത്ത് എത്തിയതോടെ ആരംഭിച്ച പൊതുസമ്മേളനം എസ് ടി യു സംസ്ഥാന സെക്രട്ടറി യു പോക്കര്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയില്‍ പാര്‍ലിമെന്റിലേക്കും തിരുവനന്തപുരത്ത് രാജ് ഭവനിലേക്കുമായിരുന്നു മാര്‍ച്ച്.. കല്‍പറ്റയിലെ റാലിയില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ പ്രത്യേകം പ്രത്യേകം ബാനറുകള്‍ക്ക് കീഴില്‍ അണുനിരന്നായിരുന്നു റാലി ആരംഭിച്ചത്. പൊതുസമ്മേളനത്തില്‍ സംയുക്ത ട്രേഡ് യൂണിയന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.പി.ആലി അധ്യക്ഷനായിയിരുന്നു. കണ്‍വീനര്‍ പി കെ മൂര്‍ത്തി സ്വാഗതം പറഞ്ഞു. വിവിധ സംഘടനകളുടെ നേതാക്കളായ പി.രാഘവന്‍ , എസ്.ജി.സുകുമാരന്‍, പി.എ.മുഹമ്മദ്, സി.ഭാസ്‌ക്കരന്‍, സന്തോഷ് ജി.നായര്‍, എന്‍.ഒ.ദേവസി, വി.ജി.വിജയന്‍, എ.എന്‍.സലീം കുമാര്‍ , ബി.രാധാകൃഷ്ണപിള്ള, സാം.പി.മാത്യു, പി.ആര്‍. സുരേഷ് , പി.കെ.രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Latest