കെ എഫ് സിയിലെ ഭക്ഷണം സുരക്ഷിതമല്ലെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം

Posted on: December 6, 2014 3:25 am | Last updated: December 5, 2014 at 11:27 pm

kfcന്യൂഡല്‍ഹി: ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡല്‍ഹിയിലെ ഭക്ഷണശാലകളില്‍ റെയ്ഡ് നടത്തി. നഗരത്തിലെ പ്രസിദ്ധമായ കെ എഫ് സിയുടെ രണ്ട് റസ്റ്റോറന്റുകളിലെ ഭക്ഷണം സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കൃത്രിമ നിറങ്ങള്‍ മനുഷ്യന് പ്രതികൂലമായി ബാധിക്കുന്ന വസ്തുക്കളാണെന്നും ഇത് ഭക്ഷ്യ സുരക്ഷക്ക് ഭംഗം വരുത്തിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കൊണാട്ട് പ്ലേസില്‍ ഷിന്ധ്യ ഹൗസിലെ കെ എഫ് സി റസ്റ്റോറന്റിലെ പരിശോധനയില്‍ ഭക്ഷണത്തില്‍ കൃത്രിമ നിറം ചേര്‍ക്കുന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
ഗുരുതേഗ് ബഹദൂര്‍ നഗറിലെ സാഗര്‍ രത്‌ന റസ്റ്റോറന്റില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. നിരവധി ഹോട്ടലുകളില്‍ നിന്ന് നിലവാരം കുറഞ്ഞതും ബ്രാന്‍ഡഡ് അല്ലാതതുമായ നെയ്യും മറ്റും ഉപയോഗിക്കുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. കൃത്രിമ നിറം ചേര്‍ത്ത ഭക്ഷണങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍പ്പന നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പരാതിയെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ നടപടി. കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.