ഉക്രൈന്‍ സര്‍ക്കാറും വിമതരും വെടിനിര്‍ത്തല്‍ കരാറിലൊപ്പിട്ടു

Posted on: December 6, 2014 4:22 am | Last updated: December 5, 2014 at 11:22 pm

ukraine president petro poroshenkoകീവ്: ഉക്രൈന്‍ സര്‍ക്കാറും വിമതരും വെടിനിര്‍ത്തല്‍ കരാറിലൊപ്പിട്ടു. ഇത് പ്രകാരം ഈ മാസം ഒമ്പത് മുതല്‍ ഇരുവിഭാഗവും ഏറ്റുമുട്ടല്‍ അവസാനിപ്പിക്കും. 30 കിലോമീറ്റര്‍ ചുറ്റളവില്‍ നിഷ്പക്ഷ സോണ്‍ മേഖലയായി പ്രഖ്യാപിച്ചുകൊണ്ടാണ് ഇരു പക്ഷവും അനുരഞ്ജനത്തിന് തയ്യാറായത്. സൈന്യവും റഷ്യന്‍ അനുകൂല വിമതരും ഇതിനിടെ നിരവധി വെടിനിര്‍ത്തല്‍ കാരാറുകളിലും ഒപ്പുവെച്ചിരുന്നു. ഇവയെല്ലാം ലംഘിക്കപ്പെടുകയായിരുന്നു. എന്നാല്‍ ഉക്രൈനിലെ രക്തരൂഷിത പോരാട്ടത്തിന് ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ നിമിത്തമാകുമെന്നാണ് കണക്ക് കൂട്ടുന്നത്. ഉക്രൈനിലെ ഏറ്റുമുട്ടലുകള്‍ റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടാക്കിയിരുന്നു. എട്ട് മാസമായി തുടരുന്ന യുദ്ധത്തില്‍ 4,300 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഉക്രൈന്‍ പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാനായി സിസ് തീരനഗരമായ ബാസലില്‍ ഒ എസ് സി ഇ ( ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് കോര്‍പറേഷന്‍ ഇന്‍ യൂറോപ്) ന്റെ അംഗങ്ങളുടെ യോഗം നടക്കാനിരിക്കെയാണ് വെടിനിര്‍ത്തലിന് ഇരുപക്ഷവും തീരുമാനിച്ചത്. ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പൊറോഷന്‍കോയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇത് വിമത നേതാക്കളും അംഗീകരിച്ചു. മിന്‍സ്‌കില്‍ നടന്ന യോഗത്തിലാണ് ഉടമ്പടി. ഡിസംബര്‍ 10ന് മേഖലയില്‍ നിന്ന് ഉക്രൈന്‍ സൈന്യത്തെ പിന്‍വലിക്കുമെന്നാണ് കരുതുന്നത്. കുറഞ്ഞ പ്രദേശങ്ങളില്‍ വിമതര്‍ക്ക് സ്വയം ഭരണ അധികാരവും നല്‍കിയിട്ടുണ്ട്.