സമൂഹത്തില്‍ ഭീതി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: ശൈഖ് സൈഫ്

Posted on: December 5, 2014 2:18 pm | Last updated: December 5, 2014 at 2:18 pm

അബുദാബി: എല്ലാ മനുഷ്യ മൂല്യങ്ങള്‍ക്കും എതിരെയുള്ള കുറ്റകൃത്യമാണ് അബുദാബി റീം ഐലന്റില്‍ നടന്ന കൊലപാതകം എന്ന് യു എ ഇ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു. നിരപരാധിയായ, യാതൊരു കുറ്റവും ചെയ്യാത്ത സ്ത്രീയാണ് കൊല്ലപ്പെട്ടത്. അവര്‍ അധ്യാപികയാണ്. ഒരു മാതാവുമാണ്. ഭാവി തലമുറയെ വാര്‍ത്തെടുക്കുന്ന ഒരു വ്യക്തിയാണ്. പ്രതിക്ക് ഇവരോട് മുന്‍വിരോധം ഉണ്ടായിരുന്നില്ല. എന്നിട്ടും അമേരിക്കക്കാരി എന്ന നിലയില്‍ കൊലപ്പെടുത്തി. സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും ഭീതി വിതക്കാനും സുരക്ഷാ ചട്ടങ്ങള്‍ കാറ്റില്‍ പറത്താനുമാണ് പ്രതി ശ്രമിച്ചത്. അതിനെ ഏറ്റവും ഉന്നതമായ തലത്തില്‍ കൈകാര്യം ചെയ്തു. ഇവര്‍ ബോംബ്‌വെച്ച ഫ്‌ളാറ്റില്‍ താമസിക്കുന്ന ഡോക്ടര്‍ അമേരിക്കന്‍ പൗരത്വമുള്ള ആളാണെങ്കിലും ഈജിപ്തുകാരനാണ്. ഇദ്ദേഹത്തോടും പ്രതിക്ക് മുന്‍വിരോധമുണ്ടാകേണ്ട കാര്യമില്ല. പ്രതിയെ കണ്ടെത്താന്‍ പോലീസ് ആശ്രാ ന്ത പരിശ്രമം നടത്തി. പ്രതി ആരാണെന്ന് തിരിച്ചറിയാനുള്ള തീവ്ര ശ്രമമാണ് നടത്തിയത്. രാത്രി വൈകുവോളം അന്വേഷണം തുടര്‍ന്നു. പ്രതിയിപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
യു എ ഇയുടെ സുരക്ഷയെ വെല്ലുവിളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കും- ശൈഖ് സൈഫ് പറഞ്ഞു.