കരുളായി വനത്തിലെ കുരങ്ങുകള്‍ക്കും പനി കണ്ടെത്തി

Posted on: December 6, 2014 3:55 am | Last updated: December 5, 2014 at 11:57 pm

നിലമ്പൂര്‍: കരുളായി വനത്തിലെ കുരങ്ങുകള്‍ക്കും കുരങ്ങുപനി സ്ഥിരീകരിച്ചു. പൂനെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് കുരങ്ങ് പനി കണ്ടെത്തിയത്. കഴിഞ്ഞ മാസം 28ന് പനിച്ചോല ഭാഗത്ത് ചത്ത നിലയില്‍ കണ്ടെത്തിയ കുരങ്ങിന്റെ ആന്തരികാവയവങ്ങളുടെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
മേഖലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ചത്ത മറ്റുനാല് കുരങ്ങുകളുടെ ആന്തരികാവയവങ്ങള്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പൂനെയിലേക്ക് പരിശോധനക്കയച്ചിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കേരളത്തില്‍ ആദ്യമായി മനുഷ്യരില്‍ കുരങ്ങുപനി കണ്ടെത്തിയത് കഴിഞ്ഞ ജൂണില്‍ കരുളായി ഭാഗത്തായിരുന്നെങ്കിലും മേഖലയില്‍ കുരങ്ങുകളില്‍ രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.
ഈ വര്‍ഷാദ്യം വയനാട്ടില്‍ മാത്രമാണ് കേരളത്തില്‍ ഇതിനു മുമ്പ് കുരങ്ങുകളില്‍ കുരങ്ങുപനി കണ്ടെത്തിയിരുന്നത്. നിലമ്പൂര്‍ വനമേഖലയില്‍ വലിയ മരങ്ങളായതിനാലും നാടന്‍ കുരങ്ങുകള്‍ കുറവായതിനാലും കുരങ്ങുകളില്‍ രോഗം ഉണ്ടാകാനുള്ള സാധ്യതയും അധികൃതര്‍ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. കുരങ്ങുകളിലും കുരങ്ങുപനി സ്ഥിരീകരിച്ച സഹചര്യത്തില്‍ വനമേഖലയില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തിയ ഭൂമിക്കുത്ത്, പനിച്ചോല ഭാഗങ്ങളില്‍ മാലത്തിയോണ്‍ ഡസ്റ്റ് എന്ന കീടനാശി വീണ്ടും തെളിക്കും. കുരങ്ങുകളോട് സഹവസിക്കരുതെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കും. എന്നാല്‍ പ്രദേശവാസികളില്‍ രോഗം കണ്ടെത്താത്തതിനാല്‍ കുരങ്ങുപനി പ്രതിരോധ വാക്‌സിനുകള്‍ ഇപ്പോള്‍ നല്‍കില്ലെന്നും ഡി എം ഒ ഉമറുല്‍ ഫാറൂഖ് പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്നലെ മുണ്ടക്കടവ്, ഭൂമിക്കുത്ത്, പനിച്ചോല എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് സി ഡി പ്രദര്‍ശനം സംഘടിപ്പിച്ചു. അതേ സമയം നാഗമലയില്‍ നിന്ന് കഴിഞ്ഞ ദിവസം രക്തം പരിശോധനക്കെടുത്ത അഞ്ച് ആദിവാസികള്‍ക്കും കുരങ്ങുപനിയല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി ഡി എം ഒ ന്യൂനമര്‍ജാന്‍, പൂനെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സന്ദര്‍ശനത്തിലാണ് പനി ബാധിച്ച് അവശനിലയിലായിരുന്ന അഞ്ച് പേരുടെ രക്ത സാമ്പിളുകള്‍ എടുത്ത് വിദഗ്ധ പരിശോധനക്കായി പൂനെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിരുന്നത്.
നാഗമലയിലെ താടി മാത(55)നാണ് കഴിഞ്ഞ മാസം കുരങ്ങുപനി കണ്ടെത്തിയിരുന്നത്. കോളനിയിലെ വെള്ളക, കേത്തന്‍, വരച്ചില്‍ മലയിലെ മാതി, മാഞ്ചീരിയിലെ ചെല്ലന്‍ എന്നിവര്‍ക്കാണ് കേരളത്തില്‍ ആദ്യമായി കുരങ്ങുപനി കണ്ടെത്തിയിരുന്നത്.