Connect with us

Thrissur

നെല്ലിക്കുന്നിലെ അനധികൃത ശ്മശാനം; കോര്‍പറേഷനിലേക്ക് പ്രദേശവാസികളുടെ മാര്‍ച്ച് നാളെ

Published

|

Last Updated

തൃശൂര്‍: കാളത്തോട് ഡിവിഷന്‍ ഉള്‍പ്പെടുന്ന നെല്ലിക്കുന്നിലെ മാലിന്യ പ്രശ്‌നമുണ്ടാക്കുന്ന മക്‌പേല എന്ന അനധികൃത ശ്മശാനത്തിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കോര്‍പറേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് നസ്രത്തങ്ങാടി-ജീസസ് ലൈന്‍ പൗരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശ്മശാനം അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോര്‍പറേഷന്‍ ഔദ്യോഗികമായി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയതായും ഭാരവാഹികള്‍ പറഞ്ഞു. പെന്തക്കൊസ്തുസഭയുടെ നിയന്ത്രണത്തിലുള്ളതാണ് ശ്മശാനം. ശ്മശാന നവീകരണമെന്ന പേരില്‍ ജെ സി ബി ഉപയോഗിച്ചുള്ള ശുചീകരണത്തില്‍ നാളുകള്‍ക്ക് മുമ്പ് സംസ്‌കരിച്ച മൃതദേഹങ്ങള്‍ പോലും പുറത്തിട്ടിരിക്കുന്നുവെന്നും, ദുര്‍ഗന്ധവും രോഗഭീതിയും മൂലം ജനങ്ങള്‍ ഭീതിയിലാണ്. നേരത്തെ പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് കലക്ടര്‍ അന്വേഷണം പ്രഖ്യാപിക്കുകയും, റിപ്പോര്‍ട്ട് കിട്ടും വരെ സംസ്‌കാരം തടയുകയും ചെയ്തിരുന്നുവെങ്കിലും ഇപ്പോഴും തുടരുകയാണെന്ന് പൗരസമിതി കുറ്റപ്പെടുത്തി. ഒല്ലൂക്കര വില്ലേജിന്റെ പരിധിയിലുള്ള പുറമ്പോക്ക് ഭൂമിയിലാണ് ശ്മശാനം പ്രവര്‍ത്തിക്കുന്നതെന്നിരിക്കെ നടപടിയെടുക്കേണ്ടý കോര്‍പറേഷന്‍ കുറ്റകരമായ അനാസ്ഥ കാണിക്കുന്നതിനാലാണ് കടുത്ത പ്രതിഷേധത്തിലേക്ക് കടക്കുന്നത്. രാവിലെ 10ന് നടക്കുന്ന ധര്‍ണ കവി രാവുണ്ണി ഉദ്ഘാടനം ചെയ്യും. പൗരസമിതി രക്ഷാധികാരി സി പി റോയ്, ചെയര്‍മാന്‍ വര്‍ഗീസ് , ട്രഷറര്‍ പി പി ഫ്രാന്‍സീസ്, അംഗങ്ങളായ സി എസ് റോയ്, സിജില്‍ പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest