Connect with us

Articles

സ്വന്തം രാജ്യത്തെ പ്രവാസികള്‍

Published

|

Last Updated

25 ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ജോലി ചെയ്യുന്നതായാണ് ഔദ്യോഗിക കണക്ക്. 15,000 കോടി രൂപ വര്‍ഷം സ്വന്തം നാട്ടിലേക്ക് ഇവര്‍ കേരളത്തില്‍ നിന്ന് അയക്കുന്നുണ്ട്. ഇപ്പോള്‍ ബസുകളുടെ സ്ഥലപ്പേര് ഹിന്ദിയിലും ബംഗാളിയിലും കൂടി എഴുതുന്നത് വലിയ സാമൂഹിക അന്വേഷണങ്ങള്‍ അനിവാര്യമാക്കുന്ന വിഷയമാണ്.
പൊതുവെ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികള്‍ക്ക് അവരുടെ മാതൃഭാഷമാത്രമേ വശമുള്ളൂ. മലയാളം കൈകാര്യം ചെയ്യുന്നതിലുള്ള പ്രയാസം കാരണം അവരുടെ കഷ്ടപ്പാടുകള്‍ വേണ്ടവിധം നമ്മുടെ നാട്ടിലുള്ളവരുമായി പങ്കുവെക്കാന്‍ കഴിയുന്നില്ല. അന്യസംസ്ഥാന തൊഴിലാളികളില്‍ 75 ശതമാനവും നിര്‍മാണ മേഖലയിലാണ് പണിയെടുക്കുന്നത്. 18 മണിക്കൂര്‍ വരെ നീളുന്ന ജോലി, പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്ത വൃത്തിഹീനമായ താമസസ്ഥലം, തൊഴിലുടമകളില്‍ നിന്നുള്ള പീഡനം, ഇടത്തട്ടുകാരുടെ കടുത്ത ചൂഷണം എന്നിവയോട് പടവെട്ടിയാണ് അന്യ സംസ്ഥാന തൊഴിലാളികള്‍ ഇവിടെ ജീവിക്കുന്നത്.
കടുത്ത അരക്ഷിതാവസ്ഥയില്‍ ജീവിക്കുന്നതുകൊണ്ട് തന്നെ തങ്ങളുടെ അധ്വാനത്തിന്റെ നാലിലൊന്നു പോലും സംഭാവന ചെയ്യാതെ വലിയ സുഖ സൗകര്യങ്ങളില്‍ ജീവിക്കുന്ന മലയാളികളെ കാണുമ്പോള്‍ ഇവര്‍ക്ക് അസ്വസ്ഥത പടരുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പിടിച്ചുപറിയും മോഷണവും കൊലപാതകം പോലും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമാണ് എന്നത് വസ്തുതയാണ്. എന്തുകൊണ്ട് ഇവരിങ്ങനെയൊക്കെ ചെയ്തു പോകുന്നു എന്ന് പരിശോധിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറല്ല. ഇതരസംസ്ഥാന തൊഴിലാളികള്‍ നടത്തുന്ന കൊലപാതകത്തിന് ഇരയായിട്ടുള്ളത് മിക്കവാറും ഇത്തരം തൊഴിലാളികള്‍ തന്നെയാണ് എന്നതാണ് സത്യം.
അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ മദ്യപാനവും ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപകമാണ്. ഇതിന്റെ പരിണിതഫലമായിട്ട് തന്നെയാണ് മോഷണവും പിടിച്ചുപറിയും പെരുകുന്നത്. കേരളത്തില്‍ നിരോധിച്ച പാന്‍മസാലകള്‍ ഇവിടെ വീണ്ടും എത്തിക്കുന്നതില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക് പങ്കുണ്ട്.
രോഗങ്ങള്‍ പടരുന്നതിലും അന്യസംസ്ഥാന തൊഴിലാളികള്‍ അറിയാതെ ഭാഗവാക്കാകുന്നു. കേരളത്തില്‍ ഇതിനകം നിര്‍മാര്‍ജനം ചെയ്ത മലമ്പനി പോലുള്ള രോഗങ്ങള്‍ വീണ്ടും ഇവിടെ എത്തുന്നതില്‍ ഇവരുടെ വരവുപോക്കുകള്‍ക്ക് വലിയ പങ്കാണുള്ളത്. അതുപോലെ തന്നെ ഇവരിലുള്ള ലൈംഗിക അരാജകത്വ പ്രവണത എയ്ഡ്‌സ് പോലുള്ള രോഗങ്ങളുടെ വ്യാപനത്തിനും ഇട നല്‍കുന്നുണ്ട്. മാസങ്ങളോളം നാടും കുടുംബവുമായി വിട്ടുനില്‍ക്കേണ്ടിവരുന്നു ഇവര്‍ ലൈംഗികത്തൊഴിലാളികളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ഇത് കേരളത്തില്‍ മാരക രോഗവ്യാപനം വര്‍ധിപ്പിക്കുന്നു.
രണ്ട് മൂന്നോ പേര്‍ താമസിക്കേണ്ട സഥലങ്ങളില്‍ 10ഉം 15ഉം അന്യസംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. ഇത് കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. കൃത്യമായ കക്കൂസ് സംവിധാനമോ മാലിന്യ നിയന്ത്രണമാര്‍ഗങ്ങളോ ഇവരുടെ താമസസ്ഥലങ്ങളിലില്ല. ഇത് പരിശോധിക്കാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പോലും തയ്യാറാകുന്നില്ല എന്നതാണ് സങ്കടകരം.
മലയാളിയുടെ വൈറ്റ് കോളര്‍ സംസ്‌കാരം മുതലെടുത്ത് കേരളത്തില്‍ ദിവസവും നൂറുകണക്കിന് അന്യ സംസ്ഥാന തൊഴിലാളികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ എത്ര അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുണ്ടെന്നോ അതില്‍ സ്ത്രീ- പുരുഷ അനുപാതമോ ഇവരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചോ കൃത്യമായ ഒരു വിവരവും സംസ്ഥാന തൊഴില്‍ വകുപ്പിന്റെ പക്കലില്ല. കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന തീവണ്ടികളില്‍ അള്ളിപ്പിടിച്ച് ജീവിതത്തിന്റെ പച്ചപ്പ് തേടിയെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്വം സര്‍ക്കാറിനുണ്ട്. തദ്ദേശീയരുമായി ഇടപഴകുമ്പോള്‍ ഇവിടെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാനും സര്‍ക്കാറിന് കഴിയേണ്ടതുണ്ട്. ഈ ഇടപെടലിന്റെ അഭാവമല്ലേ മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം?
സാക്ഷരതയും ഗള്‍ഫ് മലയാളികളുടെ ഇടപെടലും മറ്റ് സാംസ്‌കാരിക സംഘടനകളുടെ പ്രവര്‍ത്തനവുമാണ് സാമൂഹിക പുരോഗതിയില്‍ കേരളത്തെ ഇന്ത്യയില്‍ത്തന്നെ ഒന്നാംസ്ഥാനത്തെത്തിച്ചത്. അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി ഒട്ടേറെ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും അതൊന്നും പ്രയോജനപ്രദമാകുന്നില്ല എന്നതാണ് സത്യം.
1979ല്‍ പാസാക്കിയ ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ്‌സ് വര്‍ക്ക്‌മെന്‍സ് ആക്ട് പ്രകാരം അന്യസംസ്ഥാന തൊഴിലാളികളെ ജോലിചെയ്യിക്കുമ്പോള്‍ സ്ഥാപനങ്ങളായാലും കോണ്‍ട്രാക്ടര്‍മാരായാലും സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാതെ പണി എടുപ്പിക്കുന്നത് നിയമപ്രകാരം തന്നെ നിരോധിക്കാവുന്നതാണ്. തൊഴിലാളികള്‍ക്ക് മാതൃഭാഷ, ഇംഗ്ലീഷ്, ഹിന്ദി എന്നീ “ഭാഷകളില്‍ രേഖപ്പെടുത്തിയ ഫോട്ടോ പതിച്ച പാസ്ബുക്ക് നല്‍കണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. തൊഴില്‍ ചെയ്യുന്ന സ്ഥലം, തൊഴില്‍ ഉടമയുടെ പേര്, ജോലിയുടെ കാലയളവ്, വേതനനിരക്ക് എന്നീ വിവരങ്ങള്‍ പാസ് ബുക്കില്‍ രേഖപ്പെടുത്തണം. അതത് പ്രദേശത്തെ തൊഴിലാളികള്‍ക്ക് കൊടുക്കുന്ന വേതനനിരക്ക് ഇവര്‍ക്കും ബാധകമാണ്. ഒരു സ്ഥലത്തുനിന്ന് മറ്റൊരു ജോലിസ്ഥലത്തേക്ക് മാറുന്ന കാലയളവ് ഡ്യൂട്ടിയായി കണക്കാക്കി യാത്രാ അലവന്‍സ് നല്‍കണമെന്നും— നിയമം വ്യവസ്ഥചെയ്യുന്നു.
1973ലെ എട്ടാം ലോക തൊഴിലാളി കോണ്‍ഗ്രസ് തീരുമാനിച്ചതുപോലെ തുല്യജോലിക്ക് തുല്യ വേതനം ലിംഗഭേദമില്ലാതെ നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ജോലി ചെയ്യിക്കുന്ന സ്ഥാപനങ്ങളും കരാറുകാരും ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് താമസസ്ഥലം, യൂണിഫോം, വൈദ്യസഹായം എന്നിവ സൗജന്യമായി ലഭ്യമാക്കണം. മാരകമായ അപകടം സംഭവിക്കുകയാണെങ്കില്‍ രണ്ട് സംസ്ഥാന സര്‍ക്കാറുകളെയും തൊഴിലാളിയുടെ അടുത്ത ബന്ധുക്കളെയും വിവരം അറിയിക്കുകയും വേണം.
1980ലെ ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ്‌സ് റൂള്‍ പ്രകാരം ലൈസന്‍സിംഗ് ഓഫീസര്‍ തൊഴിലാളികള്‍ക്ക് വൈദ്യസഹായം, യൂനിഫോം, ശുദ്ധജലം, മൂത്രപ്പുര, തുണി കഴുകുന്നതിനുളള സൗകര്യം, വിശ്രമ മുറികള്‍, കാന്റീന്‍, താമസ സൗകര്യം, യാത്രാ അലവന്‍സ് എന്നിവ നല്‍കണം.
25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുള്ളതുപോലെ ലോകമാകെയുളള രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലുമായി 25 ലക്ഷം മലയാളികള്‍ കഴിഞ്ഞുകൂടുന്നുണ്ടെന്ന് കേരളത്തിലെ”ഭരണാധികാരികള്‍ ആലോചിക്കണം. 2012ല്‍ മാത്രം മറ്റു രാജ്യങ്ങളിലെ മലയാളികള്‍ 60,000 കോടി രൂപയാണ് കേരളത്തിലേക്ക് അയച്ചത്. ഇത് തന്നെയാണ് സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ മുഖ്യ പങ്കും.
സംസ്ഥാന സര്‍ക്കാറും തദ്ദേശസ്ഥാപനങ്ങളും ട്രേഡ് യൂനിയന്‍ പ്രസ്ഥാനങ്ങളും മനസ്സുവെച്ചാല്‍ അന്യസംസ്ഥാന തൊഴിലാളികളുടെ സ്ഥിതിയില്‍ മാറ്റം വരുത്താന്‍ കഴിയും. ബംഗാളിയും തമിഴനും ഒഡീഷക്കാരനും മനുഷ്യരാണ് എന്ന ബോധം നമുക്കുണ്ടാവണം. അന്യസംസ്ഥാന തൊഴിലാളികളെ ക്രൂരമായി പീഡിപ്പിക്കുന്നത് കണ്ടാല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ബാധ്യതയെങ്കിലും നമുക്കുണ്ട്. ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ്, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റികള്‍ രൂപവത്കരിക്കുന്നത് പ്രയോജനംചെയ്യും.
അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള ചില നിര്‍ദേശങ്ങളിലേക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധ പതിയേണ്ടതുണ്ട്. തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ നിയമം നടപ്പിലാക്കുക, സ്ത്രീത്തൊഴിലാളികളെ എട്ടുമണിക്കൂറിലധികം ജോലിചെയ്യിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക, മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുക, വൃത്തിയുള്ള താമസസ്ഥലവും പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യവും ഉറപ്പുവരുത്തുക, തൊഴില്‍ ഉടമകളും മധ്യവര്‍ത്തികളും തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുക, രോഗം പിടിപെടുകയോ അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ മതിയായ വൈദ്യസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുക, ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികളുടെ രജിസ്‌ട്രേഷനും അവരുടെ താത്പര്യം സംരക്ഷിക്കാനും സമഗ്ര നിയമം കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍വരുത്തുക, അന്താരാഷ്ട്ര കുടിയേറ്റ തൊഴിലാളികള്‍ക്കു വേണ്ടി ഇന്ത്യയിലും വിദേശത്തും സാമൂഹിക ക്ഷേമ ഓഫീസുകള്‍ ആരംഭിക്കുക എന്നീ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം.
തൊഴില്‍ ഉടമയോട് വലിയ തുക കൂലിയായി വാങ്ങി ഇടത്തട്ടുകാര്‍ ചോരയൂറ്റുന്ന അവസ്ഥ വ്യാപകമാണ്. പകലന്തിയോളം പണിയെടുത്താല്‍ നാട്ടിലേക്കയക്കാന്‍ പ്രതീക്ഷകള്‍ മാത്രം ബാക്കിയാവുന്ന ദുരവസ്ഥയില്‍ നിന്ന് കരകയറാന്‍ എന്നാണ് ഈ തൊഴിലാളികള്‍ക്ക് കഴിയുക?
എല്ലാ”ഭാരതീയരും സഹോദരീസഹോദരന്‍മാരെന്ന് പറഞ്ഞ് ഊറ്റം കൊണ്ട് പുതു പുലരിയെ കുറിച്ച് സ്വപ്‌നം കണ്ട്, ബംഗാളിയും തമിഴനും വിയര്‍ത്തൊലിച്ച് പണിതു തന്ന ഫഌറ്റിലിരുന്ന് മണ്ണിന്റെ ഉണ്‍മയെക്കുറിച്ചും ശ്രേഷ്ഠ “ഭാഷാപദവിയക്കുറിച്ചുമെല്ലാം ചര്‍ച്ചചെയ്ത് നമുക്ക് അഭിമാന പുളകിതരാകാം.

---- facebook comment plugin here -----

Latest