Connect with us

Editorial

ഖേദപ്രകടനം കൊണ്ടായില്ല

Published

|

Last Updated

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ സഹമന്ത്രി സാധ്വി നിരഞ്ജന ജ്യോതി നടത്തിയ വര്‍ഗീയ പ്രസ്താവനയെച്ചൊല്ലി നാല് ദിവസമായി പാര്‍ലിമെന്റ് സ്തംഭനത്തിലാണ്. “മുസ്‌ലിംകളും ക്രിസ്ത്യാനികളും രാമന്റെ മക്കളാണ്. ഇക്കാര്യം വിശ്വാസമില്ലാത്തവര്‍ ഇന്ത്യക്കാരല്ല. അതിനാല്‍, ഡല്‍ഹി ഭരിക്കേണ്ടത് രാമന്റെ സന്തതികളോ ജാരസന്തതികളോ എന്ന് വോട്ടര്‍മാര്‍ തീരുമാനിക്കട്ടെ”യെന്നായിരുന്നു ഡല്‍ഹിയില്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രിയുടെ പ്രസ്താവന. പ്രശ്‌നം വിവാദമായപ്പോള്‍ തന്റെ പരാമര്‍ശത്തെ അവര്‍ ന്യായീകരിക്കുകയും ഏതെങ്കിലും സമുദായത്തെയല്ല ദേശവിരുദ്ധരെയാണ് ഉദ്ദേശിച്ചതെന്ന് വിശദീകരണം നല്‍കി ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയുമായിരുന്നു. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ഖേദം പ്രകടിപ്പിക്കുകയും പ്രധാനമന്ത്രി രാജ്യസഭയില്‍ മന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്‌തെങ്കിലും അവര്‍ അധികാരത്തില്‍ തുടരുന്നത് പാര്‍ലിമെന്റിന് കളങ്കമായതിനാല്‍ രാജി വെക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം.
ഹൈന്ദവേതര സമുദായക്കാരെയെല്ലാം ജാരസന്തതികളായി ചിത്രീകരിക്കുന്ന നിരഞ്ജന ജ്യോതിയുടെ പ്രസ്താവന അത്ര ലാഘവത്തോടെ കാണാവതല്ല. മതേതര, ജനാധിപത്യ ഇന്ത്യയുടെ ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന അവര്‍ വളരെ സൂക്ഷ്മതയോടെയായിരിക്കണം പൊതുവേദികളില്‍ സംസാരിക്കുന്നത്. മതന്യൂനപക്ഷങ്ങളെ വളരെ മോശമായി ചിത്രീകരിച്ച ശേഷം ഒരു ഖേദപ്രകടനം കൊണ്ട് എല്ലാവരും തൃപ്തിപ്പെടണമെന്ന് പറയുന്നത് ന്യായമല്ല. ഇനിയും ഇത്തരം മോശപ്പെട്ട പരാമര്‍ശങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ അവര്‍ക്കെതിരെ മാതൃകാ പരമായ നടപടി ആവശ്യമാണ്.
ബി ജെ പിയുടെ ഉന്നത നേതാക്കളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും അടുത്തിടെയായി സാമുദായിക വിദ്വേഷം സ്ഫുരിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ അടിക്കടി ഉണ്ടാകുന്നുണ്ട്. ലൗ ജിഹാദുമായി ബന്ധപ്പെട്ട് ബി ജെ പി എം പി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവനകള്‍ വന്‍ വിവാദമായതാണ്. “ഒരു ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റിയാല്‍ പകരം നൂറ് മുസ്‌ലിം പെണ്‍കുട്ടികളെ മതം മാറ്റു”മെന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. ന്യൂനപക്ഷങ്ങള്‍ക്ക് ആധിപത്യമുള്ള സ്ഥലങ്ങളിലാണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നതെന്ന് തുടങ്ങി സാമുദായിക സൗഹൃദം തകര്‍ക്കുന്ന വേറെയും നിരവധി പ്രസ്താവനകള്‍ യോഗി നടത്തിയിട്ടുണ്ട്. തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസഡറായി സാനിയ മിര്‍സ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബി ജെ പി തെലങ്കാന നിയമസഭാ കക്ഷി നേതാവ് കെ ലക്ഷ്മണിന് സഹിച്ചില്ല. മിര്‍സ അതിന് യോഗ്യയല്ലെന്നും പാക്കിസ്ഥാനി ക്രിക്കറ്റ് താരത്തെ വിവാഹംചെയ്ത അവര്‍ ശത്രുരാജ്യത്തിന്റെ മരുമകളാണെന്നുമായിരുന്നു ലക്ഷ്മണിന്റെ വിഷലിപ്തമായ പ്രതികരണം. മോദിയെ എതിര്‍ക്കുന്നവര്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകേണ്ടി വരുമെന്നായിരുന്നു മറ്റൊരു പി ജെ പി നേതാവ് ഗിരിരാജിന്റെ ഭീഷണി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ള ഒട്ടേറെ നേതാക്കളുടെ പ്രസ്താവനകളില്‍ നിറഞ്ഞു നിന്നിരുന്നതും വര്‍ഗീയ പരാമര്‍ശങ്ങളായിരുന്നു.
സാമുദായിക സ്പര്‍ധക്കിടയാക്കുന്ന പരാമര്‍ശങ്ങള്‍ നിരോധിക്കപ്പെട്ടതാണ്. എന്നാല്‍ നിയമം നടപ്പാക്കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ അടിക്കടി ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ നിയമം പിന്നെ ആര്‍ക്കു വേണ്ടിയാണ്? വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെയും ഉവൈസിയെയും പോലുള്ളവര്‍ തടവറകളില്‍ കൊടിയ പീഡനത്തിനിരയാകുമ്പോള്‍, നിരഞ്ജന ജ്യോതിയും യോഗി ലക്ഷ്മണും നിയമത്തിന്റെ സംരക്ഷണത്തില്‍ വിഹരിക്കുകയാണ്. പ്രതിഷേധം ശക്തമാകുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്‌തെന്നിരിക്കും. തുടര്‍ നടപടികളുണ്ടാകാറില്ലെന്നതാണ് അനുഭവം. പ്രതികള്‍ ന്യൂനപക്ഷ സമുദായ നേതാക്കളാണെങ്കില്‍ നിയമ നടപടികള്‍ ശക്തമായി തുടരുകയും ചെയ്യും. മതേതര സര്‍ക്കാറുകളില്‍ നിന്ന് പോലും ഇത്തരം വിവേചനം അനുഭവപ്പെടുന്നുവെന്നതാണ് ഖേദകരം. മഅ്ദനിക്കെതിരെ ആദ്യമായി ചുമത്തിയ കേസ് 1992ല്‍ കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു. 1998ല്‍ എറണാകുളത്ത് കലൂരിലെ വസതിയില്‍ നിന്ന് മഅ്ദനിയെ അറസ്റ്റ് ചെയ്യുന്നത് ഇതേച്ചൊല്ലിയാണ്. നിയമത്തിന്റെ ദണ്ഡുകള്‍ അന്നുതൊട്ട് ഇന്നോളം അദ്ദേഹത്തെ പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ “മാറാട് കലാപത്തിനുടനെ മുതലക്കുളത്ത് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തെഗാഡിയ” നടത്തിയ വിഷം ചീറ്റുന്ന പ്രസംഗത്തിനെതിരെ ചുമത്തപ്പെട്ട കേസിന്റെ കാര്യത്തില്‍ അധികൃതര്‍ കാണിച്ച ഉഴപ്പ് നാം കണ്ടതാണ്. ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ മുന്‍കൈയെടുത്ത് കേസ് പിന്‍വലിക്കുകയും ചെയ്തു. മതേതര കക്ഷി നേതാക്കള്‍ പോലും വര്‍ഗീയ ഫാസിസത്തെ ഭയക്കുന്നു! ഇത് അപകടകരമാണ്; രാജ്യത്തിന്റെ ജനാധിപത്യ മതേതര വ്യവസ്ഥകളുടെ അടിവേരിന് കത്തിവെക്കുന്ന പ്രവണതയാണ്. വര്‍ഗീയ പ്രസംഗം നടത്തി സാമുദായിക സ്പര്‍ധ സൃഷ്ടിക്കാന്‍ ഒരുമ്പെടുന്നവര്‍ക്കെതിരെ ആളും തരവും നോക്കാതെ നടപടിയെടുക്കാനുള്ള ആര്‍ജവം ഉത്തരവാദപ്പെട്ടവരില്‍ നിന്നുണ്ടാകുമ്പോള്‍ മാത്രമേ ഇത്തരം അനഭിലഷണീയ പ്രവണതകള്‍ക്ക് അറുതി വരികയുള്ളു.

Latest