കാന്തപുരം ഭാഗത്ത് ലഹരി മാഫിയ പിടിമുറുക്കുന്നു

Posted on: December 6, 2014 9:14 am | Last updated: December 6, 2014 at 9:14 am

താമരശ്ശേരി: കത്തറമ്മല്‍, കാന്തപുരം അങ്ങാടികളിലും പരിസര പ്രദേശങ്ങളിലും ലഹരി മാഫിയ പിടിമുറുക്കുന്നു. വിദ്യാര്‍ഥികളും യുവാക്കളും ഉള്‍ക്കൊള്ളുന്ന സംഘത്തിന്റെ ഇരകളില്‍ കൂടുതലും എളേറ്റില്‍ വട്ടോളി, പൂനൂര്‍ എന്നിവിടങ്ങളിലെ സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികളാണ്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് പൊതി നല്‍കുന്നത് കണ്ട വിവരം പുറത്തറിയിച്ച വിദ്യാര്‍ഥിയെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. നാട്ടുകാര്‍ ഇടപെട്ടാണ് വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തിയത്.
കാന്തപുരം ഭാഗത്തെ ഒഴിഞ്ഞ കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ലഹരി ഇടപാട് നടക്കുന്നത്. പൂനൂര്‍, എസ്‌റ്റേറ്റ്, കോളിക്കല്‍, കട്ടിപ്പാറ പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെയെത്തുന്നുണ്ട്. കത്തറമ്മല്‍ പ്രദേശത്തെ ലഹരി വില്‍പ്പനക്കാരനാണ് ഇവിടെയും എത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
വിദ്യാര്‍ഥികളെ ഉപയോഗിച്ചാണ് ഇവര്‍ വലവീശുന്നത്. ബാലുശ്ശേരി, കൊടുവള്ളി പോലീസ് സ്‌റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശമായതിനാല്‍ പോലീസിന്റെ സാന്നിധ്യം കുറയുന്നത് ലഹരി മാഫിയക്ക് തുണയാവുകയാണ്.